കടം വാങ്ങി മുന്നോട്ടു പോകുന്ന കേരള സര്‍ക്കാറിന് കടുത്ത വിമര്‍ശനം; വികസനത്തിന് എന്‍ഡിഎ അധികാരത്തിലെത്തണം, അത് നടത്തിയിട്ടേ ഞാന്‍ പോകൂവെന്ന് പ്രഖ്യാപനം; ബലിദാനികളെയും മുന്‍ അധ്യക്ഷന്‍മാരെയും അനുസ്മരിച്ചു; 'സംഘടന കൊണ്ട് ശക്തരാകുക' എന്ന ഗുരുവാക്യം പറഞ്ഞ് ഐക്യസന്ദേശം നല്‍കല്‍; ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിന്റെ കന്നിപ്രസംഗം ഇങ്ങനെ

കടം വാങ്ങി മുന്നോട്ടു പോകുന്ന കേരള സര്‍ക്കാറിന് കടുത്ത വിമര്‍ശനം

Update: 2025-03-24 09:14 GMT

തിരുവനന്തപുരം: ബിജെപിയുടെ കേരളാ ഘടകത്തിന്റെ അധ്യക്ഷനായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ ചുമതലയേറ്റു. കേരളത്തിന്റെ സംഘടനാ തിരഞ്ഞെടുപ്പ് ചുമതലയുള്ള പ്രള്‍ഹാദ് ജോഷിയാണ് ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തിരുവനന്തപുരത്ത് ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തില്‍ വെച്ചായിരുന്നു പ്രഖ്യാപനം. ബിജെപി കേന്ദ്രനേതൃത്വത്തിന്റെ അനുഗ്രഹാശിസ്സുകളോടെയാണ് രാജീവ് കേരള ബിജെപിയുടെ ചുമതലക്കാരനാകാന്‍ ഒരുങ്ങുന്നത്. പാര്‍ട്ടിയുടെ അധ്യക്ഷനായി നിയമിതായ ശേഷം നടത്തിയ കന്നി പ്രസംഗത്തില്‍ തന്നെ രാജീവ് തന്റെ നയം എന്താകുമെന്ന വ്യക്തമാക്കിയിട്ടുണ്ട്. കേരളാ സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച അദ്ദേഹം കേരളത്തില്‍ വികസനം വരണമെങ്കില്‍ എന്‍ഡിഎ അധികാരത്തില്‍ എത്തണമെന്നും പ്രഖ്യാപിച്ചു.

കേന്ദ്രനേതാക്കള്‍ക്ക് നന്ദി പറഞ്ഞാണ് രാജീവ് പ്രസംഗം തുടങ്ങിയത്. നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കും നന്ദിയുണ്ടെന്നും പ്രവര്‍ത്തകരുടെ പേരില്‍ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കി. ബി.ജെ.പിയെ അധികാരത്തിലെത്തിക്കുകയാണ് പാര്‍ട്ടി ദേശീയ നേതൃത്വം തന്നെ ഏല്‍പ്പിച്ച ദൗത്യം. അത് പൂര്‍ത്തീകരിച്ച് മാത്രമേ താന്‍ മടങ്ങി പോകുകയുള്ളൂവെന്നും അദ്ദേഹം പ്രഖ്യാപിച്ചു. മാറ്റംകൊണ്ടുവരലാണ് ദൗത്യം. ആ മാറ്റം കേരളത്തില്‍ ഉണ്ടാകണമെങ്കില്‍ ബി.ജെ.പി, അധികാരത്തില്‍ വരണമെന്നും രാജീവ് വ്യക്തമാക്കി.

'തിരുവനന്തപുരത്ത് തന്നെ സ്ഥാനാര്‍ഥിയാക്കിയത് അപ്രതീക്ഷിതമായിരുന്നു. അന്ന് നല്‍കിയ മറുപടി തന്നെയാണ് ഇപ്പോഴും പറയാനുള്ളത്. സന്തോഷകരവും അഭിമാനകരവുമായ ഒരു ഉത്തരവാദിത്തമാണ് പാര്‍ട്ടി എനിക്ക് നല്‍കിയിട്ടുള്ളത്. പാര്‍ട്ടി പ്രവര്‍ത്തകരോടും നേതാക്കളോടും നന്ദി പറയുന്നു' സംസ്ഥാന അധ്യക്ഷനായി ചുമതലയേറ്റ ശേഷം പാര്‍ട്ടി യോഗത്തെ അഭിസംബോധന ചെയ്തുകൊണ്ട് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

