ഖാസിയാവാന്‍ പാണക്കാട് സാദിഖലി തങ്ങള്‍ക്ക് യോഗ്യതയില്ലെന്ന ഉമ്മര്‍ ഫൈസി മുക്കത്തിന്റെ വിവാദ പ്രസ്താവന തളളി സമസ്ത; തങ്ങള്‍ക്ക് ബന്ധമില്ലെന്ന് ജിഫ്രി മുത്തുക്കോയ തങ്ങള്‍ അടക്കമുള്ളവരുടെ സംയുക്ത പ്രസ്താവന; നേതാക്കള്‍ വിവാദങ്ങളില്‍ നിന്നും വിട്ടുനില്‍ക്കണം
ഉമ്മര്‍ ഫൈസി മുക്കം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തള്ളി സമസ്ത
കോഴിക്കോട്: പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ക്കെതിരെ സമസ്ത സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കം നടത്തിയ വിവാദ പരാമര്‍ശങ്ങള്‍ തള്ളി സമസ്തയുടെ ഔദ്യോഗിക കുറിപ്പ്. തങ്ങള്‍ ഖാസി സ്ഥാനം ഏറ്റെടുത്തതുമായി ബന്ധപ്പെട്ട് ഉമര്‍ ഫൈസി മുക്കം നടത്തിയ പ്രസംഗത്തിലെ വിവാദ പരാമര്‍ശങ്ങളുമായി ബന്ധമില്ലെന്നാണ് സമസ്ത അറിയിച്ചത്. പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ് ലിയാര്‍, സെക്രട്ടറി എം.ടി അബ്ദുല്ല മുസ് ലിയാര്‍, ട്രഷറര്‍ പി.പി ഉമര്‍ മുസ് ലിയാര്‍ കൊയ്യോട് എന്നിവരാണ് സംയുക്ത പ്രസ്താവനയില്‍ നിലപാട് വ്യക്തമാക്കിയത്.
'സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും പോഷക സംഘടനകളുടെയും ഉത്തരവാദപ്പെട്ട പദവിയില്‍ ഇരിക്കുന്നവരും പ്രവര്‍ത്തകരും വിവാദ പ്രസ്താവനകളില്‍ നിന്നും ആരോപണ പ്രത്യാരോപണങ്ങളില്‍ നിന്നും പൂര്‍ണമായും വിട്ടുനില്‍ക്കണമെന്നും നേതാക്കള്‍ അഭ്യര്‍ഥിച്ചു. ഒരു നൂറ്റാണ്ട് പിന്നിടുന്ന സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ വൈവിധ്യമാര്‍ന്ന പദ്ധതികളുമായി നൂറാം വാര്‍ഷികത്തിന് തയ്യാറെടുക്കുന്ന സന്ദര്‍ഭത്തില്‍ സംഘടനയെ കൂടുതല്‍ ശക്തിപ്പെടുത്താനുള്ള ശ്രമങ്ങളാണ് എല്ലാവരില്‍ നിന്നും ഉണ്ടാവേണ്ടതെന്നും പരസ്പരം ഐക്യത്തിനും സൗഹാര്‍ദത്തിനും ഭംഗം വരുത്തുന്ന വിധം പൊതുവേദികളിലും സാമൂഹ്യമാധ്യമങ്ങളിലും വിവാദപരാമര്‍ശങ്ങള്‍ നടത്തുന്നത് പൂര്‍ണമായും ഒഴിവാക്കേണ്ടതാണ്. പ്രശ്ന പരിഹാരങ്ങള്‍ക്ക് വേണ്ടി ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ ശ്രമങ്ങള്‍ നടത്തുന്നതിനിടയില്‍ വിവാദ നിയമനങ്ങളോ പ്രസ്താവനകളോ ആരില്‍ നിന്നും ഉണ്ടാവാന്‍ പാടില്ലാത്തതാണെന്നും നേതാക്കള്‍' പറഞ്ഞു.
പാണക്കാട് തങ്ങന്മാര്‍ ഖാസിമാരായ മഹല്ലുകളെ ഒരുകുടക്കീഴില്‍ സംഘടിപ്പിക്കാനെന്ന പേരില്‍ തുടക്കമിട്ട ഖാസി ഫൗണ്ടേഷന്‍ സമസ്ത പണ്ഡിത നേതൃത്വത്തിന് ബദലാക്കാനുള്ള നീക്കമാണോയെന്ന് സമസ്ത സംശയിക്കുന്നുണ്ട്. ലീഗ് നേതാക്കളും സമസ്തയിലെ ലീഗനുകൂലികളുമാണ് ഖാസി ഫൗണ്ടേഷന്റെ നേതൃനിരയിലുള്ളത്. സമുദായത്തിന്റെ ആത്മീയ നേതൃത്വം സമസ്തയ്ക്കും രാഷ്ട്രീയ നേതൃത്വം ലീഗിനുമെന്ന അലിഖിത നയം ഖാസി ഫൗണ്ടേഷനിലൂടെയും സാദിഖലി തങ്ങള്‍ ചെയര്‍മാനായ കോ-ഓര്‍ഡിനേഷന്‍ ഒഫ് ഇസ്ലാമിക് കോളേജസിലൂടെയും (സി.ഐ.സി) ലീഗ് ലംഘിക്കുന്നെന്ന വികാരം സമസ്തയ്ക്കുണ്ട്.
