'ഒഞ്ചിയത്ത് ഞങ്ങള്‍ നേരിട്ടതിന് സമാനമായ സാഹചര്യം; കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ'; രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മില്‍ കാലങ്ങളായി തുടരുന്നുവെന്ന് കെ കെ രമ
തിരുവനന്തപുരം: രക്തസാക്ഷി ഫണ്ട് തട്ടിപ്പ് സിപിഎമ്മില്‍ പുതിയ സംഭവമല്ലെന്നും കാലങ്ങളായി തുടരുന്ന ഒന്നാണെന്നും കെ കെ രമ എം എല്‍ എ. 2005-06 കാലഘട്ടത്തില്‍ രക്തസാക്ഷി കുടുംബങ്ങളെ സഹായിക്കാനെന്ന പേരില്‍ 25 കോടി രൂപയിലധികം പാര്‍ട്ടി പിരിച്ചിരുന്നു. 'വരാനിരിക്കുന്ന രക്തസാക്ഷികള്‍ക്ക് കൂടി' വേണ്ടിയുള്ള ഫണ്ട് എന്ന നിലയിലാണ് അന്ന് ഇത് പിരിച്ചതെങ്കിലും പിന്നീട് ഇതിന്റെ കണക്കുകള്‍ എവിടെയും ലഭ്യമായിട്ടില്ലെന്നും രമ കൂട്ടിച്ചേര്‍ത്തു.
തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.50 വര്‍ഷത്തോളം പാര്‍ട്ടിക്കായി പ്രവര്‍ത്തിച്ച വി. കുഞ്ഞികൃഷ്ണന്‍ പാര്‍ട്ടിക്കുള്ളിലെ പോരാട്ടം പരാജയപ്പെട്ടപ്പോഴാണ് ജനങ്ങളോട് സത്യം വെളിപ്പെടുത്തിയത്. പൊതുജനങ്ങളില്‍ നിന്ന് പിരിച്ച പണമായതിനാല്‍ അതിന്റെ കണക്ക് അറിയാന്‍ സമൂഹത്തിന് അവകാശമുണ്ട്.
കുഞ്ഞികൃഷ്ണനെ അനുകൂലിക്കുന്നവരുടെ വീടുകള്‍ ആക്രമിക്കുന്നതും വാഹനങ്ങള്‍ കത്തിക്കുന്നതും പയ്യന്നൂര്‍ പോലുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ പാര്‍ട്ടിയുടെ അറിവോടെയേ നടക്കൂ. ഒഞ്ചിയത്ത് തങ്ങള്‍ നേരിട്ടതിന് സമാനമായ സാഹചര്യമാണിതെന്നും രമ ചൂണ്ടിക്കാട്ടി. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിച്ച പശ്ചാത്തലത്തില്‍, 'കുഞ്ഞികൃഷ്ണന് നേരെ ഇന്നോവ വരാതിരിക്കട്ടെ' എന്നും കെകെ രമ പറഞ്ഞു.