19 ശതമാനമുള്ള വോട്ട് വിഹിതം ഉയര്‍ത്തി രാഷ്ട്രീയ വിജയം നേടാന്‍ കഴിയണം. മാരാര്‍ജി മുതല്‍ സുരേന്ദ്രന്‍ വരെയുള്ളവര്‍ കഠിനാധ്വാനം ചെയ്തിട്ടാണ് ഇവിടംവരെ എത്തിയത്. ഭാവിയെ കുറിച്ച് ചിന്തിക്കുമ്പോഴും ബലിദാനികളുടെ ത്യാഗം ഒരിക്കലും മറക്കില്ല. കേരളത്തിലെ ബിജെപി പ്രവര്‍ത്തകരുടെ ശക്തി കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പോടെയാണ് തനിക്ക് മനസ്സിലായത്. 35 ദിവസംകൊണ്ടുള്ള പ്രചാരണത്തില്‍ മൂന്നര ലക്ഷം വോട്ട് പിടിക്കാനായത് ഇവിടുത്തെ പ്രവര്‍ത്തകരുടെ മിടുക്കും കഴിവുംകൊണ്ടാണ്. ബിജെപി പ്രവര്‍ത്തകരുടെ പാര്‍ട്ടിയായിരുന്നു. ഇനി മുമ്പോട്ട് പോകുമ്പോഴും പ്രവര്‍ത്തകരുടെ പാര്‍ട്ടി തന്നെയാകുമെന്ന് താന്‍ ഉറപ്പ് നല്‍കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിന് വളരെയധികം സാധ്യതകളുണ്ട്. ഇവിടുത്തെ യുവാക്കള്‍ അവസരം കിട്ടുമ്പോള്‍ തിളങ്ങുന്നുണ്ട്. എന്നാല്‍ ദക്ഷിണേന്ത്യയില്‍ മറ്റു സംസ്ഥാനങ്ങളേക്കാള്‍ കേരളം പിന്നോട്ട് പോകുന്നത് എന്തുകൊണ്ടാണെന്ന് നമ്മള്‍ ചോദിക്കണം. ഇവിടെയുള്ള യുവാക്കള്‍ക്ക് എന്തുകൊണ്ട് അവസരംകിട്ടുന്നില്ല. എന്തുകൊണ്ട് ഇവിടെ നിക്ഷേപം വരുന്നില്ല എന്നല്ലാം ചോദിക്കേണ്ടതുണ്ട്. കടമെടുത്താണ് ഇവിടുത്തെ സര്‍ക്കാര്‍ മുന്നോട്ട്പോകുന്നതെന്നും പുതിയ ബിജെപി അധ്യക്ഷന്‍ വിമര്‍ശിച്ചു.

'കേരളത്തിലെ രണ്ട് പാര്‍ട്ടികള്‍ പാലിക്കപ്പെടാത്ത വാഗ്ദാനം നല്‍കിയതിനാല്‍ ആളുകള്‍ക്ക് അവരിലുള്ള വിശ്വാസം നഷ്ടപ്പെട്ടു. കേരളം വളരണം, കുട്ടികള്‍ക്ക് മികച്ച ഭാവി സൃഷ്ടിക്കണം. സംരംഭങ്ങള്‍ വരണം. അതാണ് ബിജെപിയുടെ ദൗത്യം. തകര്‍ന്ന് കിടന്ന ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ മോദി മികച്ചതാക്കി. ബിജെപി പുതിയ ഇന്ത്യയാക്കി മാറ്റി. അവസരങ്ങള്‍ ഉള്ള സ്ഥലത്തേക്കാണ് യുവത്വം പോകുന്നത്. സംസ്ഥാനത്ത് നിന്നും യുവത്വം പോയാല്‍ നിക്ഷേപങ്ങള്‍ ഇവിടെ വരില്ല. ഒരു ടീം ആയി നമുക്ക് ഓരോ വീട്ടിലും വികസന സന്ദേശം എത്തിക്കണം. വികസിത ഇന്ത്യ പോലെ വികസിത കേരളം ഉണ്ടാവണം. ഇന്ത്യയുടെ ദുര്‍ബല സമ്പദ് വ്യവസ്ഥയില്‍ നിന്ന് നാലാംസ്ഥാനത്തേക്ക് എത്തിച്ചിരിക്കുന്നത് പറഞ്ഞത് ചെയ്യുമെന്ന മോദി സര്‍ക്കാരിന്റെ നയമാണ്. കേരളത്തിലും ഞങ്ങളുടെ ദൗത്യം അതാണ്' രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

