'ഹിന്ദു നാമധാരികളാണ് ഹിന്ദുത്വത്തിന്റെ ശത്രുക്കള്‍'; സെന്‍കുമാറിന്റെ നിലപാട് തള്ളി രാജീവ് ചന്ദ്രശേഖര്‍; സെന്‍കുമാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാട്, പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് താനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍

'ഹിന്ദു നാമധാരികളാണ് ഹിന്ദുത്വത്തിന്റെ ശത്രുക്കള്‍';

Update: 2026-01-18 10:55 GMT

തിരുവനന്തപുരം: 'ഹിന്ദു നാമധാരികളാണ് ഹിന്ദുത്വത്തിന്റെ ശത്രുക്കള്‍' എന്ന പ്രസ്താവനയില്‍ ടി പി സെന്‍കുമാറിനെ തള്ളി ബിജെപി അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. സെന്‍കുമാര്‍ പറഞ്ഞത് അദ്ദേഹത്തിന്റെ നിലപാടാണെന്നും പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് താനാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ശബരിമലയില്‍ നടന്നത് രാഷ്ട്രീയ ഗൂഢാലോചനയാണ്. സ്വതന്ത്ര ഏജന്‍സിക്ക് അന്വേഷണം കൈമാറണമെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രതികരിച്ചു.

പോറ്റി സോണിയയുടെ വീട്ടില്‍ പോയത് എന്തിന്? ഇതെല്ലാം അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യങ്ങളാണ്. പോറ്റി ഒരു ദല്ലാള്‍ മാത്രമാണ്. പോറ്റിക്ക് രാഷ്ട്രീയ പിന്തുണ ലഭിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്തണം. ദേവസ്വം ബോര്‍ഡിലെ രാഷ്ട്രീയ സംസ്‌കാരം ആര് തുടങ്ങിയെന്ന് അന്വേഷിക്കണം. തന്ത്രിയുടെ അറസ്റ്റിനെക്കുറിച്ച് അഭിപ്രായം പറയാനില്ല. തെറ്റ് ചെയ്തവര്‍ ശിക്ഷിക്കപ്പെടണമെന്നും രാജീവ് ചന്ദ്രശേഖര്‍ ചൂണ്ടിക്കാണിച്ചു.

സ്വകാര്യ ചാനലില്‍ നടന്ന ചര്‍ച്ചയ്ക്കിടെയായിരുന്നു വി ഡി സതീശന്‍ ഉള്‍പ്പെടെയുള്ള ഹൈന്ദവ വിരുദ്ധരായ ഹിന്ദു നാമധാരികളെ തോല്‍പ്പിക്കണമെന്ന് ടി പി സെന്‍കുമാര്‍ പറഞ്ഞത്. നോര്‍ത്ത് പറവൂരില്‍ വി.ഡി സതീശനെ തോല്‍പ്പിക്കാന്‍ ബിജെപിയും ബിഡിജെഎസും സ്ഥാനാര്‍ഥികളെ നിര്‍ത്താതെ രണ്ടാമത് വരുന്ന ആള്‍ക്ക് ഹിന്ദുക്കളുടെ വോട്ട് കൊടുക്കണമെന്നായിരുന്നു സെന്‍കുമാറിന്റെ അഭിപ്രായം, കഴിഞ്ഞ തവണ നോര്‍ത്ത് പറവൂറില്‍ വി.ഡി സതീശന്‍ 82,264 വോട്ടുകള്‍ നേടി ജയിച്ച?പ്പോള്‍ ഇടതുമുന്നണി സ്ഥാനാര്‍ഥിയാണ് രണ്ടാമതെത്തെത്തിയത്.

തിരുനാവായയില്‍ നടക്കുന്ന കേരള കുംഭമേളയ്ക്കായി സംഘാടകര്‍ അനുമതി വാങ്ങാതെ ഭാരതപ്പുഴയില്‍ നിര്‍മാണം നടത്തിയതിനെ തുടര്‍ന്നാണ് റവന്യുവകുപ്പ് സ്റ്റോപ്പ് മെമ്മോ നല്‍കിയതെന്ന് ജില്ലാ കലക്ടര്‍ വി.ആര്‍ വിനോദ് വ്യക്തമാക്കിയിരുന്നു. ഈ വിഷയവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ അനുകൂല ചാനലായ ജനം ടിവിയില്‍ നടത്തിയ ചര്‍ച്ചയിലാണ് വി.ഡി സതീശനെ തോല്‍പ്പിക്കാന്‍ ആഹ്വാനം ചെയ്തത്.

പൊളിറ്റിക്കല്‍ അഗ്രസീവ്‌നെസിലേക്ക് നമ്മള്‍ പോകണമെന്ന് പറഞ്ഞുകൊണ്ടാണ് അദ്ദേഹം സതീശനെതിരെ രംഗത്തെത്തിയത്. 'നമ്മുടെ വോട്ട് മാറ്റര്‍ ചെയ്യുന്ന സ്ഥലത്ത് ഒന്നാം നമ്പറിനും രണ്ടാം നമ്പറിനും പിറകിലായി നമ്മള്‍ മൂന്നാം നമ്പറിലാകുന്ന കുറേ സ്ഥലങ്ങളുണ്ട്. ആ സ്ഥലങ്ങളില്‍ ചില സ്ഥലത്തെങ്കിലും ഏറ്റവും അധികം ഹിന്ദുക്കളെ ആക്രമിക്കുന്ന ഹിന്ദു നാമധാരികളെ പരാജയപ്പെടുത്താന്‍ നമ്മള്‍ എന്ന് തയ്യാറാവുന്നോ, ആ ദിവസത്തിന്റെ പിറ്റേദിവസം ഇതില്‍ ഒരു അറുപത് ശതമാനം പ്രോബ്ലം നില്‍ക്കും. നമ്മള്‍ തയ്യാറാണോ ?. ഞാന്‍ പേരെടുത്ത് പറയാം. നോര്‍ത്ത് പറവൂരില്‍ വി.ഡി സതീശന് പതിനായിരം വോട്ടിന്റെ ഭൂരിപക്ഷമേയുള്ളു.

ഹിന്ദുക്കളുടെ വോട്ട് ബിജെപി അല്ലെങ്കില്‍ ബിഡിജെഎസ് സ്ഥാനാര്‍ഥികളെ നിര്‍ത്തി കൊടുക്കാതെ അവിടെ രണ്ടാമത് വരുന്ന ആള്‍ക്ക് കൊടുത്ത് ഈ ഹിന്ദുക്കളെ ഏറ്റവുമധികം ഭര്‍ത്സിക്കുന്ന അങ്ങേരെ തോല്‍പ്പിക്കാന്‍ നമ്മള്‍ തയ്യാറാണോ. ഇതുപോലെ നിരവധി പേരെനിക്ക് പറയാന്‍ പറ്റും. കാരണം ഒരു മുസ്‌ലിം ചെയ്യാത്ത പോലെ ഹിന്ദുവിനെതിരെ പറയുന്ന ആളാണ് അദ്ദേഹം. അതുകൊണ്ടാണ് ഞാനിത് പറയുന്നത്.അതുപോലെ ചെയ്യാന്‍ തയ്യാറാണെങ്കില്‍ നടക്കും എന്നും സെന്‍കുമാര്‍ പറഞ്ഞു.

Tags:    

Similar News