പി കെ ശശി ഇനി കടക്ക് പുറത്ത്!! ആഹ്ളാദ പ്രകടനവുമായി മണ്ണാർക്കാട്ടെ സിപിഎം പ്രവർത്തകർ; പടക്കം പൊട്ടിച്ചും..ലഡു വിതരണം നടത്തിയും മുഴുവൻ ആവേശം

Update: 2026-03-05 16:39 GMT

പാലക്കാട്: സി.പി.എം. മുൻ സംസ്ഥാന സമിതി അംഗം പി.കെ. ശശിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കിയത് വലിയ വർത്തയായിരിന്നു. പാലക്കാട്ട് നടന്ന വിമത കൺവെൻഷനിൽ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് സി.പി.എം. നേതൃത്വത്തിന്റെ അച്ചടക്ക നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ് ശശിക്കെതിരെ നടപടിയെന്ന് നേതൃത്വം അറിയിച്ചു. ഉച്ചയോടെയാണ് സി.പി.എമ്മിലെ നിർണായകമായ ഈ പുറത്താക്കൽ തീരുമാനം പുറത്തുവന്നത്.

പാർട്ടി നടപടി പുറത്തുവന്നതിന് പിന്നാലെ, മണ്ണാർക്കാട് ഉൾപ്പെടെയുള്ള വിവിധയിടങ്ങളിൽ സി.പി.എം. പ്രവർത്തകർ ആഹ്ലാദം പ്രകടിപ്പിച്ചു. പടക്കം പൊട്ടിച്ചും ലഡു വിതരണം ചെയ്തുമാണ് പ്രവർത്തകർ ശശിയെ പുറത്താക്കിയതിലുള്ള സന്തോഷം പങ്കുവെച്ചത്. പാർട്ടിക്കൊപ്പം നിന്നാൽ പി.കെ. ശശി, ഇല്ലെങ്കിൽ വെറും ശശി എന്ന് ഡി.വൈ.എഫ്.ഐ. മണ്ണാർക്കാട് ബ്ലോക്ക് സെക്രട്ടറി ശ്രീരാജ് വെള്ളപ്പാടം പ്രതികരിച്ചു.

പാർട്ടി നടപടിക്ക് വഴിവെച്ച വിമത കൺവെൻഷനിൽ ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷമായ വിമർശനങ്ങളാണ് പി.കെ. ശശി ഉന്നയിച്ചത്. ഇത് സി.പി.എമ്മിലെ അസംതൃപ്തരായവരുടെ കൂട്ടായ്മയാണെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കൺവെൻഷനാണെന്നും ശശി വ്യക്തമാക്കി. നിർബന്ധിതമായ ചില സാഹചര്യങ്ങൾ കൊണ്ടാണ് കൺവെൻഷൻ നടക്കുന്നതെന്നും ഇത് തങ്ങൾ ആഗ്രഹിച്ചതായിരുന്നില്ലെന്നും അദ്ദേഹം വേദിയിൽ പറഞ്ഞു. വിമതരുടെ കൺവെൻഷനാണെന്ന് വരുത്തിത്തീർക്കാൻ ശ്രമം നടക്കുന്നതായും ശശി ആരോപിച്ചു.

ഉത്തരവാദിത്തപ്പെട്ട സ്ഥാനങ്ങളിലിരിക്കുന്നവർ സ്പിരിറ്റ് കേസ് പ്രതികളാണെന്നും, ഇതിനെ ചോദ്യം ചെയ്തവരെ വേട്ടയാടുകയാണെന്നും പി.കെ. ശശി കുറ്റപ്പെടുത്തി. സർക്കാരിന്റെയും ഭരണത്തിന്റെയും സ്വാധീനം ഉപയോഗിച്ച് തോന്നിവാസങ്ങൾ നടക്കുകയാണ്. കള്ളുകുടിച്ച് ഇരിക്കുമ്പോഴാണ് പലപ്പോഴും ലോക്കൽ സെക്രട്ടറിമാരെ തീരുമാനിക്കുന്നത്. സ്പിരിറ്റ് കേസിലെ പ്രതികൾ പാർട്ടിയിലേക്ക് വരികയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശരിയായ പാർട്ടിക്കുവേണ്ടി നടപടി നേരിട്ടവരും, തരംതാഴ്ത്തപ്പെട്ടവരും, ജോലിയിൽ നിന്ന് പിരിച്ചുവിട്ടവരുമാണ് ഈ കൺവെൻഷനിൽ പങ്കെടുക്കുന്നതെന്നും ശശി കൂട്ടിച്ചേർത്തു. ഈ സംഭവവികാസങ്ങൾ സി.പി.എം. പാലക്കാട് ജില്ലാ ഘടകത്തിൽ നിലനിന്നിരുന്ന വിഭാഗീയത കൂടുതൽ രൂക്ഷമാകുന്നതിന്റെ സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.

Tags:    

Similar News