പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെക്കുമെന്ന അഭ്യൂഹം ശക്തം; നാളെ രാവിലെ 9 മണിക്ക് സ്പീക്കറെ കാണുമെന്ന് ഫേസ്ബുക്ക് പോസ്റ്റ്; 'രാജി വെക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് അന്‍വര്‍; യുഡിഎഫ് വാതില്‍ അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ലെന്ന്' പറഞ്ഞ് വി ഡി സതീശനും; സസ്‌പെന്‍സ് കൂട്ടുന്ന അന്‍വറിന്റെ ലക്ഷ്യമെന്ത്?
പി വി അന്‍വര്‍ എംഎല്‍എ സ്ഥാനം രാജി വെക്കുമെന്ന അഭ്യൂഹം ശക്തം
തിരുവനന്തപുരം: നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രാജി പ്രഖ്യാപിച്ചേക്കുമെന്ന് അഭ്യൂഹങ്ങള്‍ ശക്തമാകുന്നു. നാളെ രാവിലെ 9 മണിക്ക് സ്പീക്കറെ കാണുമെന്ന് അന്‍വറിന്റേതായി വന്ന പുതിയ ഫേസ്ബുക്ക് പോസ്റ്റ്. മണിക്കൂറുകള്‍ക്ക് മുന്നേ വളരെ പ്രധാനപ്പെട്ട ഒരു വിഷയം ജനങ്ങളെ അറിയിക്കാനുണ്ടെന്ന് അന്‍വര്‍ ഫേസ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കിയിരുന്നു. തിങ്കളാഴ്ച രാവിലെ മാധ്യമങ്ങളെ കാണുമെന്നും ഫേസ്ബുക്കിലൂടെ അറിയിച്ചിട്ടുണ്ട്. ഇതോടയാണ് അന്‍വര്‍ എംഎല്‍എ സ്ഥാനം രാജിവെക്കുമെന്ന അഭ്യൂഹങ്ങള്‍ ശക്തമായത്. അതേസമയം അന്‍വറായതിനാല്‍ മാധ്യമ ശ്രദ്ധ നേടാനുള്ള ശ്രമമാണോ ഇതെന്ന സംശയവും ശക്തമാണ്.
അതേസമയം അന്‍വറിന്റെ രാജി വാര്‍ത്തയില്‍ പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. അന്‍വറിന് മുന്നില്‍ യുഡിഎഫ് അടച്ചിട്ടുമില്ല, തുറന്നിട്ടുമില്ലെന്ന് പ്രതിപക്ഷ നേതാവ് പറഞ്ഞു. എംഎല്‍എ സ്ഥാനം രാജിവെക്കണോ വേണ്ടയോ എന്നത് അന്‍വറിന്റെ വ്യക്തിപരമായ കാര്യമാണെന്നും സതീശന്‍ മലപ്പുറത്ത് വ്യക്തമാക്കി.
