രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാം പരാതി രാഷ്ട്രീയ പ്രേരിതമല്ല; സണ്ണി ജോസഫിന്റെ ആരോപണം തള്ളി വി ഡി സതീശന്‍; വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണെന്നും അതില്‍ ഒരു തെറ്റില്ലെന്നും പ്രതികരണം; മുഖ്യമന്ത്രിയുടേത് ഇരട്ട നീതി; സിപിഎം മുന്‍ എംഎല്‍എക്കെതിരായ പീഡന പരാതി 13 ദിവസം പൂഴ്ത്തിവെച്ചുവെന്നും പ്രതിപക്ഷ നേതാവ്
കൊച്ചി: രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ രണ്ടാമത്തെ പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്ന കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫിന്റെ പരാമര്‍ശം തള്ളി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുലിനെതിരായ രണ്ടാമത്തെ പരാതി വെല്‍ ഡ്രാഫ്റ്റഡ് പരാതി തന്നെയാണെന്നും അത് അങ്ങനെ തന്നെയാണ് നല്‍കേണ്ടതെന്നും അതില്‍ ഒരു തെറ്റില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. പരാതി രാഷ്ട്രീയ പ്രേരിതമാണെന്ന് കരുതുന്നില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. സിപിഎം മുന്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡന കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇരട്ട നീതിയാണ് സ്വീകരിച്ചതെന്നും 13 ദിവസം പരാതി പൂഴ്ത്തിവെച്ചതിന്റെ കാരണം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു.
രാഹുലിനെതിരായ പരാതിക്ക് പിന്നില്‍ ഒരു ലീഗല്‍ ബ്രെയിനുണ്ടെന്നും വെല്‍ ഡ്രാഫ്റ്റാണെന്നും അത് ആസൂത്രിതമാണെന്നുമായിരുന്നു സണ്ണി ജോസഫിന്റെ പ്രസ്താവന. പരാതി രാഷ്ട്രീയപ്രേരിതമാണെന്ന് വിലയിരുത്തേണ്ടിവരുമെന്നും സണ്ണി ജോസഫ് വ്യക്തമാക്കിയിരുന്നു. സണ്ണി ജോസഫിന്റെ ഈ നിലപാട് തള്ളിയാണ് പരാതി അങ്ങനെ തന്നെയാണ് നല്‍കേണ്ടതെന്ന് വ്യക്തമാക്കി വിഡി സതീശന്‍ രംഗത്തെത്തിയത്. രാഹുലിനെതിരായ രണ്ടാം പരാതിയില്‍ കോണ്‍ഗ്രസ് നേതൃത്വത്തിലെ രണ്ടു നേതാക്കളുടെ ഭിന്നാഭിപ്രായമാണിപ്പോള്‍ മറനീക്കി പുറത്തുവന്നത്. അതേസമയം, നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണ് സണ്ണി ജോസഫ്. പരാതിക്ക് പിന്നില്‍ ലീഗല്‍ ബ്രെയ്‌നുണ്ടെന്നും ആസൂത്രിതമാണെന്നും സണ്ണി ജോസഫ് രാവിലെ ആവര്‍ത്തിച്ചു. പുറത്താക്കിയിട്ടും രാഹുലിനെ കൈവിടാന്‍ കെപിസിസി നേതൃത്വത്തിന് മടിയാണെന്നതിന്റെ തെളിവായി അധ്യക്ഷന്റെ പരാമര്‍ശം. അതേസമയം, കോണ്‍ഗ്രസുകാരെ സ്ത്രീലമ്പടന്മാരെന്ന് പറഞ്ഞ് രൂക്ഷവിമര്‍ശനം നടത്തിയ മുഖ്യമന്ത്രിക്കെതിരെയും വിഡി സതീശന്‍ തുറന്നടിച്ചു.