നിക്ഷേപവും തൊഴിലും വരുന്നത് കഴിവുള്ള യുവാക്കള്‍ ഉള്ള സംസ്ഥാനങ്ങളിലായിരിക്കും. കഴിവുള്ള യുവാക്കള്‍ അവസരങ്ങള്‍ ഉള്ള സംസ്ഥാനങ്ങളിലേക്ക് പോകും. അതുകൊണ്ട് അവസരങ്ങള്‍ ഉണ്ടാക്കിയില്ലെങ്കില്‍ യുവാക്കള്‍ വേറെ എവിടെയെങ്കിലും പോകും. അപ്പോള്‍ അവിടെ നിക്ഷേപംവരികയുമില്ല. ഇതാണ് യാഥാര്‍ഥ്യമെന്നും ഭാവിയിലെ ഫോര്‍മുല ഇതായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നോക്കുകൂലിയുള്ള കേരളത്തെയല്ല വേണ്ടത് നിക്ഷേപവും തൊഴിലും അവസരവും ഉള്ള കേരളമായിത്തീരണം. മാറ്റം കൊണ്ടുവരാന്‍ എന്‍ഡിഎ അധികാരത്തില്‍ വരണമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. എന്തുകൊണ്ട് കടം വാങ്ങി മാത്രം കേരളത്തിന് മുന്നോട്ടുപോകാനാകുന്നുവെന്ന് ചിന്തിക്കണം. എന്തുകൊണ്ട് കുട്ടികള്‍ക്ക് പഠിക്കാന്‍ പുറത്തു പോകേണ്ടി വരുന്നു. കേരളത്തില്‍ കൂടുതല്‍ സംരംഭങ്ങള്‍ വരാത്ത എന്തുകൊണ്ടാണ്? കേരളത്തില്‍ വികസന മുരടിപ്പാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

എന്‍ഡിഎ സര്‍ക്കാരിനെ അധികാരത്തിലെത്തിക്കുകയാണ് തന്റെ ദൗത്യം. അത് പൂര്‍ത്തീകരിച്ചെ താന്‍ മടങ്ങിപ്പോകുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. തന്റെ മുഴുവന്‍ സമയവും വികസിത കേരളത്തിനായി സമര്‍പ്പിക്കുകയാണ്. വിദ്യകൊണ്ട് പ്രബുദ്ധരാക്കുക, സംഘടനകൊണ്ട് ശക്തരാകുക, പ്രയത്‌നം കൊണ്ട് സമ്പന്നരാവുക എന്ന ശ്രീനാരാണയ ഗുരുവിന്റെ വാക്യം പറഞ്ഞുകൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

നേരത്തെ സോഷ്യല്‍ മീഡിയയിലും ശ്രീനാരായണ ഗുരു വചനങ്ങള്‍ അദ്ദേഹം പങ്കുവെച്ചിരുന്നു. 'വിദ്യ കൊണ്ട് പ്രബുദ്ധരാവുക, സംഘടന കൊണ്ട് ശക്തരാവുക, പ്രയത്നം കൊണ്ട് സമ്പന്നരാവുക' എന്ന ഗുരുദേവ വചനങ്ങളാണ് രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ കുറിച്ചത്. ഇംഗ്ലീഷിലും മലയാളത്തിലുമായി ഗുരുവചനങ്ങള്‍ തയ്യാറാക്കി ശ്രീനാരായണ ഗുരുവിന്റെ ചിത്രം സഹിതമാണ് പോസ്റ്റ്. നൂറുകണക്കിന് പാര്‍ട്ടി പ്രവര്‍ത്തകരും അനുഭാവികളും പൊതുസമൂഹത്തിന്റെ ഭാഗമായവരും പോസ്റ്റിന് താഴെ പുതിയ അധ്യക്ഷന് ആശംസകളുമായെത്തി.

