നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് മാസത്തില്‍? ഒരുക്കങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കിയതോടെ രാഷ്ട്രീയ കളവും ചൂടായി; കോണ്‍ഗ്രസ് എപി അനില്‍കുമാറിനും സിപിഎം സ്വരാജിനും ചുമതല നല്‍കി; യുഡിഎഫ് ജയിച്ചാല്‍ പി വി അന്‍വറിന്റെ ജയമെന്ന് തിരിച്ചറിഞ്ഞ് കരുതലോടെ സ്ഥാനാര്‍ഥി നിര്‍ണയത്തിന് സിപിഎം

നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് മാസത്തില്‍

Update: 2025-03-28 12:03 GMT

മലപ്പുറം: നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് മാസത്തില്‍ നടക്കുമെന്ന് സൂചന. മണ്ഡലത്തില്‍, എല്‍ഡിഎഫ് വിട്ട പി വി അന്‍വര്‍, എംഎല്‍എ സ്ഥാനം രാജി വച്ചതോടെയാണ് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ക്ക് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം നല്‍കി. പരാതികള്‍ പരിഹരിച്ച് അന്തിമ വോട്ടര്‍ പട്ടിക മേയ് അഞ്ചിന് പ്രസിദ്ധീകരിക്കാന്‍ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കി. നിലമ്പൂരടക്കം രാജ്യത്തെ ആറിടങ്ങളില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള നടപടികളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ തുടങ്ങിയിരിക്കുന്നത്. ഇതോടെയാണ് നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് മെയില്‍ നടക്കുമെന്ന സൂചന വന്നത്.

ഉപതിരഞ്ഞെടുപ്പ് തീയതി അടുത്ത ആഴ്ച പ്രഖ്യാപിച്ചേക്കും. കോണ്‍ഗ്രസ് എപി അനില്‍കുമാറിനും സിപിഎം എം സ്വരാജിനും തിരഞ്ഞെടുപ്പ് ചുമതല നല്‍കിയതോടെ ഒരുക്കങ്ങള്‍ക്ക് ചൂടുപിടിച്ചു. കോണ്‍ഗ്രസില്‍ നിന്ന് വിഎസ് ജോയിയോ ആര്യാടന്‍ ഷൗക്കത്തോ സ്ഥാനാര്‍ത്ഥിയാകുമെന്നാണ് സൂചന. സിപിഎം ടികെ ഹംസയെയോ ചില പ്രാദേശിക നേതാക്കളെയോ പരിഗണിക്കാനാണ് സാദ്ധ്യത.

നിയമസഭയുടെ കാലാവധി തീരും മുമ്പ് മറ്റൊരു പാര്‍ട്ടിയില്‍ ചേര്‍ന്നാല്‍ അയോഗ്യത നേരിടേണ്ടി വരും എന്ന സാഹചര്യത്തിലാണ് പിവി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വച്ചത്. നിലമ്പൂരില്‍ ജയിപ്പിച്ച ജനങ്ങള്‍ക്കും ഒപ്പം നിന്ന ഇടതുപക്ഷ നേതാക്കള്‍ക്കും നന്ദി പറഞ്ഞ അന്‍വര്‍, ഇനി ഒരിക്കലും നിലമ്പൂരില്‍ നിന്ന് മത്സരിക്കില്ലെന്നും വ്യക്തമാക്കിയിരുന്നു. അതിന് ശേഷം, തൃണമൂല്‍ കോണ്‍ഗ്രസില്‍ അംഗത്വം സ്വീകരിച്ച അദ്ദേഹം 'ഡമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള' എന്ന പാര്‍ട്ടിയും രൂപീകരിച്ചു.

യുഡിഎഫില്‍, മണ്ഡലത്തിലെ ഓരോ പഞ്ചായത്തിന്റെ ചുമതലയും പ്രധാന നേതാക്കള്‍ക്ക് നല്‍കും.യുഡിഎഫ് നേട്ടമുണ്ടാക്കിയ പുതുപ്പള്ളി, പാലക്കാട്, തൃക്കാക്കര ഉപതിരഞ്ഞെടുപ്പുകള്‍ നിലമ്പൂരിലും ആവര്‍ത്തിക്കാനാണ് യുഡിഎഫ് ശ്രമം. തിരഞ്ഞെടുപ്പ് മുന്നൊരുക്കം ഏകോപിപ്പിക്കാനുള്ള ചുമതല എ പി അനില്‍കുമാറിന് നല്‍കിയുള്ള ഉത്തരവ് പുറത്തിറങ്ങി. കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ ഇന്നലെ നേതാക്കളുമായി കൂടിയാലോചന നടത്തിയ ശേഷമാണ് എ.പി.അനില്‍ കുമാറിന് ചുമതല നല്‍കാന്‍ തീരുമാനിച്ചത്. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ശേഷമാകും മുതിര്‍ന്ന നേതാക്കള്‍ ചുമതല ഏറ്റെടുക്കുക. ഡിസിസി അധ്യക്ഷന്‍ വി.എസ്. ജോയിയുടെ നേതൃത്വത്തില്‍ വോട്ടുചേര്‍ക്കല്‍ അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് 24 മണിക്കൂറിനകം സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുമെന്നാണ് നേതാക്കള്‍ പറയുന്നത്. ഏപ്രില്‍ ഒടുവിലോ മേയിലോ തിരഞ്ഞെടുപ്പ് നടക്കുമെന്ന കണക്കുകൂട്ടലിലാണ് മുന്നണികള്‍.

അതേസമയം, സിപിഎം ചിഹ്നത്തില്‍ എംഎല്‍എ ഉണ്ടായിട്ടില്ലാത്ത മണ്ഡലമാണ് നിലമ്പൂര്‍. യുഡിഎഫ് ജയം പി വി അന്‍വറിന്റെ ജയമായി വ്യാഖ്യാനിക്കപ്പെടുമെന്ന ആശങ്കയും സിപിഎമ്മിനുണ്ട്. അതുകൊണ്ട് തന്നെ സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ അതീവസൂക്ഷ്മത പുലര്‍ത്തും. നിലമ്പൂര്‍ മണ്ഡലത്തിന് കീഴില്‍ ഏഴു പഞ്ചായത്തുകളും ഒരു നഗരസഭയുമാണുള്ളത്. നിലമ്പൂര്‍ നഗരസഭ അമരമ്പലം, പോത്തുകല്‍ പഞ്ചായത്തുകളില്‍ എല്‍ഡിഎഫിനാണ് ഭരണം. ചുങ്കത്തറ എടക്കര വഴിക്കടവ് കരുളായി മൂത്തേടം എന്നിവിടങ്ങളില്‍ യുഡിഎഫും.

Tags:    

Similar News