മുഖ്യമന്ത്രിയുടെ മറുപടികള്‍ക്ക് നിലവാര തകര്‍ച്ചയാണെന്നും പഴയ കമ്യൂണിസ്റ്റില്‍ നിന്ന് ബൂര്‍ഷയിലേക്കുള്ള മുഖ്യമന്ത്രിയുടെ മാറ്റമാണ് കാണുന്നതെന്നും സമരം ചെയ്യുന്നവരോട് മുഖ്യമന്ത്രിക്ക് പുച്ഛമാണെന്നും വിഡി സതീശന്‍ പറഞ്ഞു. പിണറായി പാര്‍ട്ടി സെക്രട്ടറിയായിരിക്കുമ്പോള്‍ നടത്തിയ സമരം സെക്രട്ടറിയേറ്റ് പരിസരം ദുര്‍ഗന്ധപൂരിതമാക്കിയ സമരം മാത്രമായിരുന്നു. മുഖ്യമന്ത്രി കാലഹരണപ്പെട്ട ഭരണാധികാരിയാണ്. ഇത് തെളിയിക്കുന്നതാണ് അദ്ദേഹത്തിന്റെ മറുപടികള്‍. സംവിധായകന്‍ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ പരാതി എന്തിന് 13 ദിവസം പൂഴ്ത്തിവച്ചുവെന്നും വിഡി സതീശന്‍ ചോദിച്ചു. എന്ത് ഇരട്ട നീതിയാണിത്? മുഖ്യമന്ത്രിയുടെ മന്ത്രിസഭയില്‍ ലൈംഗിക അപവാദ കേസുകളില്‍ ഉള്‍പ്പെട്ടവര്‍ എത്രപേര്‍ ഉണ്ടെന്ന് എണ്ണി നോക്കണം. അദ്ദേഹത്തിന്റെ ഓഫിസിലും ഇടത് എംഎല്‍എമാര്‍ക്കിടയിലും എത്ര പേരുണ്ട്? എന്തിനാണ് കുഞ്ഞുമുഹമ്മദിനെതിരായ പരാതി കൈമാറാന്‍ വൈകി. എന്തുകൊണ്ട് പൊലീസ് കേസെടുക്കാന്‍ വൈകി? പിടി കുഞ്ഞുമുഹുമ്മദിനെ രക്ഷപ്പെടുത്താന്‍ ശ്രമം നടന്നു.സ്വന്തക്കാരുടെ കേസ് വരുമ്പോള്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പാണ്. ഈ അന്യായം കേരളം അറിയണം.
സിപിഎം സഹയാത്രികനായ മുന്‍ എംഎല്‍എ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ഒരു യുവതി നല്‍കിയ പരാതി മുഖ്യമന്ത്രിയുടെ കയ്യില്‍ കിട്ടിയത് നവംബര്‍ 27നാണ്. അത് പോലീസിന് കൈമാറിയത് ഡിസംബര്‍ 2-നും കേസ് എടുത്തത് ഡിസംബര്‍ 8-നുമാണ്. അതായത്, മൊത്തം 13 ദിവസമാണ് ഈ പരാതിയുടെ കാര്യത്തില്‍ താമസം ഉണ്ടായത്. ഇതില്‍ മുഖ്യമന്ത്രിക്ക് ഇരട്ടത്താപ്പ് നയമാണുള്ളത്, സതീശന്‍ വിമര്‍ശിച്ചു.
