കിഫ്ബിയില്‍ ഇഡി നോട്ടീസുമായി വന്നാല്‍ മുട്ടുവിറയ്ക്കുമെന്ന് കരുതിയോ? വികസനം നടത്തിയത് രുചിക്കാത്ത ഹീന മനസുകളുണ്ട്; ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനിറങ്ങുന്നത് എന്നും മുഖ്യമന്ത്രി
കിഫ്ബിയില്‍ ഇഡി നോട്ടീസുമായി വന്നാല്‍ മുട്ടുവിറയ്ക്കുമെന്ന് കരുതിയോ?
കണ്ണൂര്‍: കിഫ്ബി മസാല ബോണ്ട് ഇടപാടില്‍ നോട്ടീസുമായി വന്നാല്‍ മുട്ട് വിറയ്ക്കുമെന്നാണോ കരുതിയതെന്ന് ചോദിച്ച് മുഖ്യമന്ത്രി. പദ്ധതികള്‍ക്ക് വേണ്ടി പണം ചെലവഴിച്ചിട്ടുണ്ട്. ഭൂമി ഏറ്റെടുത്തിട്ടുണ്ട്. നോട്ടീസ് അയച്ചവര്‍ അതിന്റേതായ മനഃസംതൃപ്തിയില്‍ നില്‍ക്കുകയെന്നേയുള്ളൂവെന്നും മുഖ്യമന്ത്രി രൂക്ഷമായി പ്രതികരിച്ചു. കണ്ണൂരില്‍ എല്‍ഡിഎഫിന്റെ തെരഞ്ഞെടുപ്പ് പൊതുയോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കിഫ്ബി നടത്തിയത് ഭൂമിക്കച്ചവടമല്ല. പശ്ചാത്തല സൗകര്യവികസനം ആണ്. റിയല്‍ എസ്റ്റേറ്റ് ബിസിനസ് പോലെയല്ല കിഫ്ബി പ്രവര്‍ത്തിച്ചത്. ഏറ്റെടുക്കുന്ന ഭൂമി അതാത് ആവശ്യങ്ങള്‍ക്ക് മാത്രമെ ഉപയോഗിക്കുന്നുള്ളൂ. റിസര്‍വ് ബാങ്കിന്റെ മാനദണ്ഡം അണുകിട വ്യത്യാസം വരുത്തിയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു
കിഫ്ബിയിലൂടെ 1.5 ലക്ഷം കോടി രൂപയുടെ വികസനം നടത്തിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. അത് രുചിക്കാത്ത ഹീന മനസുകളുണ്ട്. വായ്പയെടുത്ത് ഭൂമിക്കച്ചവടം നടത്തി എന്ന് കാണിച്ചാണ് ഇപ്പോള്‍ നോട്ടിസ് വന്നിരിക്കുന്നത്. 5600 കോടി രൂപ ദേശീയപാത ഏറ്റെടുക്കുന്നതിന് കിഫ്ബി വഴി കൊടുത്തു. അത് ഏതെങ്കിലും ഭൂമിക്കച്ചവടത്തിനാണോ? കിഫ്ബി ഏറ്റെടുക്കുന്ന ഭൂമി ഏതാവശ്യത്തിനാണോ, അതിനേ പറ്റൂ. പശ്ചാത്തല വികസനത്തിലാണ് കിഫ്ബി ഭൂമി ഏറ്റെടുത്തത്.
ജനങ്ങളിലുണ്ടായിരുന്ന നിരാശ എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നതോടെ മാറി. ജനങ്ങളെ സര്‍ക്കാര്‍ വിശ്വാസത്തിലെടുത്തു. ഓരോ വര്‍ഷവും എന്തെല്ലാം ചെയ്തുവെന്ന് പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 600 ല്‍ 580 വാഗ്ദാനവും പൂര്‍ത്തിയാക്കി 2021ല്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ഒരു നാടിനും നേരിടേണ്ടി വന്നിട്ടില്ലാത്ത ദുരന്തം നേരിടേണ്ടി വന്നു. പ്രളയത്തിന് ശേഷം നാടെങ്ങനെ രക്ഷപ്പെടും എന്ന് ചിന്തിച്ചു. സഹായിക്കാന്‍ ബാധ്യതയുള്ള കേന്ദ്രം ഒരു സഹായവും ചെയ്തില്ല. സഹായിക്കുന്നവരെ മുടക്കി. കേരളം ഇനിയും തകരട്ടെ എന്ന മനോഭാവമായിരുന്നു. അതിനെയെല്ലാം അതിജീവിച്ചു. 2021 ല്‍ യുഡിഎഫ് അധികാരത്തില്‍ വന്നിരുന്നെങ്കില്‍ 1600 രൂപ പെന്‍ഷന്‍ ആര്‍ക്കും കിട്ടില്ലായിരുന്നു. 64,000 കുടുംബങ്ങളെ അതിദാരിദ്ര്യ മുക്തമാക്കുന്നതിന് സാധിച്ചു. ഇതെല്ലാം തുടര്‍ ഭരണം കൊണ്ടുണ്ടായതാണ്.
ആത്മവിശ്വാസത്തോടെയാണ് എല്‍ഡിഎഫ് തിരഞ്ഞെടുപ്പിനിറങ്ങുന്നത്. എല്‍ഡിഎഫ് കരുത്തോടെ മുന്നോട്ട് പോകണമെന്നാണ് ജനം ആഗ്രഹിക്കുന്നത്. 10 വര്‍ഷമായി ഭരണം നല്ല രീതിയില്‍ മുന്നോട്ട് പോകുന്നു എന്നത് നാട് അംഗീകരിക്കുന്ന കാര്യമാണ്. സംസ്ഥാനം അതിദാരിദ്ര്യ മുക്തമായി. ഓരോ കുടുംബത്തിന്റെയും ക്ലേശം പരിഹരിക്കുന്നതിന് തദ്ദേശ സ്ഥാപനങ്ങള്‍ മികച്ച പങ്ക് വഹിച്ചു. നിര്‍ഭാഗ്യകരമായ അവസ്ഥ നേരിടേണ്ടി വന്നവരാണ് കണ്ണൂര്‍ കോര്‍പറേഷനിലുള്ളവര്‍. എന്നാല്‍ കണ്ണൂരിലെ അവസ്ഥയല്ല മറ്റു സ്ഥലങ്ങളിലെന്നും മുഖ്യമന്ത്രി പറഞ്ഞു.
