ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍; ഷാഫി പറമ്പിലിന്റെ കടുംപിടുത്തത്തിന് വഴങ്ങി ഹൈക്കമാന്‍ഡ്; ബിനു ചുള്ളിയിലിന് വര്‍ക്കിങ് പ്രസിഡന്റായി നിയമനം; അബിന്‍ വര്‍ക്കിയ്ക്ക് അധ്യക്ഷ പദവി ലഭിക്കാതെ പോയത് സമുദായ സമവാക്യത്തില്‍; കെ എം അഭിജിത്തിനെ ദേശീയ സെക്രട്ടറിയായി നിയമിച്ചു; സമവാക്യങ്ങളും ഗ്രൂപ്പ് താല്‍പ്പര്യങ്ങളും പരിഗണിച്ചു കൊണ്ട് യൂത്ത് അധ്യക്ഷ പ്രഖ്യാപനം
ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷനായി ഒ.ജെ. ജനീഷിനെ പ്രഖ്യാപിച്ചു. നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന വൈസ് പ്രസിഡന്റാണ്. രാഹുല്‍ മാങ്കൂട്ടത്തില്‍ അധ്യക്ഷസ്ഥാനം രാജിവെച്ച് ഒരു മാസം പിന്നിട്ടപ്പോഴാണ് പുതിയ അധ്യക്ഷനെ പ്രഖ്യാപിച്ചത്. തൃശ്ശൂര്‍ സ്വദേശിയാണ് ജനീഷ്. യൂത്ത് കോണ്‍ഗ്രസ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറിയായ ബിനു ചുള്ളിയിലിനെ വര്‍ക്കിങ് പ്രസിഡന്റായും തിരഞ്ഞെടുത്തു.
ഇതുവരെ യൂത്ത് കോണ്‍ഗ്രസില്‍ ഇല്ലാതിരുന്ന സ്ഥാനമാണ് വര്‍ക്കിംഗ പ്രസിഡന്‌റ് എന്നത്. കെ സി വേണുഗോപാലിന്റെ താല്‍പ്പര്യമാണ് ബിനു ചുള്ളിയിലിന് സ്ഥാനം ലഭിക്കാന്‍ കാരണം. അതേസമയം സാമുദായിക സമവാക്യമാണ് സംഘടനാ തിരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിക്ക് തിരിച്ചടിയായത്. അബിന്‍ വര്‍ക്കിയെയും കെഎം അഭിജിത്തിനെയും ദേശീയ സെക്രട്ടറിമാരായി തെരഞ്ഞെടുത്തു.
യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ രാഹുല്‍ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വോട്ടു ലഭിച്ച ആളായിരുന്നു അബിന്‍ വര്‍ക്കി. രമേശ് ചെന്നിത്തല അബിന്‍ വര്‍ക്കിക്ക് വേണ്ടി നിലപാട് സ്വീകരിച്ചെങ്കിലും എല്ലാവരെയും തൃപ്തിപ്പെടുത്തുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിയതോടെ ഒ ജെ ജനീഷിനെ അധ്യക്ഷനായി പ്രഖ്യാപിക്കുകയായിരുന്നു. ഷാഫി പറമ്പിലിന്റെ വിശ്വസ്തനായി എന്നതാണ് ജനീഷിന് തുണയായത്. എ ഗ്രൂപ്പുകാരനായ ജനീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് എത്തിച്ചത് ഷാഫിയുടെ കടുംപിടുത്തവുമാണ്.
തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിച്ച്, ഏറ്റവും കൂടുതല്‍ വോട്ട് നേടി രണ്ടാം സ്ഥാനത്തെത്തിയ അബിന്‍ വര്‍ക്കിയെ അധ്യക്ഷനാക്കണമെന്നായിരുന്നു ഐ ഗ്രൂപ്പിന്റെ ഭാഗമായ രമേശ് ചെന്നിത്തല അടക്കമുള്ളവരുടെ ശക്തമായ ആവശ്യം. ഏകദേശം 70,000-ത്തോളം വോട്ടുകള്‍ അബിന്‍ വര്‍ക്കിക്ക് ലഭിച്ചിരുന്നു. അവസാന ഘട്ടം വരെ ചെന്നിത്തല ഈ ആവശ്യത്തില്‍ ഉറച്ചുനിന്നു.
എന്നാല്‍, നിലവിലെ കെ.എസ്.യു. അധ്യക്ഷനും മഹിളാ കോണ്‍ഗ്രസ് അധ്യക്ഷയും ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളവരായതിനാല്‍, യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനവും കൂടി ന്യൂനപക്ഷ വിഭാഗത്തിന് നല്‍കുന്നത് സാമുദായിക സമവാക്യങ്ങള്‍ തകിടം മറിക്കുമെന്ന വാദം ഉയര്‍ന്നു. ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്നുള്ളയാളാണ് അബിന്‍ വര്‍ക്കി എന്നതും എറണാകുളം ജില്ലയില്‍ നിന്നുള്ള നേതാവാണ് എന്നതും എതിര്‍വാദങ്ങള്‍ക്ക് കാരണമായി. ഈ സാഹചര്യത്തിലാണ് എ ഗ്രൂപ്പില്‍ നിന്നുള്ള നേതാവായ ഒ.ജെ. ജനീഷിനെ (38 വയസ്സ്) സമവായ സ്ഥാനാര്‍ത്ഥിയായി പരിഗണിച്ചത്. തിരഞ്ഞെടുപ്പില്‍ മത്സരിച്ചയാളാണ് ജനീഷ്.
കെഎസ്യു യൂണിറ്റ് പ്രസിഡന്റായിരുന്ന ഒ ജെ ജനീഷ് യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം വൈസ് പ്രസിഡന്റ്, ജില്ലാ പ്രസിഡന്റ്, സംസ്ഥാന വൈസ് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. തൃശ്ശൂര്‍ ജില്ലയിലെ മാള സ്വദേശിയാണ്.