വെട്ടുകിളി കൂട്ടത്തെ ഞങ്ങൾ ഭയക്കുന്നില്ല; ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല; ഫാത്തിമ തെഹ്ലിയ ഉൾപ്പടെയുള്ളവർ വനിത ലീഗിന്റെ പ്രതിനിധികളല്ല; പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച് നൂർബിന റഷീദ്

Update: 2026-03-18 04:22 GMT

തിരൂർ: മുസ്ലിം ലീഗ് സ്ഥാനാർത്ഥി പട്ടികയിൽ വനിതാ ലീഗിന് അർഹമായ പരിഗണന ലഭിച്ചില്ലെന്ന് തുറന്നടിച്ച് വനിതാ ലീഗ് ദേശീയ സെക്രട്ടറി നൂർബിന റഷീദ് രംഗത്തെത്തി. തിരൂരിൽ നടത്തിയ പ്രതികരണത്തിൽ പാർട്ടി നേതൃത്വത്തിനെതിരെ കടുത്ത വിമർശനങ്ങളാണ് അവർ ഉന്നയിച്ചത്. സ്ഥാനാർത്ഥി നിർണ്ണയത്തിന് എന്ത് മാനദണ്ഡമാണ് സ്വീകരിച്ചതെന്ന് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട നൂർബിന, ഇപ്പോൾ പട്ടികയിലുള്ള ഫാത്തിമ തഹ്‌ലിയയും ജയന്തി രാജനും വനിതാ ലീഗിന്റെ ഔദ്യോഗിക പ്രതിനിധികളല്ലെന്നും കൂട്ടിച്ചേർത്തു.

കഴിഞ്ഞ തവണ കോഴിക്കോട് സൗത്തിൽ മത്സരിച്ച തനിക്ക് ഇത്തവണ സീറ്റ് നൽകാത്തതിനേക്കാൾ, വനിതാ ലീഗ് എന്ന സംഘടനയെ മൊത്തത്തിൽ അവഗണിച്ചതിലാണ് തനിക്ക് പ്രതിഷേധമെന്ന് അവർ വ്യക്തമാക്കി. പാണക്കാട് തങ്ങളെ പരസ്യമായി വിമർശിച്ചവർക്ക് പോലും സീറ്റ് നൽകിയപ്പോൾ, സംഘടനയ്ക്ക് വേണ്ടി ജീവിതം മാറ്റിവെച്ചവരെ തഴഞ്ഞത് നീതീകരിക്കാനാവില്ലെന്നും നൂർബിന ആരോപിച്ചു.

വനിതാ ലീഗിന്റെ അവഗണന: വനിതാ ലീഗ് എന്നത് "ഇന്നലത്തെ മഴയിൽ പൊട്ടിമുളച്ച തകരയല്ല" എന്നും വർഷങ്ങളായി സംഘടനയ്ക്ക് വേണ്ടി പ്രവർത്തിച്ചവരെ തഴഞ്ഞ് മറ്റുള്ളവരെ പരിഗണിച്ചത് വേദനയുണ്ടാക്കുന്നുവെന്നും അവർ പറഞ്ഞു. ജയന്തി രാജനെ പാർട്ടിയിലേക്ക് വളർത്തിക്കൊണ്ടുവന്നത് താനാണെന്നും, എന്നാൽ വനിതാ ലീഗിനെ പ്രതിനിധീകരിക്കാൻ അവർക്ക് അർഹതയില്ലെന്നുമാണ് നൂർബിനയുടെ പക്ഷം. സോഷ്യൽ മീഡിയയിലെ സൈബർ ആക്രമണങ്ങളെ ഭയപ്പെടുന്നില്ലെന്നും അവർ വ്യക്തമാക്കി.

സ്ഥാനമാനങ്ങൾ ലക്ഷ്യം വെച്ചല്ല താൻ സംസാരിക്കുന്നതെന്നും, ആയുഷ്കാലം മുഴുവൻ പാർട്ടിക്കായി പ്രവർത്തിച്ച വ്യക്തി എന്ന നിലയിൽ തന്റെ വ്യക്തിത്വം പണയപ്പെടുത്താൻ കഴിയില്ലെന്നും അവർ ഉറപ്പിച്ചു പറഞ്ഞു. എത്ര വലിയ വാഗ്ദാനങ്ങൾ ലഭിച്ചാലും പാർട്ടി വിടില്ലെന്ന് വ്യക്തമാക്കിയ നൂർബിന, തന്റെ വേദന പാർട്ടിയുടെ സാധാരണക്കാരായ വനിതാ പ്രവർത്തകരുടേതാണെന്നും കൂട്ടിച്ചേർത്തു.

പ്രഷർ പൊളിറ്റിക്സിൽ താൽപ്പര്യമില്ലാത്തതിനാലാണ് കൂടുതൽ പ്രതികരണങ്ങൾ നടത്താത്തതെന്ന് പറഞ്ഞ നൂർബിന റഷീദ്, നിലവിലെ വനിതാ സ്ഥാനാർത്ഥികളുടെ പ്രചാരണത്തിന് ഇറങ്ങണമോ എന്ന കാര്യത്തിൽ ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും വ്യക്തമാക്കി. പാർട്ടിക്കുള്ളിലെ ജനാധിപത്യപരമായ വിയോജിപ്പുകൾ രേഖപ്പെടുത്തേണ്ടത് തന്റെ കടമയാണെന്നും എന്നാൽ പാണക്കാട് തങ്ങളെ അധിക്ഷേപിക്കുന്ന തരത്തിലുള്ള പരസ്യ പ്രതികരണങ്ങൾക്ക് താനില്ലെന്നും അവർ പറഞ്ഞു.

Tags:    

Similar News