തൃണമൂല്‍ കോണ്‍ഗ്രസിനോടൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന പ്രഖ്യാപനത്തിനു പിന്നാലെയാണ് പി.വി അന്‍വര്‍ രാജിവെക്കുന്നതായി വാര്‍ത്തകള്‍ എത്തിയത്. യുഡിഎഫിനൊപ്പം ചേരാനുള്ള നീക്കങ്ങള്‍ക്കിടെയായിരുന്നു കഴിഞ്ഞ ദിവസം തൃണമൂലിനൊപ്പം ചേര്‍ന്നു പ്രവര്‍ത്തിക്കുമെന്ന് അന്‍വര്‍ പ്രഖ്യാപിച്ചത്. ടിഎംസി ദേശീയ ജനറല്‍ സെക്രട്ടറി അദ്ദേഹത്തെ ഷാള്‍ അണിയിച്ചു സ്വീകരിക്കുകയും ചെയ്തിരുന്നു. പാര്‍ട്ടിയുടെ സംസ്ഥാന കോ-ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുമെന്നാണ് അദ്ദേഹം അറിയിച്ചിട്ടുള്ളത്.പാര്‍ട്ടിയില്‍ ഔദ്യോഗികമായി ചേരാന്‍ നിലവില്‍ നിയമതടസമുണ്ട്. നിയമോപദേശം തേടിയ ശേഷമായിരിക്കും അംഗത്വമെടുക്കുക എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. രാജ്യസഭാ അംഗത്വം ഉള്‍പ്പെടെയുള്ള വാഗ്ദാനങ്ങള്‍ തൃണമൂല്‍ അന്‍വറിനു മുന്നില്‍ വച്ചതായും റിപ്പോര്‍ട്ടുണ്ട്
കഴിഞ്ഞ ദിവസമാണ് പിവി അന്‍വര്‍ മമത ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗമായത്. തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ ജനറല്‍ സെക്രട്ടറിയും മമത ബാനര്‍ജിയുടെ അനന്തരവനുമായ അഭിഷേക് ബാനര്‍ജിയാണ് അന്‍വറിനെ പാര്‍ട്ടിയിലേക്ക് സ്വീകരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെ കേരളത്തിലെ കോര്‍ഡിനേറ്റര്‍ സ്ഥാനമാണ് അന്‍വര്‍ ഏറ്റെടുത്തത്. അദ്ദേഹം അത് പരസ്യമായി പ്രഖ്യാപിച്ചു കഴിഞ്ഞു. പശ്ചിമ ബംഗാളില്‍ തൃണമൂല്‍ ആസ്ഥാനത്ത് എത്തിയാണ് ഉത്തരവാദിത്തം ഏറ്റെടുത്തത്.
തൃണമൂല്‍ കോണ്‍ഗ്രസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി ഫെയ്‌സ്ബുക്കിലൂടെ പ്രഖ്യാപിക്കുകയും ചെയ്തു. ചില നേതാക്കള്‍ ഷാള്‍ അണിയിക്കുന്നതിന്റെ ഫോട്ടോകളും അന്‍വര്‍ പുറത്തുവിട്ടതോടെ ഭാവി രാഷ്ട്രീയം വ്യക്തമാവുകയും ചെയ്തു. അതിനാല്‍ അന്‍വര്‍ നിലമ്പൂര്‍ എം.എല്‍.എ. സ്ഥാനം രാജിവെക്കുമെന്ന സൂചനയുണ്ട്. ഇടതുമുന്നണിയോട് ഒപ്പം ചേര്‍ന്ന് സ്വതന്ത്രമായി ജയിച്ച ശേഷം സിപിഎമ്മിന് വേണ്ടി സംസ്ഥാനത്ത് ഏറ്റവും ശക്തമായ സൈബര്‍ പോരാളിയായി മാറിയ അന്‍വര്‍ മുഖ്യമന്ത്രിയോടും അദ്ദേഹത്തിന്റെ ഓഫീസിനോട് യുദ്ധം പ്രഖ്യാപിച്ചാണ് മുന്നണിയില്‍ നിന്നും ഇറങ്ങിയത്.