ഖാസിയാവാന്‍ മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി തങ്ങള്‍ക്ക് യോഗ്യതയില്ലെന്നായിരുന്നു സമസ്ത സെക്രട്ടറി ഉമ്മര്‍ ഫൈസി മുക്കത്തിന്റെ പരസ്യ വിമര്‍ശനം. രാഷ്ട്രീയത്തിന്റെ പേരില്‍ ഖാസിയാകാന്‍ ചിലരുണ്ട്. പ്രശ്നങ്ങള്‍ പരിഹരിച്ചില്ലെങ്കില്‍ ചില കാര്യങ്ങള്‍ തുറന്നു പറയേണ്ടി വരും. ആയുധങ്ങള്‍ കൈയിലുണ്ട്. രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ സഹകരിച്ചു പോവുകയാണ് ലീഗിന് നല്ലതെന്നും ഉമ്മര്‍ ഫൈസി മുന്നറിയ് നല്‍കി.
അതിനിടെ പാണക്കാട് കുടുംബത്തെയും സാദിഖലി തങ്ങളെയും അപമാനിച്ചാല്‍ ലീഗ് പ്രവര്‍ത്തകര്‍ക്ക് പ്രതിരോധിക്കേണ്ടി വരുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ഇത്തരം ആളുകളെ നിലയ്ക്കു നിറുത്താന്‍ സമസ്ത തയ്യാറാവണം. ഉമ്മര്‍ ഫൈസിക്ക് പിന്നില്‍ സി.പി.എമ്മാണെന്നും ആരോപിച്ചു.
സര്‍ക്കാര്‍ ഏതോ കമ്മിറ്റിയില്‍ നല്‍കിയ നക്കാപിച്ചയ്ക്ക് പ്രത്യുപകാരം ചെയ്യുകയാണ് ഉമ്മര്‍ ഫൈസിയെന്നും സലാം പറഞ്ഞു.ഹക്കീം ഫൈസിയുടെ വിമര്‍ശനം ശരിയല്ലെന്നും തിരുത്തലിന് തയ്യാറാവണമെന്നും ലീഗനുകൂലിയും സമസ്ത നേതാവുമായ അബ്ദുസമദ് പൂക്കോട്ടൂര്‍ ആവശ്യപ്പെട്ടു. പാണക്കാട് സാദിഖലി തങ്ങള്‍ ഖാസിയാകാന്‍ സര്‍വഥാ യോഗ്യനാണെന്ന് മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. വ്യക്തികളുടെ വിമര്‍ശമാണ് ഉമര്‍ ഫൈസി മുക്കത്തില്‍നിന്നുണ്ടായത്. സമസ്തയുടെ അഭിപ്രായമല്ലെന്നും അദ്ദഹം പറഞ്ഞു.
ലീഗ് പ്രസിഡന്റിന്റെ പേര് പരാമര്‍ശിക്കാതെയായിരുന്നു ഫൈസിയുടെ വിമര്‍ശനം. 'ഖുര്‍ആന്‍ ഹദീസില്‍ നിന്നും നിയമങ്ങള്‍ കണ്ടുപിടിക്കാന്‍ പറ്റിയവരാകണം ഖാസി. മുന്നില്‍വരുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനും കഴിയണം. വിവരമില്ലെങ്കിലും ഖാസിയാകണമെന്നാണ് ആവശ്യം. രാഷ്ട്രീയത്തിന്റെ പേരില്‍ പലരും അതിനെ പിന്തുണയ്ക്കുന്നു. ഇക്കാര്യങ്ങള്‍ അതിരുവിടുന്നത് ശരിയല്ല. വിവരമില്ലാത്തവര്‍ അധികമാകുമ്പോഴും കുഴപ്പമുണ്ടാകണ്ട എന്നു കരുതിയാണ് സമസ്ത മിണ്ടാതിരിക്കുന്നത്'-- അദ്ദേഹം പറഞ്ഞു. കോ--ഓര്‍ഡിനേഷന്‍ ഓഫ് ഇസ്ലാമിക് കോളേജസു(സിഐസി)മായി ബന്ധപ്പെട്ട ലീഗ് നിലപാടിനെയും വിമര്‍ശിച്ചു. 'പണ്ട് സമസ്ത പറയുന്നത് കേള്‍ക്കാന്‍ തയ്യാറായിരുന്നു. ഇന്ന് സമസ്തയെ വെല്ലുവിളിച്ച് വേറെ സംഗതിയുണ്ടാക്കുകയാണ്. അതുകൊണ്ട് കരുതിയിരുന്നോണം. ഞങ്ങളുടെ അടുത്ത് ആയുധങ്ങളുണ്ട്. ആവശ്യം വരുമ്പോള്‍ അതെടുക്കുമെന്ന ഭയം നല്ലതാണ്'-- അദ്ദേഹം പറഞ്ഞു. െ