ദേശീയ ബൗദ്ധിക സെല്ലിലെ അടക്കം പ്രവര്‍ത്തന പരിചയുമായി അനൂപ് ആന്റണിയെത്തുന്നത് സോഷ്യല്‍ മീഡിയാ പ്രഭാരിയായി; അമ്പലപ്പുഴയില്‍ ക്രൈസ്തവ വോട്ടുകളെ ബിജെപി പെട്ടിയിലെത്തിച്ച യുവ നേതാവിന് കേരളത്തിലെ താക്കോല്‍ സ്ഥാനം; പുനസംഘടനയിലും യുവമുഖങ്ങളെ നിറയ്ക്കാന്‍ രാജീവ് ചന്ദ്രശേഖര്‍; ബിജെപിയില്‍ സമ്പൂര്‍ണ്ണ മുഖം മാറ്റത്തിന് സാധ്യത

Update: 2025-04-03 06:38 GMT

തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന സോഷ്യല്‍മീഡിയ പ്രഭാരിയായി യുവമോര്‍ച്ച മുന്‍ ദേശീയ സെക്രട്ടറി അനൂപ് ആന്റണിയെ സംസ്ഥാന അദ്ധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നിയമിക്കുന്നത് നല്‍കുന്നത് സംസ്ഥാന നേതൃത്വത്തില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്ന സൂചന. ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പലരും സംസ്ഥാനത്തേക്ക് മടങ്ങിയെത്താന്‍ സാധ്യതയുണ്ട്. ക്രൈസ്തവ വോട്ടുകള്‍ ഉറപ്പിക്കുന്ന തരത്തിലെ ഇടപെടലുമുണ്ടാകും. കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ അമ്പലപ്പുഴയില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു. മികച്ച വോട്ടുയര്‍ച്ചയാണ് അമ്പലപ്പുഴയില്‍ ബിജെപിക്കായി അനൂപ് സാധ്യമാക്കിയത്.

അനൂപ് ആന്റണി എഞ്ചിനിയറിംഗ് ബിരുധദാരിയാണ്. വിവേകാനന്ദ കേന്ദ്രവും വിവേകാനന്ദ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനുമായി ചേര്‍ന്ന് ഏതാനും വര്‍ഷങ്ങള്‍ പ്രവര്‍ത്തിച്ചതിന് ശേഷം 2011ല്‍ ബി.ജെ.പിയില്‍ ചേര്‍ന്നു. മുതിര്‍ന്ന നേതാവ് എല്‍. കെ. അദ്വാനി 2011ല്‍ നടത്തിയ 'ജന്‍ ചേത്‌ന യാത്ര'യില്‍ അംഗമായിരുന്നു. പാര്‍ട്ടി നയ രേഖകളുടെ കരട് തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. പാര്‍ട്ടിയുടെ ബൗദ്ധിക വിഭാഗം സെല്ലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2017ല്‍ പൂനം മഹാജന്‍ പ്രസിഡന്റായിരുന്നപ്പോള്‍ യുവമോര്‍ച്ചയുടെ ദേശീയ സെക്രട്ടറിയായി.നിലവില്‍ ബി.ജെ.പി.സംസ്ഥാനസമിതി അംഗമാണ്. ബിജെപിക്ക് വേണ്ടി ദേശീയ തലത്തില്‍ നയ രേഖകളുടെ കരട് തയ്യാറാക്കുന്നതില്‍ പ്രധാന പങ്കുവഹിച്ച അദ്ദേഹം പാര്‍ട്ടിയുടെ ബൗദ്ധിക വിഭാഗം സെല്ലിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്പലപ്പുഴയില്‍ കാലങ്ങളായി പരമ്പരാഗത ക്രിസ്ത്യന്‍ വോട്ടുകള്‍ കോണ്‍ഗ്രസിലേക്കാണ് പോയിരുന്നത്. ഇതെല്ലാം കഴിഞ്ഞ തവണ ബിജെപിയിലേക്ക് അടുപ്പിച്ചത് അനൂപ് ആന്റണിയാണ്. അടിമുടി യുവ നേതൃത്വം ബിജെപിയില്‍ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തില്‍ വരുമെന്നാണ് സൂചന.

