പി ടി കുഞ്ഞുമുഹമ്മദിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ എഫ്.ഐ.ആര്‍ ഇടാതെ 14 ദിവസം വൈകിപ്പിച്ചത് ഗുരുതര തെറ്റ്; മുഖ്യമന്ത്രി മറുപടി പറയണം; പ്രതിസ്ഥാനത്ത് സ്വന്തക്കാര്‍ വന്നപ്പോള്‍ സ്നേഹം കൂടിയോ? ഇരട്ടത്താപ്പ് കാട്ടരുതെന്ന് വി ഡി സതീശന്‍
പി ടി കുഞ്ഞുമുഹമ്മദിനെതിരെ മുഖ്യമന്ത്രിക്ക് നല്‍കിയ ലൈംഗികാതിക്രമ പരാതിയില്‍ എഫ്.ഐ.ആര്‍ ഇടാതെ 14 ദിവസം വൈകിപ്പിച്ചത് ഗുരുതര തെറ്റ്
കോഴിക്കോട്: സി.പി.എം മുന്‍ എം.എല്‍.എ പി.ടി കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതി നല്‍കിയ അതിജീവിതയുടെ ലേഖനം വായിച്ചപ്പോള്‍ കേരളത്തിലാണ് ജീവിക്കുന്നതെന്ന് ഓര്‍ത്ത് അപമാനം തോന്നിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ത്രീ സുരക്ഷയെ കുറിച്ച് നാഴികയ്ക്ക് നാല്‍പ്പതുവട്ടം പ്രസംഗിക്കുന്ന ഒരു സ്ഥലത്താണ് ഇതൊക്കെ നടക്കുന്നത്. നവംബര്‍ 24-ന് മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടും ഡിസംബര്‍ എട്ട് വരെ എ.എഫ്.ഐ ഇട്ടില്ലെന്നത് സ്വന്തക്കാര്‍ പ്രതി സ്ഥാനത്ത് വരുമ്പോള്‍ എത്ര ലാഘവത്തോടെയാണ് കൈകാര്യം ചെയ്യുന്നത് എന്നതിന് ഉദാഹരണമാണ്. മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയില്‍ എഫ്.ഐ.ആര്‍ എടുക്കാന്‍ തയാറായില്ലെന്നും സതീശന്‍ പറഞ്ഞു.
അതേസമയം കെ.പി.സി.സി അധ്യക്ഷന് പരാതി കിട്ടിയപ്പോള്‍ അന്നു തന്നെ കൈമാറുകയും അന്നു തന്നെ എഫ്.ഐ.ആര്‍ ഇടുകയും ചെയ്തു. ഇടത് സഹയാത്രികര്‍ക്കും അവരുടെ ഭാഗമായി പ്രവര്‍ത്തിക്കുന്നവര്‍ക്കുമെതിരെ ആരോപണങ്ങള്‍ ഉയരുമ്പോള്‍ പരാതി മുഖവിലയ്ക്ക് എടുക്കാതെ പതിനാല് ദിവസം വൈകിപ്പിച്ചു. ഗുരുതരമായ തെറ്റാണ് മുഖ്യമന്ത്രിയുടെ ഭാഗത്ത് നിന്നുണ്ടായത്. അതിജീവിത കാട്ടിയ ധൈര്യം പലര്‍ക്കും കാണിക്കാനാകില്ല. ധൈര്യത്തോടെ ഇത്തരം ഒരു വിഷയം പൊതുമണ്ഡത്തില്‍ ഒരു ചര്‍ച്ചയ്ക്ക് കൊണ്ടു വന്നിരിക്കുകയാണ്. അപമാനിക്കപ്പെടുന്ന സ്ത്രീ പിന്നീട് അഭിമുഖീകരിക്കേണ്ടി വരുന്ന പ്രശ്നങ്ങള്‍ അവര്‍ നേരിട്ട അപമാനത്തേക്കാള്‍ വലുതാണ്. അത് കേരളത്തില്‍ നടക്കാന്‍ പാടില്ല. തുറന്നു പറയാനുള്ള ധൈര്യം കാട്ടിയ അതിജീവിതയെ അഭിനന്ദിക്കുന്നു.
