രക്തസാക്ഷി ഫണ്ടിലെ തിരിമറി നിയമസഭാ തിരഞ്ഞെടുപ്പിലും പ്രധാന ആയുധമാകും; പയ്യന്നൂരില്‍ ടി.ഐ. മധുസൂദനനെതിരെ 'വിമത വിപ്ലവം'; വി. കുഞ്ഞികൃഷ്ണനായി ചരടുവലിച്ച് വൈശാഖന്‍; ചുവപ്പുകോട്ടയില്‍ ഇക്കുറി അങ്കം മുറുകും; സിപിഎം വിമതര്‍ രണ്ടും കല്‍പ്പിച്ച്; പയ്യന്നൂരില്‍ മധുസൂദനന് അടിതെറ്റുമോ?
പയ്യന്നൂര്‍: സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായ പയ്യന്നൂര്‍ നിയമസഭാ മണ്ഡലത്തില്‍ ഇക്കുറി പോരാട്ടം പാര്‍ട്ടിക്ക് അകത്തുനിന്നു തന്നെയാകുമെന്ന് സൂചന. സിറ്റിംഗ് എം.എല്‍.എ ടി.ഐ. മധുസൂദനന്‍ വീണ്ടും ജനവിധി തേടാനൊരുങ്ങവെ, അദ്ദേഹത്തിനെതിരെ അഴിമതി ആരോപണമുന്നയിച്ച് പുറത്തായ മുന്‍ ഏരിയ സെക്രട്ടറി വി. കുഞ്ഞികൃഷ്ണനെ വിമതനായി രംഗത്തിറക്കാന്‍ നീക്കം സജീവമായി. തദ്ദേശ തിരഞ്ഞെടുപ്പില്‍ പയ്യന്നൂര്‍ നഗരസഭയിലെ കാര ഡിവിഷനില്‍ സി.പി.എം ഔദ്യോഗിക സ്ഥാനാര്‍ത്ഥിയെ തറപറ്റിച്ച് വന്‍ വിജയം നേടിയ ഡി.വൈ.എഫ്.ഐ മുന്‍ നേതാവ് സി. വൈശാഖാണ് ഈ നീക്കങ്ങള്‍ക്ക് പിന്നിലെന്നാണ് വിവരം.
രക്തസാക്ഷി ധനരാജ് ഫണ്ട്, പാര്‍ട്ടി ഓഫീസ് നിര്‍മ്മാണ ഫണ്ട് എന്നിവയില്‍ ടി.ഐ. മധുസൂദനന്‍ ക്രമക്കേട് നടത്തിയെന്ന വി. കുഞ്ഞികൃഷ്ണന്റെ വെളിപ്പെടുത്തല്‍ നേരത്തെ പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. ഈ ആരോപണത്തിന് പിന്നാലെ കുഞ്ഞികൃഷ്ണനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയെങ്കിലും പയ്യന്നൂരിലെ ഒരു വിഭാഗം പ്രവര്‍ത്തകര്‍ക്കിടയില്‍ അദ്ദേഹത്തിന് ശക്തമായ പിന്തുണയുണ്ട്. ഇക്കഴിഞ്ഞ തദ്ദേശ പോരില്‍ 63 ശതമാനം വോട്ട് നേടി വിജയിച്ച വൈശാഖന്റെ കരുത്തില്‍, കുഞ്ഞികൃഷ്ണനെ സ്വതന്ത്രനായി നിര്‍ത്തി മധുസൂദനനെ വീഴ്ത്താനാണ് വിമത പക്ഷത്തിന്റെ പ്ലാന്‍.