സ്വതന്ത്രന്‍ എന്ന നിലയില്‍ വോട്ട് നേടി ജയിച്ച വ്യക്തിക്ക് ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്ക് ഒപ്പം ചേരാന്‍ പറ്റില്ല. അതേസമയം നിയമസഭയിലേക്കോ രാജ്യസഭയിലേക്കോ നാമനിര്‍ദേശം ചെയ്യപ്പെട്ട അംഗത്തിന് പാര്‍ട്ടിയില്‍ ചേരാം. അത് പക്ഷെ നോമിനേഷന് ആറു മാസത്തിനകം വേണം. സ്വതന്ത്രന്‍ എന്നതില്‍ നിന്ന് മാറി ഒരു രാഷ്ട്രീയ പാര്‍ട്ടിക്കൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ അന്‍വര്‍ തീരുമാനിച്ചു വെന്നത് വ്യക്തമാണ്. ഇത് കൂറുമാറ്റത്തിന്റെ പരിധിയില്‍ വരുന്ന നടപടിയാണ്. അങ്ങനെ ഉണ്ടാകുന്ന അയോഗ്യതയില്‍ നിന്നും രക്ഷപ്പെടാന്‍ ഉള്ള നീക്കമാകും അന്‍വര്‍ നടത്തുക എന്നാണ് സൂചന. എംഎല്‍എ സ്ഥാനം രാജിവച്ചു കഴിഞ്ഞാല്‍ അടുത്ത ഇലക്ഷനില്‍ മത്സരിക്കാം. അഥവാ തോറ്റു പോയാലും തൃണമൂല്‍ കോണ്‍ഗ്രസിന്റെ ഭാഗത്തുനിന്നും രാജ്യസഭാ അംഗത്വം സംബന്ധിച്ചുള്ള ഉറപ്പു ലഭിച്ചിട്ടുണ്ടെന്നും സൂചന. ഇതുമായി ബന്ധപ്പെട്ട കാര്യങ്ങളും തിങ്കളാഴ്ച്ച വിളിച്ചു ചേര്‍ക്കുന്ന പത്രസമ്മേളനത്തില്‍ വ്യക്തമാക്കുമെന്നും സൂചന.
അതേസമയം തമിഴ്‌നാട്ടിലെ ഡിഎംകെയിലേക്ക് ശ്രമിച്ച് പരാജയപ്പെട്ട അന്‍വര്‍ ഉത്തര്‍പ്രദേശിലെ സമാജ് വാദി പാര്‍ട്ടിയുടെ ഒപ്പമാകാന്‍ ശ്രമം നടത്തിയതായി സൂചനയുണ്ട്. എന്നാല്‍ അതും ഫലവത്തായില്ല. രാഷ്ട്രീയമായി തനിച്ചു പോകുന്നത് ഗുണം ചെയ്യില്ല എന്ന് മനസ്സിലാക്കിയതോടെ യുഡിഎഫിനൊപ്പം നീങ്ങാന്‍ സകല വാതിലുകളും അന്‍വര്‍ മുട്ടിയിരുന്നു. പാണക്കാട് എത്തി മുസ്ലിംലീഗിന്റെ ആശീര്‍വാദത്തോടെ യുഡിഎഫിലേക്ക് പ്രവേശിക്കാം എന്ന് അന്‍വര്‍ കണക്ക് കൂട്ടിയിരുന്നു. എന്നാല്‍ ഇടതുമുന്നണിയുടെ കുന്തമുന ആയിരുന്നപ്പോള്‍ ആഞ്ഞടിച്ച പലതും തിരുത്തണമെന്ന് പ്രധാനപ്പെട്ട നേതാക്കള്‍ ആവശ്യപ്പെട്ടു.
രാഹുല്‍ ഗാന്ധിയുടെ പരിശോധിക്കണമെന്ന് പറഞ്ഞതും വി ഡി സതീശന് എതിരെ വലിയൊരു സാമ്പത്തിക അഴിമതി ആരോപണം ഉന്നയിച്ചത് ചേലക്കരയിലെ ഉപതെരഞ്ഞെടുപ്പ് കാലത്ത് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി രമ്യ ഹരിദാസിനെതിരെ ജാതീയമായി ആക്ഷേപം ഉന്നയിച്ചത് തിരുത്തണമെന്നും മാപ്പ് പറയണമെന്നും ചില കോണ്‍ഗ്രസ് നേതാക്കള്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനുപുറമേ നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് എന്ന ഘടകത്തെ ഒഴിവാക്കി പോവുക എന്നത് കോണ്‍ഗ്രസിന് ചിന്തിക്കാന്‍ ആവുന്നതായിരുന്നില്ല. ചുരുക്കത്തില്‍ യുഡിഎഫ് പ്രവേശം അടഞ്ഞ അധ്യായമായി. പിന്നീടാണ് ബംഗാളിലെ തൃണമൂല്‍ കോണ്‍ഗ്രസിനൊപ്പം നീങ്ങാന്‍ അന്‍വര്‍ തീരുമാനിച്ചത്.