പിണറായിക്ക് സംഘിപ്പനി ബാധിച്ചു; 'ആദ്യ ഡോസ് വാക്‌സിന്‍ പാലക്കാട്ടെ വോട്ടര്‍മാര്‍ നല്‍കും; വര്‍ഗീയ ധ്രുവീകരണത്തിന് തടസം നിന്നതാണ് സാദിഖലി തങ്ങളോട് വിരോധം വരാന്‍ കാരണം; വിമര്‍ശിച്ചു പി കെ ഫിറോസ്
പിണറായിക്ക് സംഘിപ്പനി ബാധിച്ചു
പാലക്കാട്: മുഖ്യമന്ത്രി പിണറായി വിജയന് സംഘിപ്പനി ബാധിച്ചെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ പി.കെ ഫിറോസ്. സംഘിപ്പനി മാറാനുള്ള വാക്‌സിന്റെ ആദ്യ ഡോസ് 20ന് പാലക്കാട്ടെ വോട്ടര്‍മാര്‍ നല്‍കുമെന്നും ഫിറോസ് പറഞ്ഞു. മുനമ്പം വിഷയത്തില്‍ ക്രൈസ്തവ സമുദായത്തിന് മുസ് ലിംകളോട് വിരോധം ഉണ്ടാക്കാനുള്ള സി.പി.എം നടത്തി. ആ തീ കെടുത്താന്‍ വേണ്ടിയാണ് സാദിഖലി തങ്ങള്‍ ശ്രമിച്ചത്. ആ വര്‍ഗീയ ധ്രുവീകരണത്തിന് തടസം നിന്നതാണ് സാദിഖലി തങ്ങളോട് വിരോധം വരാന്‍ കാരണമെന്നും പി.കെ ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
പാണക്കാട് സാദിഖലി തങ്ങള്‍-സന്ദീപ് വാര്യര്‍ കൂടിക്കാഴ്ചക്കെതിരെ രൂക്ഷ വിമര്‍ശനമാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയത്. ഇപ്പോഴത്തെ പാണക്കാട് തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെ പെരുമാറുന്ന ആളാണെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതിനെതിരെയാണ് ഫിറോസ് രംഗത്തുവന്നത്.
ബാബരി മസ്ജിദ് തകര്‍ക്കുന്ന സമയത്ത് കോണ്‍ഗ്രസിനായിരുന്നു കേന്ദ്രഭരണം. മന്ത്രിസ്ഥാനങ്ങള്‍ നഷ്ടപ്പെടുത്തി ഇതിനെതിരെ പ്രതികരിക്കാന്‍ മുസ്‌ലിം ലീഗ് തയാറായില്ല. ഇതില്‍ ലീഗ് അണികള്‍ക്ക് അമര്‍ഷമുണ്ടായിരുന്നു. ആ സമയത്ത് എല്ലാവരും ബഹുമാനിക്കുന്ന ഒരാളായിരുന്നു പാണക്കാട് തങ്ങള്‍. ഇപ്പോഴത്തെ തങ്ങള്‍ ജമാഅത്തെ ഇസ്ലാമിയുടെ അനുയായിയെ പോലെ പെരുമാറുന്ന ആളാണ് -പിണറായി പറഞ്ഞു.
കോണ്‍ഗ്രസിന്റെ അവസരവാദ നിലപാട് ജനങ്ങള്‍ തിരിച്ചറിയും. ബി.ജെ.പിയില്‍ നിന്ന് കോണ്‍ഗ്രസിലേക്കു പോയ വ്യക്തി ഇന്നലെ വരെ എന്തു നിലാപാടാണ് സ്വീകരിച്ചതെന്ന് അറിയുന്നവരാണ് പാലക്കാട്ടുള്ള ലീഗ് അണികളും ന്യൂനപക്ഷക്കാരും. അവരിലുള്ള അമര്‍ഷവും പ്രതിഷേധവും പാണക്കാട്ട് പോയി രണ്ടു വര്‍ത്തമാനം പറഞ്ഞാല്‍ ശമിപ്പിക്കാന്‍ കഴിയുമോ യു.ഡി.എഫ് ചെന്നുപെട്ട ഗതികേടാണ് ഇത് കാണിക്കുന്നത് -പിണറായി പറഞ്ഞു.