കവടിയാര്‍ ഉദയ് പാലസില്‍ ബിജെപി സംസ്ഥാന കൗണ്‍സില്‍ യോഗത്തിലാണ് പുതിയ അധ്യക്ഷന്റെ പ്രഖ്യാപനം ഉണ്ടായത്. രാജീവിന് മുന്നില്‍ നിലവിലുള്ള പ്രധാന വെല്ലുവിളി തദ്ദേശ തിരഞ്ഞെടുപ്പും അതിന് തുടര്‍ച്ചയായി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പുമാണ്. ഈ തെരഞ്ഞെടുപ്പുകളില്‍ നേട്ടമുണ്ടാക്കുന്നതിനൊപ്പം പാര്‍ട്ടി നേതാക്കളെ ഒരുമിച്ചു കൊണ്ടുപോകേണ്ട ചുമതലയും രാജീവിനുണ്ട്. സാങ്കേതിക വിദ്യയില്‍ വിശ്വസിക്കുന്ന രാജീവ് അടുക്കും ചിട്ടയോടും കൂടി സംഘടനയെ മുന്നോട്ടു നയിക്കുമെന്നാണ് സൂചനകള്‍.

റിട്ട. എയര്‍ കമഡോര്‍ എം.കെ.ചന്ദ്രശേഖറിന്റെയും ആനന്ദവല്ലിയമ്മയുടെയും മകനാണു രാജീവ് ചന്ദ്രശേഖര്‍. തൃശൂര്‍ സെന്റ് പോള്‍സ് കോണ്‍വന്റ് സ്‌കൂളിലും ബെംഗളൂരുവിലെ കേന്ദ്രീയ വിദ്യാലയത്തിലുമായിരുന്നു വിദ്യാഭ്യാസം. മണിപ്പാല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് ഇലക്ട്രിക്കല്‍ എന്‍ജിനീയറിങ് ബിരുദം നേടിയശേഷം യുഎസില്‍ ഇലിനോയ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയില്‍നിന്ന് കംപ്യൂട്ടര്‍ എന്‍ജിനീയറിങ്ങില്‍ മാസ്റ്റേഴ്സ് എടുത്തു.

ഹാര്‍വഡ് ബിസിനസ് സ്‌കൂള്‍, സ്റ്റാന്‍ഫഡ്, ഇന്റല്‍ എന്നിവിടങ്ങളില്‍നിന്ന് മാനേജ്മെന്റ്, ടെക്നോളജി പ്രോഗ്രാമുകളില്‍ പരിശീലനവും നേടി. 1988 മുതല്‍ 1991 വരെ 'ഇന്റലി'ല്‍ ജോലിചെയ്തു. തുടര്‍ന്ന് ഇന്ത്യയിലേക്കു മടങ്ങി ബിപിഎല്‍ ഗ്രൂപ്പില്‍ ചേര്‍ന്നു. 1994ല്‍ ബിപിഎല്‍ മൊബൈല്‍ തുടങ്ങി. സാങ്കേതികവിദ്യ, മാധ്യമ, ഹോസ്പിറ്റാലിറ്റി, വിനോദ മേഖലകളിലായി നിക്ഷേപങ്ങളുള്ള സ്ഥാപനമായ ജൂപ്പിറ്റര്‍ ക്യാപ്പിറ്റല്‍ സ്ഥാപിച്ചു.

കര്‍ണാടകയില്‍നിന്നു 3 തവണ രാജ്യസഭയിലെത്തി. 2021 മുതല്‍ 2024 വരെ കേന്ദ്ര ഇലക്ട്രോണിക്സ്, ഇന്‍ഫര്‍മേഷന്‍ ടെക്നോളജി, സ്‌കില്‍ ഡവലപ്മെന്റ്, ഒന്‍ട്രപ്രനര്‍ഷിപ്, ജലശക്തി വകുപ്പുകളുടെ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു. ബിപിഎല്‍ ഗ്രൂപ്പ് സ്ഥാപകനായ ടി.പി.ജി. നമ്പ്യാരുടെ മകള്‍ അഞ്ജുവാണു ഭാര്യ. മക്കള്‍: വേദ്, ദേവിക.

Tags:    

Similar News