ഏറ്റുമാനൂരില്‍ വീണാ നായര്‍ക്ക് പകരം 25-കാരി ആതിര.ഡി.നായര്‍; എന്‍ഡിഎ സഖ്യത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥി; സംഗീതജ്ഞയും നര്‍ത്തകിയും സോഷ്യല്‍ മീഡിയ താരവും; മണിക്കൂറുകള്‍ക്കകം സ്ഥാനാര്‍ത്ഥിയെ മാറ്റി ട്വന്റി 20

ഏറ്റുമാനൂരില്‍ വീണാ നായര്‍ക്ക് പകരം 25-കാരി ആതിര.ഡി.നായര്‍

Update: 2026-03-19 13:09 GMT

കൊച്ചി : ഏറ്റുമാനൂര്‍ നിയമസഭ മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയായി കഴിഞ്ഞ ദിവസം നിശ്ചയിച്ച വീണാ നായര്‍ക്ക് പകരം ശാസ്ത്രീയ സംഗീതജ്ഞയും നര്‍ത്തകിയുമായ ആതിര ഡി. നായരെ ട്വന്റി20 പാര്‍ട്ടി പ്രഖ്യാപിച്ചു. കേവലം 25 വയസ് പ്രായമുള്ള ആതിര എന്‍.ഡി.എ സഖ്യത്തിന്റ കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ത്ഥിയാണെന്ന് ട്വന്റി20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് പറഞ്ഞു.

കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റര്‍ ഡിഗ്രിയുള്ള ആതിര സംരംഭകയും, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സറുമാണ്. സാങ്കേതിക കാരണങ്ങളാല്‍ ഏറ്റുമാനൂരില്‍ ആദ്യം പ്രഖ്യാപിച്ച വീണ നായരെ മാറ്റേണ്ടിവന്നപ്പോള്‍ മണിക്കൂറുകള്‍ക്കകം പുതിയ സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി പ്രഖ്യാപിച്ചു. ഏറ്റുമാനൂര്‍ സ്വദേശിനിയായ ആതിര രണ്ടരവര്‍ഷം മാന്നാനം കെ.ഇ.സ്‌കൂളില്‍ അദ്ധ്യാപികയുമാരുന്നു. ബീഹാറിലെ മൈഥലി ഠാക്കൂറിനെപ്പോലെ ബഹുമുഖ പ്രതിഭയാണ് ആതിരയെന്നും സാബു ജേക്കബ് പറഞ്ഞു.

നേരത്തെ നിശ്ചയിച്ച സ്ഥാനാര്‍ഥി വീണ നായര്‍ക്ക് വോട്ടില്ല എന്നതാണ് പ്രശ്‌നമായത്. നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള തീയതി അടുത്ത സാഹചര്യത്തിലാണ് വീണ നായര്‍ക്ക് പകരം പുതിയ സ്ഥാനാര്‍ഥിയെ കണ്ടെത്തിയത്. കഴിഞ്ഞ ദിവസമാണ് ട്വന്റി ട്വന്റിയുടെ തന്നെ മറ്റൊരു സ്ഥാനാര്‍ഥിയായ നടി ലക്ഷ്മിപ്രിയയ്ക്കും വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന് വ്യക്തമായത്.

തിരഞ്ഞെടുപ്പില്‍ സിനിമാ താരങ്ങളെ അടക്കം കളത്തിലിറക്കി പ്രചാരണം കൊഴുപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ട്വന്റി ട്വന്റി പ്രമുഖരെ സ്ഥാനാര്‍ഥികളായി പ്രഖ്യാപിച്ചത്. വീണ നായര്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിനുള്ള നടപടിക്രമങ്ങളിലേക്ക് കടക്കുമ്പോഴാണ് വോട്ടര്‍ പട്ടികയില്‍ തന്റെ പേരില്ല എന്ന് മനസിലാക്കിയത്. മുന്‍പ് താമസിച്ച ചങ്ങനാശേരിയില്‍ വോട്ട് ഉണ്ടാവുമെന്നാണ് കരുതിയിരുന്നത്. പണ്ട് എപ്പോഴോ തദ്ദേശ തെരഞ്ഞെടുപ്പില്‍ ചങ്ങനാശേരിയില്‍ വീണ നായര്‍ വോട്ട് ചെയ്തിട്ടുമുണ്ട്. എന്നാല്‍ ഇപ്പോള്‍ പരിശോധിച്ചപ്പോഴാണ് സ്വന്തം സ്ഥലത്തോ മുന്‍പ് താമസിച്ച സ്ഥലത്തോ ഇപ്പോള്‍ താമസിക്കുന്ന സ്ഥലത്തോ വോട്ടര്‍ പട്ടികയില്‍ പേരില്ല എന്ന കാര്യം നടി വീണ നായര്‍ തിരിച്ചറിഞ്ഞത്.

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള നടപടിക്രമങ്ങളുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറെ അടക്കം കണ്ട് സംസാരിച്ചിരുന്നു. വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കുന്നതിനുള്ള സമയക്രമം അവസാനിച്ചിട്ടില്ലെങ്കിലും നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള സമയപരിധി അവസാനിക്കാന്‍ ഇനി ഏതാനും ദിവസങ്ങള്‍ മാത്രമാണുള്ളത്. നാമനിര്‍ദേശ പത്രികയില്‍ എവിടെയാണ് വോട്ട് ഉള്ളതെന്നും വോട്ടര്‍പട്ടികയിലെ ക്രമനമ്പറും രേഖപ്പെടുത്തേണ്ടതുണ്ട്.

Tags:    

Similar News