അന്‍വറിന്റെ ബിസിനസ് ഡീലിങ്സില്‍ പലതരത്തിലുള്ള ഇടപാടുകളും ഉണ്ടായിരിക്കും; നല്ല മാര്‍ഗമല്ലാത്ത അന്‍വറിന്റെ വഴിയ്ക്ക് ആ രീതിയില്‍ മറുപടി പറയാന്‍ ഇപ്പോള്‍ നില്‍ക്കുന്നില്ല; അവജ്ഞയോടെ അധിക്ഷേപങ്ങളെല്ലാം തള്ളുന്നു; അന്‍വറിന് പിണറായിയുടെ മറുപടി ഇങ്ങനെ
അന്‍വറിന്റെ ബിസിനസ് ഡീലിങ്സില്‍ പലതരത്തിലുള്ള ഇടപാടുകളും ഉണ്ടായിരിക്കും. അതിന്റെ ഭാഗമായി ഒത്തുതീര്‍പ്പകളോ കൂട്ടുക്കെട്ടുകളോ ഉണ്ടാകും.
തിരുവനന്തപുരം: പി.വി.അന്‍വര്‍ എംഎല്‍എയെ വീണ്ടും തള്ളി പിറഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വര്‍ നീക്കം തുടങ്ങിയപ്പോള്‍ തന്നെ കാര്യങ്ങളെങ്ങോട്ടാണെന്ന ധാരണയുണ്ടായിരുന്നതായി പിണറായി പറഞ്ഞു. എന്നാല്‍ സര്‍ക്കാര്‍ അത്തരം മുന്‍ധാരണകളോടെയല്ല കാര്യങ്ങളെ സമീപിച്ചത്. ഒരു എംഎല്‍എ എന്ന നിലയില്‍ അദ്ദേഹം ഉന്നയിച്ച കാര്യങ്ങളില്‍ അന്വേഷണത്തിന് സംവിധാനമൊരുക്കി. പിന്നീട് മെല്ലെ മെല്ലെ മാറി മാറി വന്നു. ആ മാറ്റം എല്ലാവരും കണ്ടു. സിപിഎം പാര്‍ലമെന്ററി അംഗത്വത്തില്‍ നിന്നും എല്‍ഡിഎഫില്‍ നിന്നും വിടുന്നതിലേക്ക് ആ മാറ്റമെത്തി. ഏതെല്ലാം തരത്തില്‍ തെറ്റായ കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ പറ്റുമെന്ന ശ്രമം നടന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
'വര്‍ഗീയതയ്ക്കെതിരെ എല്ലാ കാലത്തും എതിരായി നിന്നവരാണ് ഞങ്ങള്‍. വര്‍ഗീയ ശക്തികള്‍ സ്വാഭാവികമായും ഞങ്ങള്‍ക്കെതിരെ എന്തെല്ലാം ചെയ്യാന്‍ പറ്റുമെന്ന് എല്ലാ കാലത്തും ആലോചിക്കാറുണ്ട്. ഞങ്ങളോടൊപ്പം അണിനിരക്കുന്ന വിഭാഗങ്ങളെ പിന്തിരിപ്പിച്ചുകൊണ്ടുവരാന്‍ ആഗ്രഹിക്കുന്നവര്‍ തെറ്റായ പ്രചാരണം നടത്താറുണ്ട്. ഇതില്‍ ചിലര്‍ ആ ശ്രമത്തിന്റെ ഭാഗമായി നടത്തുന്ന കളികളില്‍ അന്‍വറും ചേര്‍ന്നുവെന്നതാണ് അടുത്ത കാലത്തെ പ്രസ്താവന കാണിക്കുന്നത്. ഞങ്ങള്‍ക്കതില്‍ ആശങ്കയില്ല. സ്വാഭാവികമായ ഒരു പരിണാമമാണത്. ഇനി പുതിയൊരു പാര്‍ട്ടി രൂപീകരിച്ച് കാര്യങ്ങള്‍ നീക്കാനാണ് നോക്കുന്നതെങ്കില്‍ അതും നടക്കട്ടെ. അതിനേയും നേരിടും' മുഖ്യമന്ത്രി വ്യക്തമാക്കി.
തര്‍ക്കങ്ങളില്‍ മധ്യസ്ഥനായി ഇടപെട്ട് പണം വാങ്ങുന്നു. സ്ത്രീകളോട് പരിധിവിട്ട് പെരുമാറുന്നു തുടങ്ങിയ ശശിക്കെതിരായ അന്‍വറിന്റെ ആരോപണത്തേയും മുഖ്യമന്ത്രി തള്ളി കളഞ്ഞു. 'അതെല്ലാം അന്‍വറിന്റെ ശീലത്തില്‍ പറയുന്ന കാര്യങ്ങള്‍. അതൊന്നും ഞങ്ങളുടെ ഓഫീസിലെ ആളുകള്‍ക്ക് ബാധകമായതല്ല. അന്‍വറിന്റെ ബിസിനസ് ഡീലിങ്സില്‍ പലതരത്തിലുള്ള ഇടപാടുകളും ഉണ്ടായിരിക്കും. അതിന്റെ ഭാഗമായി ഒത്തുതീര്‍പ്പകളോ കൂട്ടുക്കെട്ടുകളോ ഉണ്ടാകും.
അതൊന്നും നല്ല മാര്‍ഗമല്ല. നല്ല മാര്‍ഗമല്ലാത്ത വഴി അന്‍വര്‍ സ്വീകരിക്കുമ്പോള്‍ അതിന്റെതായി രീതിയില്‍ മറുപടി പറയാന്‍ ഇപ്പോള്‍ ഞാന്‍ നില്‍ക്കുന്നില്ല. അവജ്ഞയോടെ ആ അധിക്ഷേപങ്ങളെല്ലാം തള്ളികളയുന്നു.-'മുഖ്യമന്ത്രി പറഞ്ഞു.