ബിജെപി സംസ്ഥാന കമ്മിറ്റി പുനഃസംഘടന രണ്ടാഴ്ചയ്ക്കുള്ളില്‍ ഉണ്ടായേക്കും. 4 ജനറല്‍ സെക്രട്ടറിമാര്‍, 10 വൈസ് പ്രസിഡന്റുമാര്‍, 10 സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവരടങ്ങുന്നതാണ് സംസ്ഥാന ഭാരവാഹി പട്ടിക. പുതിയ ഭാരവാഹികള്‍ എത്തുന്നതുവരെ നിലവിലുള്ള ഭാരവാഹികള്‍ തുടരാനാണ് ധാരണ. നിലവില്‍ എം.ടി.രമേശ്, പി.സുധീര്‍, സി.കൃഷ്ണകുമാര്‍ എന്നിവരാണ് ജനറല്‍ സെക്രട്ടറിമാര്‍. ജനറല്‍ സെക്രട്ടറിയായിരുന്ന ജോര്‍ജ് കുര്യന്‍ കേന്ദ്രമന്ത്രിയായതോടെ ആ ഒഴിവ് നിലവിലുണ്ട്. ഇതില്‍ ആരെയൊക്കെ നിലനിര്‍ത്തുമെന്നതും പുതിയതായി ആരെ ഉള്‍പ്പെടുത്തുമെന്നതും രാജീവ് ചന്ദ്രശേഖര്‍ തീരുമാനിക്കും. തലസ്ഥാനത്തുനിന്നു പ്രവര്‍ത്തനം ഏകോപിപ്പിക്കാന്‍ മികവുള്ള ഒരു ജനറല്‍ സെക്രട്ടറി വേണമെന്ന തീരുമാനമുണ്ട്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് ഉടനെത്തും. ഇവിടെ നവ്യാ ഹരിദാസിനെ സ്ഥാനാര്‍ത്ഥിയാക്കി വോട്ടുയര്‍ത്താനാണ് നീക്കം.

ആര്‍എസ്എസ് നിയോഗിക്കുന്ന സംഘടനാ ജനറല്‍ സെക്രട്ടറിയും വരും. മേയ് മാസത്തിന് ശേഷമേ ഇക്കാര്യത്തില്‍ വ്യക്തത വരൂ. 10 വൈസ് പ്രസിഡന്റുമാരുണ്ടായിരുന്നെങ്കിലും പകുതിപ്പേരും മുന്‍നിര പ്രവര്‍ത്തനത്തിന് എത്തിയില്ലെന്ന പരാതി കെ.സുരേന്ദ്രനുണ്ടായിരുന്നു. ജില്ലാ കമ്മിറ്റികളില്‍ പ്രസിഡന്റ് മാത്രമാണ് നിലവിലുള്ളത്. ജില്ലാ കമ്മിറ്റി രൂപീകരിക്കാനും ഭാരവാഹികളെ നിശ്ചയിക്കാനും സംസ്ഥാന പ്രസിഡന്റ് ജില്ലാ നേതൃത്വവുമായി ചര്‍ച്ച ചെയ്യേണ്ടിവരും. ജില്ലാ പ്രസിഡന്റിനെ തിരഞ്ഞെടുത്തതില്‍ തന്നെ പരാതി നിലനില്‍ക്കുന്നുണ്ട്. ജില്ലാ ഭാരവാഹികളെ നിശ്ചയിക്കുമ്പോള്‍ ഈ പരാതികള്‍ക്കു പരിഹാരം കണ്ടെത്തേണ്ടിവരും. ജില്ലാ ഭാരവാഹികളെ ഈ സാഹചര്യത്തില്‍ ഏപ്രില്‍ പകുതിയോടെ പ്രഖ്യാപിക്കും. അതിന് ശേഷം മതി പുതിയ സംസ്ഥാന ഭാരവാഹികള്‍ എന്ന ചിന്തയും ബിജെപിയിലുണ്ട്. ആര്‍ എസ് എസ് നേതൃത്വവുമായി സംസാരിച്ചാകും ഇക്കാര്യങ്ങളില്‍ അന്തിമ തീരുമാനം എടുക്കുക.

