നിങ്ങൾ ജനിക്കും മുമ്പുതന്നെ ഞാനീ പണിതുടങ്ങിയതാണ്; എന്നെ പഠിപ്പിക്കേണ്ട..എന്ത് പറയണമെന്ന് എനിക്ക് അറിയാം; വേദിയിൽ വീണ്ടും കലിപ്പിലായി എംഎം മണി
നെടുങ്കണ്ടം: ലൈബ്രറി കൗൺസിൽ സംഘടിപ്പിച്ച സെമിനാറിൽ വെച്ച് ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറിയും ലൈബ്രറി കൗൺസിൽ ജില്ലാ സെക്രട്ടറിയുമായ രമേശ് കൃഷ്ണനെ പരസ്യമായി ശാസിച്ച് എം.എം. മണി എം.എൽ.എ. ശനിയാഴ്ച നെടുങ്കണ്ടത്ത് നടന്ന ജില്ലാ ലൈബ്രറി കൗൺസിലിന്റെ സെമിനാർ ഉദ്ഘാടനം ചെയ്യവേയാണ് എം.എൽ.എ.യുടെ ഭാഗത്തുനിന്ന് അപ്രതീക്ഷിത നടപടിയുണ്ടായത്. പ്രസംഗം നിശ്ചയിച്ചതിലും ദീർഘിക്കുകയും വിഷയത്തിൽ നിന്ന് വ്യതിചലിക്കുകയും ചെയ്തപ്പോൾ പ്രസംഗം ചുരുക്കാൻ രമേശ് കൃഷ്ണൻ കുറിപ്പ് നൽകിയതാണ് എം.എൽ.എ.യെ പ്രകോപിപ്പിച്ചത്.
'ഇന്ത്യൻ റിപ്പബ്ലിക്കിന് ഇന്ത്യയോട് പറയാനുള്ളത്' എന്നതായിരുന്നു സെമിനാറിന്റെ വിഷയം. കേരള സർവകലാശാല സിൻഡിക്കേറ്റ് അംഗം എ. ഷിജു ഖാനായിരുന്നു വിഷയാവതരണം നടത്തേണ്ടിയിരുന്നത്. എന്നാൽ ഉദ്ഘാടന പ്രസംഗത്തിനായി എത്തിയ എം.എം. മണി, നിശ്ചിത സമയത്തിന് ശേഷം വിഷയത്തിൽ നിന്ന് മാറുകയും പ്രസംഗം പാർട്ടി ക്ലാസ്സുകൾക്ക് സമാനമായി മാറുകയും ചെയ്തു. കാറൽ മാർക്സ്, എംഗൽസ്, തൊഴിലാളിവർഗ്ഗ സർവാധിപത്യം തുടങ്ങിയ വിഷയങ്ങൾ പ്രസംഗത്തിൽ നിറഞ്ഞു.
തുടർന്ന്, പ്രസംഗം ഇന്ദിരാഗാന്ധി ഉൾപ്പെടെയുള്ള കോൺഗ്രസ് നേതാക്കളെയും മഹാത്മാഗാന്ധിയെയും വിമർശിക്കുന്നതിലേക്ക് നീങ്ങിയതോടെ സദസ്സിൽ അതൃപ്തി ഉയർന്നു. ചിലർ മുറുമുറുപ്പ് പ്രകടിപ്പിക്കുകയും വേദി വിട്ട് ഇറങ്ങിപ്പോകുകയും ചെയ്തു. പ്രസംഗം അരമണിക്കൂറിലധികം നീണ്ട സാഹചര്യത്തിലാണ് രമേശ് കൃഷ്ണൻ എം.എൽ.എ.ക്ക് പ്രസംഗം അവസാനിപ്പിക്കാൻ നിർദ്ദേശിച്ച് കുറിപ്പ് നൽകിയത്.
ഇതുകണ്ട എം.എം. മണി കുറിപ്പ് നൽകിയ രമേശിനെതിരേ തിരിയുകയും പരസ്യമായി ശാസിക്കുകയുമായിരുന്നു. "രമേശ് ജനിക്കുംമുമ്പുതന്നെ താനീ പണിതുടങ്ങിയതാണ്. തന്നെ പഠിപ്പിക്കേണ്ടെന്നും എന്ത് പറയണമെന്ന് തനിക്കറിയാമെന്നും" എം.എം. മണി തന്റെ പതിവ് ശൈലിയിൽ പറഞ്ഞു. ഈ സംഭവത്തിന് ശേഷം വൈകാതെതന്നെ എം.എൽ.എ. പ്രസംഗം അവസാനിപ്പിച്ചു.