'മത്സരിച്ച് തോല്‍ക്കുന്നവരെ മറ്റു പദവികളിലേക്ക് പരിഗണിക്കില്ല; സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നവര്‍ക്ക് സീറ്റുണ്ടാകില്ല; ബോര്‍ഡ് - കോര്‍പ്പറേഷന്‍ സ്ഥാനങ്ങള്‍ മത്സരിക്കാതെ മാറി നില്‍ക്കുന്നവര്‍ക്ക്'; സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് മുന്നറിയിപ്പുമായി കെ സി വേണുഗോപാല്‍

Update: 2026-02-16 14:23 GMT

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് മുന്നറിയിപ്പുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍. മത്സരിച്ച് തോല്‍ക്കുന്നവരെ മറ്റു പദവികളിലേക്ക് പരിഗണിക്കില്ലെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞു. അര്‍ഹതയുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാത്തവരെ മറ്റ് പദവികളിലേക്ക് പരിഗണിക്കും. ആരു സ്ഥാനാര്‍ഥി ആയാലും പാര്‍ട്ടി ജയിപ്പിക്കാന്‍ ഇറങ്ങണം. സ്വയം സ്ഥാനാര്‍ഥിത്വം പ്രഖ്യാപിക്കുന്നവര്‍ക്ക് സീറ്റുണ്ടാകില്ലെന്നും പാര്‍ട്ടി നടപടിയുണ്ടാകുമെന്നും പ്രചാരണ സമിതി യോഗത്തില്‍ കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കി.

സര്‍ക്കാരുണ്ടാക്കുമ്പോള്‍ നിരവധി ബോര്‍ഡ് കോര്‍പ്പറേഷനുകളുണ്ടല്ലോ അവയുടെ തലപ്പത്തേക്ക് വരാമെന്ന് മത്സരിച്ച് പരാജയപ്പെടുന്നവര്‍ കരുതരുത്. തിരഞ്ഞെടുപ്പില്‍ മത്സരിക്കാതെ മാറി നില്‍ക്കുന്നവര്‍ക്കായിരിക്കും ബോര്‍ഡ് - കോര്‍പ്പറേഷന്‍ തലപ്പത്തേക്ക് പ്രഥമ പരിഗണനയെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. സച്ചിന്‍ പൈലറ്റ് അടക്കമുള്ള നിരീക്ഷകര്‍ പങ്കെടുത്ത യോഗത്തിലാണ് സ്ഥാനാര്‍ത്ഥി മോഹികള്‍ക്ക് കെ സി വേണുഗോപാല്‍ മുന്നറിയിപ്പ് നല്‍കിയത്. സീറ്റിന് വലിയ അവകാശവാദങ്ങള്‍ വേണ്ട. അര്‍ഹതയുണ്ടായിട്ടും കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാത്തവരെ പരിഗണിക്കുമെന്നും കെ സി വേണുഗോപാല്‍ യോഗത്തില്‍ വ്യക്തമാക്കി.

യുഡിഎഫിന്റെ സീറ്റ് വിഭജന ചര്‍ച്ച വേഗം പൂര്‍ത്തിയാക്കി കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലേക്ക് കടക്കാനാണ് ഇന്നത്തെ യോഗത്തില്‍ തീരുമാനമായത്. ഭവന സന്ദര്‍ശനം അടക്കമുള്ള കാര്യങ്ങളിലേക്ക് നീങ്ങാനും തീരുമാനിച്ചു. കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം പൂര്‍ത്തിയാക്കി ഫെബ്രുവരി അവസാന വാരത്തോടെ ആദ്യ ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനാണ് ഹൈക്കമാന്‍ഡ് നീക്കം. അതേസമയം കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികക്കൊപ്പം കെപിസിസി അധ്യക്ഷ സ്ഥാനത്ത് ചുമതല ആര്‍ക്കെന്നതിലും തീരുമാനം വന്നേക്കും. സണ്ണി ജോസഫ് മത്സരിക്കാന്‍ ധാരണയായതോടെ ബെന്നി ബെഹ്നാനടക്കം നേതാക്കളുടെ പേരുകളാണ് പരിഗണനയിലുള്ളത്.

പ്രചാരണ സമിതിയും, പ്രകടനപത്രിക സമിതിയും പ്രഖ്യാപിച്ച് വളരെ വേഗം തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കുന്നതിലും ചടുലമായ നീക്കമാണ് നടത്തുന്നത്. 25ന് മുന്‍പ് തെരഞ്ഞെടുപ്പ് സമിതി യോഗം ചേരാനാണ് ആലോചന. പാലക്കാട്, തൃപ്പൂണിത്തുറ മണ്ഡലങ്ങളൊഴിച്ച് സിറ്റിംഗ് എംഎല്‍എമാരുടെ പട്ടികയാകും ആദ്യം പുറത്തിറക്കുക. അങ്ങനെയെങ്കില്‍ കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് പേരാവൂരില്‍ നിന്ന് തന്നെ ജനവിധി തേടും. മത്സരിക്കുന്ന കെപിസിസി അധ്യക്ഷന് പകരം പദവിയില്‍ ആരെന്നതിലും തീരുമാനം വരും. ബെന്നി ബെഹ്നാന്‍ എംപിയുടെ പേരിനാണ് മുന്‍ഗണന. കെസി ജോസഫ്, എംഎം ഹസന്‍ തുടങ്ങിയ നേതാക്കളുടെ പേരുകളും ചര്‍ച്ചയില്‍ വന്നിരുന്നു. കഴിഞ്ഞ ദിവസം പ്രഖ്യാപിച്ച പ്രകടന പത്രിക സമിതിയുടെ ചെയര്‍മാനാണ് ബെന്നി ബെഹ്നാന്‍. ആന്റോ ആന്റണിയുടെ പേര് ചര്‍ച്ചയിലുണ്ടായിരുന്നെങ്കിലും പോറ്റി വിവാദവും, എന്‍എം രാജുവിന്റ വെളിപ്പെടുത്തലുമടക്കം വിനയായെന്നാണ് സൂചന.

Similar News