അവര്‍ പറഞ്ഞ കാര്യങ്ങള്‍ കേരളം ഗൗരവത്തോടെ ചര്‍ച്ച ചെയ്ത് അപമാനിക്കപ്പെട്ട സ്ത്രീകളെ വീണ്ടും അപമാനിക്കുന്ന സാമൂഹ സാഹചര്യം ഉണ്ടാകാതിരിക്കുകയും വേണം. നവംബര്‍ 24-ന് കിട്ടിയ പരാതിയില്‍ ഡിസംബര്‍ എട്ട് വരെ എന്തുകൊണ്ട് എഫ്.ഐ.ആര്‍ എടുക്കാതിരുന്നു എന്നതിന് ആഭ്യന്തര വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി മറുപടി പറയണം. ഇത്തരം കാര്യങ്ങളില്‍ ഇരട്ടത്താപ്പ് പാടില്ല. സമൂഹമാധ്യമങ്ങളില്‍ ഇവര്‍ നടത്തുന്ന പ്രചരണവും ഈ നടപടിയും തമ്മില്‍ ഒരു ബന്ധവും ഇല്ലല്ലോ. സ്വന്തക്കാര്‍ വന്നപ്പോള്‍ സ്നേഹം കൂടിയോ? മുഖ്യമന്ത്രിക്ക് പരാതി കൊടുത്തിട്ട് ഇതാണ് സ്ഥിതിയെങ്കില്‍ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയാല്‍ എന്തായിരിക്കും സ്ഥതി? പൊലീസ് സ്റ്റേഷനുകളില്‍ പരാതി നല്‍കുന്ന സ്ത്രീകളെ അപഹസിക്കുകയാണ്. പരാതി നല്‍കുന്ന സ്ത്രീകളെ അപമാനിക്കുന്നതിനോട് യോജിക്കാനാകില്ല. ഇരകള്‍ നേരിട്ടതിനേക്കാള്‍ സൈബര്‍ ആക്ഷേപം നേരിട്ട ആളാണ് ഞാന്‍- സതീശന്‍ പറഞ്ഞു.
അയ്യപ്പന്റെ പേരിലുള്ള മറ്റൊരു തട്ടിപ്പായിരുന്നു ആഗോള അയ്യപ്പ സംഗമം. മുഖ്യമന്ത്രിയുടെ പടം വച്ച് കേരളം മുഴുവന്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചാണ് അയ്യപ്പസംഗമം നടത്തിയത്. കണക്ക് ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതി നിരീക്ഷണത്തില്‍ നടത്തിയ സംഗമത്തില്‍ പോലും കോടികളുടെ കൊള്ളയാണ് നടത്തിയത്. പരിപാടിയില്‍ പങ്കെടുക്കാത്ത ആളുകളുടെ പേരില്‍ പോലും പണം തട്ടിയെടുത്തു. കൊല്ലം കോര്‍പറേഷനില്‍ സി.പി.എം ഭരിച്ചിരുന്ന കാലത്ത് മാരുതി കാറില്‍ കുതിരയെ കൊണ്ടു വന്നെന്ന് എഴുതിവച്ച് പണം തട്ടിയെടുത്തതിന് സമാനമായ കള്ളക്കണക്കാണ് ആഗോള അയ്യപ്പ സംഗമത്തിലും എഴുതി വച്ചിരിക്കുന്നത്.
പരിപാടി അവതരിപ്പിക്കാത്ത ഭജന സംഘത്തിന്റെ പേരിലും പണം എഴുതിയെടുത്തു. നാലായിരം പേര്‍ക്ക് ഭക്ഷണം നല്‍കിയെന്നാണ് കണക്ക്. കൊട്ടിഘോഷിച്ച് നടത്തിയിട്ടും അറുനൂറ് പേര്‍ മാത്രമാണ് പരിപാടിക്കെത്തിയത്. പന്തലില്‍ ഉള്‍പ്പെടെ അഴിമതിയാണ്. കോടതി നിരീക്ഷണത്തില്‍ ഇത്രയും കൊള്ള നടത്തിയെങ്കില്‍ ഇവര്‍ എന്തൊക്കെ അടിച്ചു മാറ്റിക്കാണും. വിശദമായി അന്വേഷിക്കണം. മുഖ്യമന്ത്രിയും ദേവസ്വം മന്ത്രിയും മുന്‍കൈ എടുത്ത് നടത്തിയ പരിപാടിയിലും കൊള്ള നടത്താന്‍ മടികാട്ടത്തവരാണ് ഒപ്പമുള്ളത്. ദേവസ്വം വകുപ്പിന്റെ മറവില്‍ നടത്തിയ കൊള്ളയെ കുറിച്ച് ഹൈക്കോടതി അന്വേഷിക്കണം. ശബരിമലയില്‍ ഇത്രയും വലിയ വിവാദത്തിനിടയിലാണ് ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും കൊള്ള നടത്താന്‍ ഇവര്‍ ധൈര്യം കാട്ടിയത്. പോകുന്ന പോക്കില്‍ എല്ലാ അടിച്ചുമാറ്റിക്കൊണ്ട് പോകാനാണ് ശ്രമിക്കുന്നത്.