പല നേതാക്കളോടും ഗ്രൂപ്പുകളോടും കൂറുപുലര്‍ത്തുന്ന കേരളത്തിലെ ബിജെപിയെ ഒന്നാകെ ചലിപ്പിക്കുകയെന്നതാണ് രാജീവ് ചന്ദ്രശേഖറിന് മുന്നിലെ മറ്റൊരു പ്രധാന ദൗത്യം. പതിനാലില്‍ നിന്ന് 30 ലേക്ക് ഉയര്‍ന്ന ജില്ലാ അധ്യക്ഷന്മാരുമായി തുടര്‍ചര്‍ച്ചകള്‍ രാജീവ് തുടങ്ങിയിട്ടുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പിന് ബൂത്തുസമിതികളെ സജ്ജമാക്കാന്‍ അധികം സമയമില്ലെന്നും അദ്ദേഹം തിരിച്ചറിയുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് സ്വീകരിച്ച മാതൃകയില്‍ പ്രഫഷണല്‍ ടീം രൂപീകരിക്കുകയാണ് അടുത്തപടി. ആദ്യ തിരഞ്ഞെടുപ്പ് ലക്ഷ്യം തിരുവനന്തപുരം കോര്‍പ്പറേഷന്‍. ഭരണം പിടിക്കാന്‍ മിഷന്‍ 72 മായി രംഗത്തിറങ്ങാനാണ് ആലോചന. വികസന സങ്കല്‍പം പവര്‍പോയിന്റ് പ്രസന്റേഷനായി അവതരിപ്പിച്ചായിരുന്നു ലോക്‌സഭയില്‍ തിരുവനന്തപുരത്ത് രാജീവ് അങ്കംകുറിച്ചത്. പരാജയപ്പെട്ടെങ്കിലും കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ്, നേമം മണ്ഡലങ്ങളില്‍ ശശി തരൂരിനെ മറികടന്ന് ലീഡ് നേടിയത് വികസനവാദം സ്വീകരിക്കപ്പെട്ടതിന്റെ തെളിവായി രാജീവ് ക്യാംപ് കരുതുന്നു.

അതിനാല്‍ തട്ടകമായ തിരുവനന്തപുരം കോര്‍പ്പറേഷനിലെ പോരാട്ടമാണ് രാജീവിന്റെ ആദ്യ അഗ്‌നിപരീക്ഷണം. തരൂരിനോട് തോറ്റപ്പോഴും കോര്‍പ്പറേഷനിലെ 100ല്‍ 72 വാര്‍ഡില്‍ രാജീവായിരുന്നു ഒന്നാമത്. ആ 72 വാര്‍ഡുകള്‍ ലക്ഷ്യമിട്ട് പ്രചാരണതന്ത്രം ആവിഷ്‌കരിക്കും. 10 വാര്‍ഡില്‍ രണ്ടാമതെത്തി. ഇവിടെ പ്രത്യേക പരിഗണനയും നല്‍കും. ഭരിക്കാന്‍ 50 ഇടത്ത് ജയിക്കേണ്ട തിരുവനന്തപുരത്ത് ഇപ്പോള്‍ 36 വാര്‍ഡാണ് ബിജെപിക്ക്. ബാക്കി 14 എവിടെ നിന്ന് കണ്ടെത്തുമെന്നതാണ് വെല്ലുവിളി. സ്വാധീനമേഖലയായ നേമത്തും വട്ടിയൂര്‍ക്കാവിലും ഇപ്പോള്‍ തന്നെ പകുതിയോളം വാര്‍ഡ് നേടിയിട്ടുണ്ട്. അതിനാല്‍ തിരുവനന്തപുരം, കഴക്കൂട്ടം മണ്ഡലങ്ങളില്‍ നിന്ന് കൂടുതല്‍ കണ്ടെത്തണം. അതിനുള്ള കര്‍മ്മപദ്ധതിയും രാജീവ് തയ്യാറാക്കുന്നുണ്ട്.

Tags:    

Similar News