'ശബരിമലയിലെ സ്വര്‍ണം കട്ടവരെ ജയിലില്‍ അടക്കണം; ദൈവത്തിന്റെ സ്വത്ത് കക്കുന്നവന്‍ ഒരുകാലത്തും രക്ഷപെടില്ലെന്ന് വിശ്വസിക്കുന്നു'; ശബരിമല സ്വര്‍ണക്കൊള്ളയില്‍ എ.എന്‍. ഷംസീര്‍; 'മിത്തെ നിന്നെ ആരും മറന്നിട്ടില്ല' എന്ന് സോഷ്യല്‍ മീഡിയ
കണ്ണൂര്‍: സ്വര്‍ണം കട്ടവര്‍ ഒരു കാരണവശാലും ഒരു കാലത്തും രക്ഷപ്പെട്ടരുതെന്ന് വിശ്വസിക്കുന്ന ആളാണ് താനെന്ന് സ്പീക്കര്‍ എ.എന്‍. ഷംസീര്‍. ശബരിമലയില്‍ സ്വര്‍ണം കട്ടവര്‍ ശിക്ഷിക്കപ്പെടുമെന്നാണ് തന്റെ വിശ്വാസം. പ്രതികളെ പിടികൂടിയത് പൊലീസിന്റെ അന്വേഷണം മികവാണൈന്നും ഷംസീര്‍ പറഞ്ഞു. കുറ്റപത്രം കുറ്റമറ്റ രീതിയില്‍ കൊടുക്കലാണ് നിയമത്തിന്റെ പണിയെന്നും നിയമത്തിന് അതിന്റേതായ രീതികളുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. കേരള പൊലീസ് അസോസിയേഷന്‍ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഓരോ ദിവസവും ശബരിമല സ്വര്‍ണക്കൊള്ളയുടെ വാര്‍ത്ത വരികയാണ്. ഈ വാര്‍ത്ത ബ്രേക്ക് ചെയ്യുന്ന ചാനലാണോ ഇതൊക്കെ കണ്ടുപിടിച്ചത്. ഇതെല്ലാം കണ്ടുപിടിച്ചത് കേരളത്തിലെ പൊലീസാണ്. കുറ്റപത്രം കുറ്റമറ്റ രീതിയില്‍ കൊടുക്കലാണ് നിയമത്തിന്റെ പണി. നിയമത്തിന് നിയമത്തിന്റെ രീതികളുണ്ട്. ശബരിമല ആസ്ഥാനത്ത് നിന്ന് സ്വര്‍ണ കളവ് പോയിട്ടുണ്ടെങ്കില്‍ ആ സ്വര്‍ണം കട്ടവന്‍ രക്ഷപെടാന്‍ പാടില്ലെന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍. കാരണം ദൈവത്തിന്റേതാണ് സ്വത്ത്. ദൈവത്തിന്റെ സ്വത്ത് കക്കുന്നവന്‍ ഒരു കാരണവശാലും ഒരുകാലത്തും രക്ഷപെടില്ലെന്ന് വിശ്വസിക്കുന്ന ആളാണ് ഞാന്‍' -എ.എന്‍. ഷംസീര്‍ പറഞ്ഞു.
ശബരിമലയിലെ സ്വര്‍ണം കട്ടവരെ ജയിലില്‍ അടക്കണം. അതിന് നേതൃത്വം കൊടുക്കാന്‍ കേരളത്തിലെ പൊലീസിനും കേരളാസര്‍ക്കാറിനും കഴിയുമെന്ന ബോധ്യം തനിക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. നിയമസഭയിലെ സ്പീക്കര്‍ ആയതുകൊണ്ടുതന്നെ താന്‍ ഭരണപക്ഷത്തിന്റെയും പ്രതിപക്ഷത്തിന്റെയും വാദങ്ങള്‍ കേള്‍ക്കുന്നുണ്ട്. അതുകൊണ്ടുതന്നെ എല്ലാ ആളുകളും ശിക്ഷിക്കപ്പെടുമെന്ന് ഉറപ്പുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ചാനലുകാര്‍ പറയുന്നതുപോലെ പിടിച്ചാല്‍ അപ്പോള്‍ തന്നെ വെടിവെക്കാന്‍ പറ്റില്ല. ശബരിമലയിലെ സ്വര്‍ണം കട്ടവര്‍ ശിക്ഷിക്കപ്പെടുമെന്ന വിശ്വാസം തനിക്കുണ്ടെന്നും ആ വിശ്വാസമാണ് തന്നെ മുന്നിലേക്ക് നയിക്കുന്നതെന്നും ഷംസീര്‍ കൂട്ടിച്ചേര്‍ത്തു.
പ്രസംഗം വാര്‍ത്തയായതിന് പിന്നാലെ ഷംസീറിനെ ട്രോളുകയാണ് സോഷ്യല്‍ മീഡിയ. പഴയ ഗണപതി മിത്താണ് എന്ന ഷംസീറിന്റെ പ്രസ്താവനയാണ് സോഷ്യല്‍ മീഡിയ കുത്തപ്പൊക്കിയിരിക്കുന്നത്. 'മിത്തെ നിന്നെ ആരും മറന്നിട്ടില്ല', 'ഏത് ദൈവം ഷംസീറിന് എല്ലാം മിത്തല്ലേ', 'ഏതു ദൈവത്തെയാണ് തലശ്ശേരി ഷംസീര്‍ സഖാഫി ഉദ്ദേശിച്ചത് മിത്ത് ദൈവത്തെയാണോ മുത്ത് ദൈവത്തെയാണോ?' എന്നിങ്ങനെ പോകുന്നു കമന്റുകള്‍.
