ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ചെന്നിത്തല; കഴിഞ്ഞ 10 വര്‍ഷത്തിനിടയില്‍ ദേവസ്വം വകുപ്പ് കൈകാര്യം ചെയ്ത മൂന്നു മന്ത്രിമാരെയും ചോദ്യം ചെയ്യണം; ഹൈക്കോടതി ഇല്ലായിരുന്നെങ്കില്‍ കേസ് തേഞ്ഞുമാഞ്ഞു പോകുമായിരുന്നുവെന്ന് കോണ്‍ഗ്രസ് വര്‍ക്കിങ് കമ്മറ്റി അംഗം

ശബരിമല സ്വര്‍ണക്കൊള്ള: മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമെന്ന് ചെന്നിത്തല

Update: 2025-11-23 17:04 GMT

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രിയുടെ മൗനം ദുരൂഹമാണ് എന്ന് കോണ്‍ഗ്രസ് വര്‍ക്കിങ്ങ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല പറഞ്ഞു. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുഖ്യമന്ത്രി അറിയാതെ ഏതായാലും ഈ ഭരണത്തില്‍ ഒന്നും നടക്കില്ല എന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ട്. ദ്വാരപാലക ശില്പങ്ങളും വാതിലും കതകും ഉള്‍പ്പെടെ കോടിക്കണക്കിന് രൂപയുടെ സ്വര്‍ണമാണ് ഇവിടുന്ന് മോഷണം പോയിരിക്കുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്തുമായി ഇതിന് ബന്ധമുണ്ടെന്ന് കോടതി തന്നെ പറഞ്ഞിരിക്കുന്നു.

കേരളം കണ്ട ഏറ്റവും ഭീമമായ ക്ഷേത്ര കവര്‍ച്ചയാണ് നടന്നിരിക്കുന്നത്. പ്രതികള്‍ മുഴുവന്‍ സിപിഎം നേതാക്കന്മാരുമാണ്. എന്നിട്ടും മുഖ്യമന്ത്രിക്ക് മൗനം. പാര്‍ട്ടി സെക്രട്ടറി അവരെ സംരക്ഷിക്കാന്‍ ശ്രമിക്കുന്നു. സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ ഇവരെ ന്യായീകരിക്കുകയാണ്.

മാധ്യമ വാര്‍ത്ത ശരിയാണെങ്കില്‍ ഈ സ്പോണ്‍സറുടെ അപേക്ഷ പരിഗണിക്കണമെന്ന് എഴുതി ബോര്‍ഡിന് കൊടുത്തത് മന്ത്രിയായിരുന്ന

കടകംപള്ളി സുരേന്ദ്രനാണെന്നാണ് പത്മകുമാര്‍ പറഞ്ഞിരിക്കുന്നത്. മുന്‍ മന്ത്രിക്കും ഇപ്പോഴത്തെ മന്ത്രിക്കും ഇതിനകത്ത് പങ്ക് ഉണ്ട്.

ഇവരെ ചോദ്യം ചെയ്യാതെ ഇനിയും കേസുമായി മുന്നോട്ടുപോകാന്‍ സാധിക്കില്ല.

കടകംപള്ളി മാത്രമല്ല, മൂന്ന് മന്ത്രിമാര്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടയില്‍ ദേവസ്വം ബോര്‍ഡ് ഭരിച്ചിരുന്നു. അവരെയും ചോദ്യം ചെയ്യണം. ബോര്‍ഡ് പ്രസിഡന്റുമാര്‍ക്ക് ശേഷം ഇനി ജയിലിലാകാന്‍ പോകുന്ന മന്ത്രിമാരാണ്. ഇത്രയും വലിയ ഗുരുതരമായ ക്ഷേത്രക്കൊള്ള നടത്തിയിട്ടും പാര്‍ട്ടി അവരെ സംരക്ഷിക്കുന്നു.

ഹൈക്കോടതി ഇല്ലായിരുന്നെങ്കില്‍ കേസ് തേഞ്ഞുമാഞ്ഞു പോകുമായിരുന്നു. ഒന്നാം പിണറായി ഗവണ്‍മെന്റിന്റെ കാലത്ത് നടന്ന സ്വര്‍ണ്ണക്കള്ളക്കടത്ത് ഉള്‍പ്പെടെയുള്ളവ തേഞ്ഞുമാഞ്ഞു പോയത് എങ്ങനെയാണ്? ഇത് കോടതിയുടെ മേല്‍നോട്ടം ഉള്ളതുകൊണ്ട് മാത്രമാണ് ഇതില്‍ അന്വേഷണം ശരിയായ ദിശയില്‍ മുന്നോട്ടുപോകുന്നത്.

കേരളജനത ഏറ്റവുമധികം ശ്രദ്ധിക്കണ്ട മറ്റൊരു കാര്യം ബിജെപി ഈ വിഷയത്തില്‍ കാണിക്കുന്ന മൗനമാണ്. ഇത്രയും സംഭവം നടന്നിട്ടും ബിജെപി ഒരു സമരവും ചെയ്തിട്ടില്ല. അവര്‍ ഇതിനെ വിമര്‍ശിക്കുന്നില്ല. സൗകര്യപൂര്‍വ്വം ഇത് വിസ്മരിക്കുകയാണ്. സിപിഎമ്മും ബിജെപിയും തമ്മിലുള്ള അന്തര്‍ധാരയാണ് ഇതിലൂടെ പുറത്തുവരുന്നത്. കുറ്റവാളികള്‍ക്ക് സംരക്ഷണ കവചം ഒരുക്കാനാണ് ബിജെപി ശ്രമിക്കുന്നത്.

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പില്‍ ഇത്തവണ ഏറ്റവും കുറഞ്ഞ വിമതശല്യമാണ് യുഡിഎഫില്‍ ഉള്ളത്. അത് ആശാവഹമായ കാര്യമാണ്. റിബല്‍ സ്ഥാനാര്‍ത്ഥികളായി വന്ന ആളുകള്‍ പിന്മാറണം.

ഇല്ലെങ്കില്‍ അവര്‍ക്കെതിരെ നടപടി ഉണ്ടാവും.

പല സ്ഥലങ്ങളില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥികളെ സിപിഎം ഭീഷണിപ്പെടുത്തി നോമിനേഷന്‍ പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. പൊടിയാടിയില്‍ ആശ എന്ന സ്ഥാനാര്‍ത്ഥിയെ പിന്‍വലിപ്പിക്കാന്‍ ശ്രമിക്കുന്നു. ആന്തൂരിലോ മലപ്പട്ടത്തോ ഒക്കെയാണ് ഇങ്ങനെ കേട്ടിട്ടുള്ളത്. ഇതെന്ത് ജനാധിപത്യമാണ്? ഇവര്‍ക്ക് പരാജയഭീതിയാണ്. കേരളത്തില്‍ ഐക്യജനാധിപത്യ മുന്നണിക്ക് വളരെ അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ്. ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ വമ്പിച്ച മുന്നേറ്റമാണ് യുഡിഎഫ് ഉണ്ടാക്കാന്‍ പോകുന്നത്. വന്‍ വിജയമാണ്, ഇതുവരെ ഉണ്ടാകാത്ത ഒരു വിജയമായിരിക്കും യുഡിഎഫിന് ഈ പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ ഉണ്ടാകാന്‍ പോകുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Tags:    

Similar News