പശ്ചാത്തലത്തില്‍ വി എസും ഇഎംഎസും കൊടിയേരിയും എകെജിയും; മുദ്രാവാക്യം വിളികളുമായി മണ്ണാര്‍ക്കാടിലെയും ചിറ്റൂരിലെയും വടക്കഞ്ചേരിയിലെയും സഖാക്കള്‍; സിപിഎം വിമത കണ്‍വെന്‍ഷനിലേക്ക് പി കെ ശശിയുടെ മാസ് എന്‍ട്രി; പാര്‍ട്ടിയുമായി ഇടഞ്ഞ ശശി ഒറ്റപ്പാലത്ത് പോരിനിറങ്ങുമോ? പാലക്കാടും സിപിഎമ്മിന് ആശങ്കകള്‍

Update: 2026-03-05 06:28 GMT

പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കെ പാലക്കാട്ടെ സിപിഎം വിമത കണ്‍വെന്‍ഷനില്‍ മണ്ണാര്‍ക്കാട്, ചിറ്റൂര്‍, വടക്കഞ്ചേരി മേഖലകളില്‍ നിന്നും നൂറുകണക്കിന് ആളുകള്‍ എത്തിയതോടെ പാര്‍ട്ടി നേതൃത്വം ആശങ്കയില്‍. സിപിഎം വിമത കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പികെ ശശിക്ക് വന്‍ വരവേല്‍പ്പാണ് നല്‍കിയത്. നൂറുകണക്കിന് പേര്‍ മുദ്രാവാക്യം വിളികളോടെയാണ് പികെ ശശിയെ സ്വീകരിച്ചത്. പാര്‍ട്ടിയുമായി ഇടഞ്ഞ ശശിയ്ക്ക് കിട്ടുന്ന സ്വീകാര്യത വരുന്ന തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് തിരിച്ചടിയാവുമെന്ന് ഉറപ്പാണ്.

ചന്ദ്രനഗര്‍ ശ്രീ പാര്‍വതി കല്യാണമണ്ഡപത്തില്‍ ഒരുക്കിയ കണ്‍വെന്‍ഷനില്‍ എത്തുന്നവരെ സ്വീകരിക്കാന്‍ വിഎസ് അച്യുതാനന്ദന്‍, ഇഎംഎസ് നമ്പൂതിരിപാട്, കൊടിയേരി ബാലകൃഷ്ണന്‍, എകെജി തുടങ്ങിയ സിപിഐഎം നേതാക്കളുടെ ചിത്രങ്ങള്‍ ഉപയോഗിച്ചുള്ള പോസ്റ്ററുകളാണ് പതിച്ചിട്ടുളളത്. കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതിന് പിന്നാലെ പികെ ശശിയുമായി ചര്‍ച്ച സിപിഎം വിമതര്‍ ചര്‍ച്ച നടത്തിയിരുന്നു. പിന്നാലെ കണ്‍വെന്‍ഷനിലേക്ക് ക്ഷണിക്കുകയും ചെയ്തിരുന്നു. പിന്നാലെ പി കെ ശശി പങ്കെടുക്കുമെന്നും ഉദ്ഘാടകനായേക്കും എന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു.

സിപിഐഎമ്മുമായി അകന്ന് നില്‍ക്കുന്നതിനിടെയാണ് പി കെ ശശി കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചത്. പി കെ ശശിയെ ചെയര്‍മാന്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ നേതൃത്വം ആവശ്യപ്പെട്ടിരുന്നു. ഇതിനിടെയാണ് പി കെ ശശി രാജിവെച്ചത്. വ്യക്തിപരമായ കാരണങ്ങള്‍കൊണ്ടാണ് കെടിഡിസി ചെയര്‍മാന്‍ സ്ഥാനം രാജിവെച്ചതെന്നാണ് പി കെ ശശി പ്രതികരിച്ചത്. പിന്നാലെ യുഡിഎഫ് നേതാക്കളെയും ശശി കണ്ടിരുന്നു. നിയമസഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകാന്‍ സഹായം തേടിയായിരുന്നു ശശി കോണ്‍ഗ്രസ് - മുസ്ലീം ലീഗ് നേതാക്കളെ സമീപിച്ചത്. യുഡിഎഫ് പിന്തുണയോടെ സിപിഎം വിമതരുടെ കൂട്ടായ്മ രൂപീകരിക്കുന്ന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായി ഒറ്റപ്പാലത്ത് ശശി മത്സരിക്കുമെന്നാണ് വിവരം.

തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് സഹായം തേടി ഒറ്റപ്പാലം മണ്ഡലത്തിലെ യുഡിഎഫ് നേതാക്കളുമായി പികെ ശശി കൂടിക്കാഴ്ച്ച നടത്തിയിരുന്നു. യുഡിഎഫ് നേതാക്കളുമായി നടത്തിയ ചര്‍ച്ചയ്ക്ക് പിന്നാലെ കോണ്‍ഗ്രസ് - മുസ്ലീം ലീഗ് നേതാക്കളേയും സമീപിച്ചിരുന്നു. ഏറെക്കാലമായി സിപിഎമ്മിനോട് ഇടഞ്ഞുനിന്നിരുന്ന പികെ ശശി ഒറ്റപ്പാലത്ത് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാവുമെന്ന് സൂചനകള്‍ പുറത്തുവന്നിരുന്നു. ഇതിനിടെ, ശശിക്കെതിരെ കോണ്‍ഗ്രസിലെ ഒരു വിഭാഗം ഇതിനോടകം രംഗത്തുവന്നു കഴിഞ്ഞു. നേരത്തെ, ലൈംഗിക അതിക്രമ ആരോപണത്തില്‍ ശശിക്കെതിരെ പ്രതിഷേധിച്ചതിനാല്‍ വോട്ട് ചോദിക്കുന്നതില്‍ പ്രതിസന്ധിയുണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ വാദം.

പികെ ശശി യുഡിഎഫില്‍ എത്തിയാലും ഒറ്റപ്പാലത്ത് സ്ഥാനാര്‍ത്ഥിയാക്കരുതെന്നാണ് ഒരു വിഭാഗം കോണ്‍ഗ്രസ് നേതാക്കള്‍ കെപിസിസിയെ അറിയിച്ചിരിക്കുന്നത്. ഗുരുതര പരാതികളെ തുടര്‍ന്ന് 2021ല്‍ സിപിഎം തന്നെ പികെ ശശിയെ സ്ഥാനാര്‍ത്ഥിത്വം നല്‍കാതെ മാറ്റി നിര്‍ത്തിയിരുന്നു. ലൈംഗിക അതിക്രമ ആരോപണത്തില്‍, അന്ന് പികെ ശശിക്കെതിരെ വ്യാപക പ്രതിഷേധം നടത്തിയവര്‍, വോട്ട് ചോദിച്ച് ഇറങ്ങുന്നതില്‍ ബുദ്ധിമുട്ടുണ്ടെന്നും ഒരു വിഭാഗം നേതാക്കള്‍ പറയുന്നു. കോണ്‍ഗ്രസ് നേതാവ് ഹരിഗോവിന്ദനെയോ, യൂത്ത് കോണ്‍ഗ്രസ് നേതാവ് ഒകെ ഫാറൂഖിനെയോ ഒറ്റപ്പാലത്ത് പരിഗണിക്കണമെന്നാണ് ആവശ്യം.

Tags:    

Similar News