രക്തസാക്ഷി ഫണ്ടിലെ തിരിമറി നിയമസഭാ തിരഞ്ഞെടുപ്പിലും പ്രധാന ആയുധമാകും. കുഞ്ഞികൃഷ്ണന്‍ പുറത്തിറക്കിയ പുസ്തകത്തിലെ വെളിപ്പെടുത്തലുകള്‍ വോട്ടര്‍മാരെ സ്വാധീനിക്കുമെന്നാണ് വിമതരുടെ കണക്കുകൂട്ടല്‍. സി.പി.എമ്മിന്റെ വോട്ടുബാങ്കില്‍ വിള്ളലുണ്ടാക്കാന്‍ വൈശാഖനും സംഘത്തിനും കഴിയുമെന്ന് കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിട്ടുണ്ട്. കുഞ്ഞികൃഷ്ണന്‍ സ്വതന്ത്രനായി മത്സരിച്ചാല്‍ യു.ഡി.എഫ് പിന്തുണ നല്‍കാനുള്ള സാധ്യതയും രാഷ്ട്രീയ കേന്ദ്രങ്ങള്‍ തള്ളിക്കളയുന്നില്ല. പയ്യന്നൂരില്‍ റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ വിജയിച്ച മധുസൂദനന് ഈ വിമത നീക്കം വലിയ വെല്ലുവിളിയാകും. പാര്‍ട്ടി കോട്ടകളില്‍ വിള്ളലുണ്ടായാല്‍ അത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പ് ഫലത്തെ അട്ടിമറിക്കാനിടയുണ്ട്. ചുവപ്പിന്റെ കരുത്തില്‍ മധുസൂദനന്‍ വീണ്ടും ജയിക്കുമോ അതോ കുഞ്ഞികൃഷ്ണന്‍ അട്ടിമറി നടത്തുമോ എന്നാണ് ഇപ്പോള്‍ പയ്യന്നൂര്‍ ഉറ്റുനോക്കുന്നത്.
ചുവപ്പിന്റെ കോട്ടയാണ് പയ്യന്നൂര്‍. എല്ലാ തിരഞ്ഞെടുപ്പുകളിലും ഇവിടെ ചെങ്കോടി പാറി. പയ്യന്നൂരില്‍ സിറ്റിങ് എം.എല്‍.എ. ടി.ഐ.മധുസൂദനന്‍ തന്നെയായിരിക്കും ഇടതുസ്ഥാനാര്‍ഥി എന്നാണ് വിലയിരുത്തല്‍. ധനരാജ് രക്തസാക്ഷി ഫണ്ടിലുള്‍പ്പെടെ ധനാപഹരണം നടന്നുവെന്ന് ആരോപിച്ചതിനാണ് ജില്ലാകമ്മിറ്റി അംഗമായിരുന്ന കുഞ്ഞികൃഷ്ണനെ പുറത്താക്കിയത്. രക്തസാക്ഷിഫണ്ടില്‍ വെട്ടിപ്പ് നടന്നുവെന്ന ആരോപണം സി.പി.എമ്മിനെ പ്രതിസന്ധിയിലാക്കിയിരുന്നു. കുഞ്ഞികൃഷ്ണന്‍ മത്സരിച്ചാല്‍ ഫണ്ട് വിവാദം വീണ്ടും ചര്‍ച്ചയാവും.
മത്സരിക്കുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും സാഹചര്യം അനുസരിച്ച് തീരുമാനിക്കുമെന്നുമാണ് കുഞ്ഞികൃഷ്ണന്റെ നിലപാട്. കുഞ്ഞികൃഷ്ണന്റെ നീക്കത്തിനനുസരിച്ചായിരിക്കും യു.ഡി.എഫിന്റെ സ്ഥാനാര്‍ഥിനിര്‍ണയം. അദ്ദേഹം സ്വതന്ത്രനായി മത്സരിച്ചാല്‍ യു.ഡി.എഫ്. പിന്തുണയ്ക്കുമെന്നും പ്രചാരണമുണ്ട്. പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന പുതുയുഗയാത്രയോടൊപ്പമെത്തിയ ആര്‍.എസ്.പി. സംസ്ഥാന സെക്രട്ടറി ഷിബു ബേബി ജോണ്‍ കുഞ്ഞികൃഷ്ണനെ വീട്ടിലെത്തി കണ്ടിരുന്നു.