യു.ഡി.എഫ് ഭരണകാലത്ത് ഒരു തവണ മാത്രമാണ് പാഠപുസ്തക വിതരണം വൈകിയത്. പിന്നീട് അത് ഊതിവീര്‍പ്പിച്ച് യു.ഡി.എഫ് ഭരിച്ച അഞ്ച് വര്‍ഷവും ഫോട്ടോസ്റ്റാറ്റ് ഉപയോഗിച്ചാണ് പഠിച്ചതെന്നുള്ളത് പ്രചരണത്തിന് വേണ്ടി പറയുന്നതാണ്. അതിന് മുന്‍പ് എല്‍.ഡി.എഫ് ഭരണകാലത്തും പുസ്തകം വൈകിയിട്ടുണ്ട്. പാഠപുസ്തകം നേരത്തെ വിതരണം ചെയ്യന്നത് നല്ലകാര്യമാണ്. പക്ഷെ കരിക്കുലത്തില്‍ മാറ്റം വരുത്തുന്നതില്‍ സര്‍ക്കാര്‍ ദയനീയമായി പരാജയപ്പെട്ടു. പഠപുസ്തകം അടിച്ചു കൊടുത്താല്‍ മാത്രം പോര, കാലഘട്ടത്തിന് അനുസരിച്ച് കരിക്കുലം പരിഷ്‌ക്കരിക്കുന്നതില്‍ പരാജയപ്പെട്ടു. പണ്ടു മുതല്‍ക്കെയുള്ള പാഠപുസ്തകം അച്ചടിച്ച് നല്‍കുന്നത് ക്രെഡിറ്റായി എടുക്കേണ്ട. നേരത്തെ കൊടുത്താല്‍ നല്ലത്. അതിനെ വിമര്‍ശിക്കുന്നില്ല.
തിരഞ്ഞെടുപ്പിന് മുന്നോടിയായി പബ്ലിസിറ്റി കമ്മിറ്റിയും മാനിഫെസ്റ്റോ കമ്മിറ്റിയും രൂപീകരിക്കുന്നത് പതിവ് നടപടി ക്രമത്തിന്റെഭാഗമാണ്. രമേശ് ചെന്നിത്തലയും ശശി തരൂരൂം ബെന്നി ബെഹാനാനും കൊടിക്കുന്നില്‍ സുരേഷുമൊക്കെ പ്രചരണത്തില്‍ സജീവമായി നില്‍ക്കുന്ന നേതാക്കളാണ്. നേതൃത്വം കൂടിയാലോചിച്ചാണ് മുന്നോട്ട് പോകുന്നത്. ടീം വര്‍ക്കാണ് യു.ഡി.എഫ് നടത്തുന്നത്. ഇതിന് മുന്‍പ് കടന്ന് പോയ യാത്രയും ഇപ്പോഴത്തെ യാത്രയും എല്ലാവരും താരതമ്യം ചെയ്യുന്നുണ്ട്. പരമ്പരാഗതമായി രാഷ്ട്രീയ യാത്രകളില്‍ നല്‍കാത്ത സന്ദേശമാണ് പുതുയുഗ യാത്ര നല്‍കുന്നത്. ഭാവി കേരളത്തെ കുറിച്ച് ചര്‍ച്ച ചെയ്യുന്നതാണ് ഈ യാത്ര. കേരളത്തിന്റെ പൊളിറ്റക്കല്‍- സോഷ്യല്‍ അജന്‍ഡകള്‍ മാറ്റുന്നതാണ് ഈ യാത്ര.
എല്ലാവരും ഒന്നിക്കണമെന്നാണ് ആവശ്യം ഭിന്നിപ്പിനെയാണ് ഭയത്തോടെ നോക്കേണ്ടത്. കേരളത്തില്‍ രാഷ്ട്രീയമാറ്റം ഉണ്ടാകും. അത് മലബാറില്‍ ഉള്‍പ്പെടെ പ്രതിഫലിക്കും. എല്ലാവരും കൂടിച്ചേരുന്നത് നല്ലതാണെന്നാണ് അഭിപ്രായം. അനാവശ്യ കാര്യങ്ങള്‍ ചര്‍ച്ച ചെയ്ത് അനവാശ്യ വിവാദങ്ങള്‍ ഉണ്ടാക്കി സമയം നഷ്ടപ്പെടുത്തരുത്. ഇനിയുള്ള സമയം നല്ല കാര്യങ്ങള്‍ക്ക് വേണ്ടി പ്രയോജനപ്പെടുത്തണം.- പ്രതിപക്ഷ നേതാവ് പറഞ്ഞു.
