ഗണേഷ് കുമാര്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നു; ജീവിച്ചിരിക്കുന്നവരില്‍ ഗണേഷിന്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാന്‍; ഇതിന്റെ ഉള്‍ക്കഥകള്‍ എല്ലാം എനിക്കറിയാം; ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് മറുപടി പറയാത്തത്; വേണ്ടി വന്നാല്‍ എല്ലാം പറയുമെന്ന് തിരുവഞ്ചൂര്‍
ഗണേഷ് കുമാര്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നു
കോട്ടയം: മന്ത്രി ഗണേഷ് കുമാറിനെതിരെ കടുത്ത വിമര്‍ശനവുമായി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ഉമ്മന്‍ചാണ്ടിക്കെതിരായ മോശം പരാമര്‍ശം നടത്തിയ സംഭവത്തിലാണ് ഗണേഷിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ രംഗത്തുവന്നത്. ഗണേഷ് കുമാര്‍ ഇപ്പോഴും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുകയാണെന്ന് തിരുവഞ്ചൂര്‍ കുറ്റപ്പെടുത്തി.
ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഗണേഷ് കുമാറിന്റെ എല്ലാ കഥയും ആറിയാവുന്ന ആളാണ് താനെന്നും പറയേണ്ടി വന്നാല്‍ മുഴുവന്‍ പറയേണ്ടി വരുമെന്നും തിരുവഞ്ചൂര്‍ വ്യക്തമാക്കി. ഉമ്മന്‍ചാണ്ടിയെ വീണ്ടും വലിച്ചിഴക്കാന്‍ ബുദ്ധിമുട്ടുള്ളത് കൊണ്ടാണ് ഗണേഷ് കുമാറിന് മറുപടി പറയാത്തതെന്നും തിരുവഞ്ചൂര്‍ ചൂണ്ടിക്കാട്ടി.
'യഥാര്‍ഥത്തില്‍ ഇതൊക്കെ നീതിയാണോ? ഗണേഷിന്റെ എല്ലാ കഥയും അറിയാവുന്ന ആളാണ് ഞാന്‍. ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ അതെല്ലാം അറിയാവുന്ന ആള്‍ ഞാന്‍ മാത്രമായിരിക്കും. ഇതിന്റെ ഉള്‍ക്കഥകള്‍ എല്ലാം എനിക്കറിയാം. ഗണേഷ് കുമാറിന് എന്ത് ഗുണം കിട്ടാനാണ് ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നത്' -തിരുവഞ്ചൂര്‍ ചോദിച്ചു.
മരണശേഷവും ഉമ്മന്‍ചാണ്ടിയെ വേട്ടയാടുന്നത് എന്തിനാണ്?. ഉമ്മന്‍ചാണ്ടിയെ മുമ്പ് എത്രത്തോളം വേട്ടയാടിയെന്ന് പൊതുസമൂഹത്തിന് അറിയാം. കല്ലറയില്‍ പോസ്റ്റര്‍ വെച്ച് ഉമ്മന്‍ചാണ്ടിയെ അപമാനിക്കുകയാണെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞു.
പത്തനാപുരത്ത് നടന്ന പൊതുപരിപാടിയിലാണ് കെ.ബി. ഗണേഷ് കുമാറിനെതിരെ ചാണ്ടി ഉമ്മന്‍ എം.എല്‍.എ ആദ്യം ആരോപണം ഉന്നയിച്ചത്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കിയത് ഗണേഷ് കുമാറാണ് എന്നായിരുന്നു ചാണ്ടി ഉമ്മന്റെ ആരോപണം. സോളാര്‍ കേസിലെ പരാതിക്കാരിയുടെ 18 പേജുള്ള പരാതി 24 പേജ് ആക്കിയതിന് പിന്നില്‍ ഗണേഷ് കുമാര്‍ ആണ്. ഇന്നും ഈ വിഷയത്തില്‍ കൊട്ടാരക്കര കോടതിയില്‍ കേസ് നടക്കുന്നുണ്ട്. ഒരിക്കല്‍ നീതി ലഭിക്കുമെന്നാണ് വിശ്വാസം. ഉമ്മന്‍ചാണ്ടി നീതിക്ക് നിരക്കാത്തതായി ഒന്നും ചെയ്തിട്ടില്ലെന്നും ചാണ്ടി ഉമ്മന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടെ സിഡി തേടി ഗണേഷ് കുമാര്‍ കോയമ്പത്തൂരിലേക്കും തമിഴ്‌നാട്ടിലേക്കും യാത്ര ചെയ്തു. എന്നിട്ട് സിഡി കിട്ടിയോ എന്നും ചാണ്ടി ഉമ്മന്‍ ചോദിച്ചു. ആര്‍. ബാലകൃഷ്ണപിള്ളയുമായി ഉമ്മന്‍ചാണ്ടിക്ക് അടുത്ത ബന്ധമായിരുന്നു. പക്ഷെ, ഗണേഷ് കുമാറില്‍ നിന്ന് ഇതുപോലുള്ള നീച പ്രവൃത്തികളാണ് ഉണ്ടായതെന്നും ചാണ്ടി ഉമ്മന്‍ ചൂണ്ടിക്കാട്ടി.
ചാണ്ടി ഉമ്മന്റെ ആരോപണത്തോട് പ്രതികരിച്ച ഗണേഷ് കുമാര്‍, തന്റെ കുടുംബം തകര്‍ക്കാനും മക്കളെ വേര്‍പിരിക്കാനും ഉമ്മന്‍ചാണ്ടി ശ്രമിച്ചെന്ന് ആരോപണം ഉന്നയിച്ചു. കുടുംബ തര്‍ക്കങ്ങളില്‍ മധ്യസ്ഥത വഹിക്കാനെന്ന വ്യാജേന ഇടപെട്ട് ചതിക്കുകയായിരുന്നു. ഉമ്മന്‍ചാണ്ടി ജീവിച്ചിരുന്നപ്പോള്‍ ഇത് പറഞ്ഞില്ല. അന്ന് അദ്ദേഹത്തിന് അനുകൂലമായി സി.ബി.ഐക്ക്? മൊഴി നല്‍കി. മുമ്പ് മന്ത്രിസ്ഥാനത്ത് നിന്ന് മാറിയപ്പോള്‍ പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷം തിരിച്ചെടുക്കാമെന്ന് പറഞ്ഞ് പറ്റിച്ചുവെന്നും ഉമ്മന്‍ചാണ്ടി കാണിച്ചത് വലിയ ദ്രോഹമാണെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