42 വര്‍ഷം ജമാഅത്തെ ഇസ്ലാമി പിന്തുണയോട് കൂടി മത്സരിച്ചവരാണ് സിപിഎം. വെല്‍ഫയര്‍ പാര്‍ട്ടി ഞങ്ങളെ പിന്തുണച്ചിട്ടുണ്ട്. ഞങ്ങളത് സ്വീകരിച്ചിട്ടുണ്ട്. അതിലെന്താണ് തെറ്റ്? എത്രയോ തവണ ജമാ അത്തെ ഇസ്ലാമി ആസ്ഥാനത്ത് പോയി ചര്‍ച്ച നടത്തിയ ആളാണ് പിണറായി. എംവി ഗോവിന്ദന്‍ എല്ലാ തെരഞ്ഞെടുപ്പും ജയിച്ചത് ജമാ അത്തെ ഇസ്ലാമി പിന്തുണയോടെയാണ്. സി പി എം ഇങ്ങനെ പരിഹാസ്യരാകരുത്. അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവന്‍ ഇന്നും പാര്‍ട്ടിക്കാരനാണ്. വേറെ പാര്‍ട്ടിക്കാരുടെ പേരു പറയുമെന്ന് ഭയന്നാണ് പാര്‍ട്ടി നടപടി എടുക്കാത്തത്. ഗവര്‍ണര്‍ -സര്‍ക്കാര്‍ പോരിനെ തുടര്‍ന്ന് ഉന്നത വിദ്യാഭ്യാസ മേഖല തകര്‍ന്ന് തരിപ്പണമായി. ഇവര്‍ തമ്മിലുള്ള ഈഗോ ക്ലാഷാണ് നടക്കുന്നത്. അക്കമിട്ട മറുപടി നല്‍കിയിട്ടും മറുപടി നല്‍കിയില്ല എന്നു പറയുന്ന മുഖ്യമന്ത്രിയോട് എന്തു പറയാനാണെന്നും വിഡി സതീശന്‍ ചോദിച്ചു.
ഗെയില്‍ സമരവുമായി ബന്ധപ്പെട്ട് വി.എം. സുധീരനെതിരായും പി.കെ. കുഞ്ഞാലിക്കുട്ടിക്കെതിരായും മുഖ്യമന്ത്രി പ്രസ്താവനകള്‍ നടത്തിയിരുന്നു. 2017-ല്‍ നടന്ന സമരത്തെ പോലീസ് ക്രൂരമായി അടിച്ചമര്‍ത്തിയെങ്കിലും, അന്നത്തെ വ്യവസായ മന്ത്രി എ.സി. മൊയ്തീന്‍ ചര്‍ച്ച നടത്തുകയും പോലീസിനെ താക്കീത് ചെയ്യുകയും ചെയ്തു. തുടര്‍ന്ന് മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ സമരക്കാരുടെ ഡിമാന്‍ഡുകള്‍ മുഴുവന്‍ അംഗീകരിച്ചു. പുതുക്കിയ ന്യായവിലയുടെ പത്തിരട്ടിയാക്കി കോമ്പന്‍സേഷന്‍ നല്‍കി. 116 കോടി രൂപ അധിക വര്‍ദ്ധനവ് നല്‍കുകയും 2012 മുതല്‍ മുന്‍കാല പ്രാബല്യം നല്‍കുകയും ചെയ്തു. വീടിനടുത്ത് 20 മീറ്റര്‍ എന്നുള്ളത് 2 മീറ്റര്‍ ആക്കി മാറ്റി. എന്നിട്ടും ആ സമരത്തെ പുച്ഛിക്കുകയാണ് മുഖ്യമന്ത്രി. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് ഗെയിലിന്റെ പൈപ്പ് ഇടാന്‍ നേരത്ത് ഇത് ഭൂമിക്കടിയില്‍ കുഴിച്ചിട്ട ബോംബാണ് എന്ന് പറഞ്ഞ ആളാണ് ഈ പിണറായി വിജയന്‍ മന്ത്രിസഭയിലെ മന്ത്രി എന്നും സതീശന്‍ ഓര്‍മ്മിപ്പിച്ചു.
നടി ആക്രമിക്കപ്പെട്ട കേസില്‍ പ്രോസിക്യൂഷന്‍ അപ്പീല്‍ പോകേണ്ട കേസാണെന്നും, യുഡിഎഫിന്റെയും കോണ്‍ഗ്രസിന്റെയും നിലപാട് അത് തന്നെയാണ് എന്നും സതീശന്‍ വ്യക്തമാക്കി. ശബരിമല സ്വര്‍ണ്ണക്കൊള്ള കേസില്‍ കോടതി റിമാന്‍ഡ് ചെയ്ത പ്രതി വീണ്ടും രണ്ടാമത്തെ കവര്‍ച്ച കേസില്‍ കൂടി പ്രതിയായിട്ടും, പാര്‍ട്ടി നടപടി എടുത്തില്ലെങ്കില്‍ 'അയ്യപ്പന്റെ സ്വര്‍ണം കവര്‍ന്നവന്‍ ഇപ്പോഴും പാര്‍ട്ടിക്കാരനാണ്' എന്ന് ജനങ്ങള്‍ പറയുമെന്നും സതീശന്‍ വിമര്‍ശിച്ചു. പ്രതി മറ്റു സിപിഎം നേതാക്കളുടെ പേര് പറയും എന്നുള്ള ഭയം കൊണ്ടാണ് ഒരു നേതാവും നടപടി എടുക്കാത്തതെന്നും അദ്ദേഹം ആരോപിച്ചു.
ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണ സ്വീകരിക്കുന്നതില്‍ സിപിഎം ഇരട്ടത്താപ്പ് കാണിക്കുകയാണെന്നും വി.ഡി. സതീശന്‍ ആരോപിച്ചു. 42 കൊല്ലം ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടുകൂടി തിരഞ്ഞെടുപ്പിനെ നേരിട്ട കക്ഷിയാണ് ഇടതുപക്ഷവും സിപിഎമ്മും. എം.വി. ഗോവിന്ദന്‍ ഉള്‍പ്പെടെ എല്ലാ പ്രാവശ്യവും നിയമസഭയിലേക്ക് വന്നത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയോടുകൂടിയാണ്.
വെല്‍ഫെയര്‍ പാര്‍ട്ടിയുടെ പിന്തുണ യുഡിഎഫ് സ്വീകരിച്ചിട്ടുണ്ട്. 42 വര്‍ഷം സിപിഎമ്മിന് ആ പിന്തുണ സ്വീകരിക്കാം, കോണ്‍ഗ്രസിന് പാടില്ല. 2016ല്‍ ദേശാഭിമാനി മുഖപ്രസംഗം എഴുതിയത് ജമാഅത്തെ ഇസ്ലാമിയുടെ പിന്തുണയില്‍ അഭിമാനിക്കുന്നു എന്നാണ്. 'ഞങ്ങള്‍ക്ക് ഒരു അകല്‍ച്ചയുമില്ല, ജമാഅത്തെ ഇസ്ലാമി ഞങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ചത് ഞങ്ങള്‍ അതിനെ സ്വാഗതം ചെയ്യുന്നു' എന്ന് പിണറായി വിജയന്‍ തന്നെ പറഞ്ഞിട്ടുണ്ട്. എന്നിട്ട്, ഇപ്പോള്‍ വന്നിട്ട് ഇങ്ങനെ പരിഹാസ്യരാകരുത് എന്നും സതീശന്‍ മുന്നറിയിപ്പ് നല്‍കി.
രാഹുല്‍ മാങ്കൂത്തിലിനെതിരായ രണ്ടാമത്തെ പരാതി നന്നായി തയ്യാറാക്കിയ പരാതി(well drafted document)യാണെന്നാണ് കെപിസിസി അധ്യക്ഷന്‍ പറഞ്ഞത്. അതില്‍ തെറ്റൊന്നുമില്ല. അങ്ങനെ തന്നെയാണ് പരാതി നല്‍കേണ്ടത്. പരാതികളെ മുന്‍വിധിയോടെ കാണരുതെന്നും അദ്ദേഹം പറഞ്ഞു.
മുമ്പ് പ്രിന്റ് മീഡിയ മാത്രമുണ്ടായിരുന്ന കാലത്ത് നിലപാടുകള്‍ മാറ്റാന്‍ എളുപ്പമായിരുന്നു. മൂന്ന് ദിവസങ്ങള്‍ക്ക് ശേഷം വന്നിട്ട് താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെന്ന് എളുപ്പത്തില്‍ അവകാശപ്പെടാമായിരുന്നു. കാലം മാറി. പൊതുപ്രവര്‍ത്തകര്‍ കാലഹരണപ്പെട്ടുപോകരുത്. അബദ്ധം പറയാതിരിക്കാന്‍ ശ്രമിക്കണം. തന്റെ ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി നിലവാരം കുറഞ്ഞ മറുപടി എഴുതുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ഓഫിസിലുള്ള ആരെങ്കിലും എഴുതിയ മറുപടി ആയിരിക്കുമെന്നാണ് വിശ്വസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
