കുന്നംകുളം സംഭവത്തില്‍ ദൃശ്യങ്ങള്‍ പുറത്തുവന്നത് നീണ്ട രണ്ട് വര്‍ഷത്തെ പോരാട്ടത്തിന്റെ ഭാഗമായി; സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും; 10 ദിവസത്തെ മൗനത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
10 ദിവസത്തെ മൗനത്തിന് ശേഷം ഫേസ്ബുക്ക് പോസ്റ്റുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
തിരുവനന്തപുരം: കുന്നംകുളം പോലീസ് സ്റ്റേഷനില്‍ യൂത്ത് കോണ്‍ഗ്രസ് നേതാവിനെ പോലീസ് അതിക്രൂരമായി മര്‍ദിച്ച സംഭവത്തില്‍ പ്രതികരിച്ച് മുന്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനും എംഎല്‍എയുമായ രാഹുല്‍ മാങ്കൂട്ടത്തില്‍. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്നും, സുജിത്തിന്റെ പോരാട്ടത്തിന് ഈ നാടിന്റെ പിന്തുണയുണ്ടാകുമെന്നും അദ്ദേഹം ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പുറത്തുവന്ന ദൃശ്യങ്ങള്‍ നീണ്ട രണ്ട് വര്‍ഷത്തെ പോരാട്ടത്തിന്റെ ഫലമാണ്. സുജിത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിച്ചെന്നും രാഹുല്‍ ആരോപിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് ശേഷം, കഴിഞ്ഞ പത്ത് ദിവസത്തിനിടെ ആദ്യമായാണ് രാഹുല്‍ പ്രതികരിക്കുന്നത്.
ഈ കാലയളവില്‍ നിരവധി യൂത്ത് കോണ്‍ഗ്രസുകാര്‍ പോലീസിന്റെ ക്രൂരമര്‍ദ്ദനങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്നും, അതിലെ ഏറ്റവും വേദനാജനകമായ അനുഭവമാണ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്തിന് നേരിടേണ്ടി വന്നതെന്നും അദ്ദേഹം പറഞ്ഞു. ഈ സംഭവം നീതിയുക്തമായ അന്വേഷണത്തിനും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുന്നതിനും വഴിവെക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
പ്രസ്ഥാനത്തിനും ഈ നാടിനും വേണ്ടി നിരവധി യൂത്ത് കോണ്‍ഗ്രസുകാരാണ് ഇക്കാലയളവില്‍ പൊലീസിന്റെ ക്രൂര മര്‍ദ്ദനങ്ങള്‍ക്കു ഇരയായത്. അതിലെ ഏറ്റവും ക്രൂരമായ അനുഭവമാണ് ചൊവ്വന്നൂര്‍ മണ്ഡലം പ്രസിഡന്റ് സുജിത്ത് നേരിടേണ്ടി വന്നത്. സുജിത്തിനെ മര്‍ദിച്ച് അവശനാക്കിയ ശേഷം കള്ളക്കേസില്‍ കുടുക്കാനും ശ്രമിച്ചു. നീണ്ട രണ്ട് വര്‍ഷത്തെ പോരാട്ടത്തിന്റെ ഭാഗമായാണ് ഈ ദൃശ്യങ്ങള്‍ പുറത്തുവന്നത്.....
സുജിത്തിന്റെ പോരാട്ടത്തിന് ഈ നാട് പിന്തുണ കൊടുക്കും
2023 ഏപ്രില്‍ 5-നാണ് സംഭവം നടന്നത്. വഴിയരികില്‍ നിന്ന സുഹൃത്തുക്കളെ ഭീഷണിപ്പെടുത്തിയ പോലീസിനോട് സുജിത്ത് കാര്യങ്ങള്‍ അന്വേഷിക്കുകയായിരുന്നു. ഇത് ഇഷ്ടപ്പെടാതിരുന്ന എസ്.ഐ. നുഹ്‌മാന്‍ സുജിത്തിനെ സ്റ്റേഷനിലെത്തിച്ച് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. സംഭവത്തില്‍ ഡി.ഐ.ജി. ഹരിശങ്കര്‍ ഡി.ജി.പിക്ക് റിപ്പോര്‍ട്ട് കൈമാറിയിട്ടുണ്ട്. യുവാവിനെ കൈകൊണ്ട് ഇടിച്ചെന്ന കുറ്റം മാത്രമേയുള്ളൂവെന്നും, പരാതി ഉയര്‍ന്ന അന്നുതന്നെ നടപടിയെടുത്തെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. നാല് ഉദ്യോഗസ്ഥരുടെയും രണ്ട് വര്‍ഷത്തേക്കുള്ള ഇന്‍ക്രിമെന്റ് റദ്ദാക്കിയതായും സ്ഥലം മാറ്റമടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
എസ്.ഐ. നുഹ്‌മാന്‍, സിപിഒമാരായ ശശീന്ദ്രന്‍, സന്ദീപ്, സജീവന്‍ എന്നിവര്‍ക്കെതിരെയാണ് നടപടി സ്വീകരിച്ചിരിക്കുന്നത്. കോടതി ഉത്തരവിന് ശേഷം തുടര്‍നടപടികള്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.