പാലക്കാട് സിപിഎം സ്ഥാനാര്‍ഥി ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് എല്‍ കെ അദ്വാനി; മതേതരത്വ ഗീര്‍വാണ പ്രസംഗം നടത്തുന്ന ചോക്ലേറ്റ് സ്ഥാനാര്‍ഥികള്‍ ചരിത്രം പഠിച്ചിട്ട് വേണം ബിജെപിയോട് മുട്ടാന്‍; പോരാട്ട ചരിത്രങ്ങള്‍ ഓര്‍മ്മിപ്പിച്ച് സന്ദീപ് ജി വാര്യര്‍

പോരാട്ട ചരിത്രങ്ങള്‍ ഓര്‍മ്മിപ്പിച്ച് സന്ദീപ് ജി വാര്യര്‍

Update: 2024-10-18 14:36 GMT

തിരുവനന്തപുരം: പാലക്കാട്ട് ആരു പോരിനിറങ്ങിയാലും പാലക്കാട്ടെ മണ്ണ് കോണ്‍ഗ്രസിനൊപ്പമായിരിക്കുമെന്നും പോരാട്ടം മതേതരത്വവും വര്‍ഗീയതയും തമ്മിലാണെന്നുമാണ് കഴിഞ്ഞ ദിവസം യുഡിഎഫ് സ്ഥാനാര്‍ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ പറഞ്ഞത്. ഇതിന് ചുട്ടമറുപടി നല്‍കുകയാണ് ബിജെപി സംസ്ഥാന കമ്മിറ്റി അംഗവും എഴുത്തുകാരനുമായ സന്ദീപ് ജി വാര്യര്‍. കോണ്‍ഗ്രസും ജനസംഘവും ജനസംഘവും സിപിഎമ്മും എല്ലാം മുന്‍കാലത്ത് തിരഞ്ഞെടുപ്പുകളില്‍ സഹകരിച്ച് പ്രവര്‍ത്തിച്ച ചരിത്രം ഓര്‍മ്മിച്ച് കൊണ്ട് രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നു എന്നാണ് സന്ദീപ് ജി വാര്യര്‍ കുറിക്കുന്നത്.

1977 ല്‍ പാലക്കാട് തെരഞ്ഞെടുപ്പില്‍ ലോക്‌സഭയിലേക്കുള്ള സിപിഎം സ്ഥാനാര്‍ഥി ശിവദാസമേനോന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് ജനസംഘം അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന ലാല്‍ കൃഷ്ണ അഡ്വാനിയാണെന്നതും അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. 'ബിജെപി ബാന്ധവം പരസ്പരം ആരോപിക്കുകയും പുരപ്പുറത്തു കയറി നിന്ന് മതേതരത്വ ഗീര്‍വാണ പ്രസംഗം നടത്തുകയും ചെയ്യുന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ചോക്ലേറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ ചരിത്രം അറിയില്ലെങ്കില്‍ അറിയാവുന്നവരോട് പഠിച്ചിട്ട് വേണം ബിജെപിയോട് ഏറ്റുമുട്ടാന്‍ വരാന്‍': സന്ദീപിന്റെ കുറിപ്പില്‍ പറയുന്നു.

സന്ദീപ് ജി വാര്യരുടെ കുറിപ്പിന്റെ പൂര്‍ണരൂപം:

പാലക്കാട് മതേതരത്വവും വര്‍ഗീയതയും തമ്മിലുള്ള പോരാട്ടം ആണെന്ന് യുഡിഎഫ് സ്ഥാനാര്‍ഥി പറയുന്നു. ചില പോരാട്ട ചരിത്രങ്ങള്‍ പറയാം.

1971 ലോക്‌സഭാ തിരഞ്ഞെടുപ്പ്. പാലക്കാട് കോണ്‍ഗ്രസിന് സ്ഥാനാര്‍ത്ഥിയില്ല. പിന്തുണച്ചത് ജനസംഘക്കാരനായ ടി സി ഗോവിന്ദനെ.

1980 കാസര്‍കോട് ലോക്‌സഭാ ഇലക്ഷന്‍. യുഡിഎഫിന് സ്ഥാനാര്‍ഥി ഇല്ല. വോട്ട് ചെയ്തത് പാലക്കാട്കാരനായ ജനസംഘം നേതാവ് ഓ രാജഗോപാലിന്. രാജഗോപാലിന്റെ ഇലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ചെര്‍ക്കളം അബ്ദുള്ള. പെരിങ്ങളത്ത് കെ ജി മാരാരുടെ തെരഞ്ഞെടുപ്പിന് പ്രചരണത്തിന് നേതൃത്വം നല്‍കിയത് ഇന്നത്തെ കെപിസിസി പ്രസിഡണ്ട് കെ സുധാകരന്‍.

1968 മുതല്‍ 1979 വരെ പാലക്കാട് മുനിസിപ്പാലിറ്റി ഭരിച്ചത് ജനസംഘം. ലക്ഷ്മി നാരായണ അയ്യര്‍ ചെയര്‍മാന്‍. മൂത്താന്‍തറയിലെ ആര്‍എസ്എസുകാരനായ ബാലകൃഷ്ണന്‍ വൈസ് ചെയര്‍മാന്‍. 11 വര്‍ഷക്കാലം പിന്തുണച്ചത് ലീഗ്. ലീഗ് ജില്ലാ പ്രസിഡന്റ് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍. ഇതൊക്കെ പറയുമ്പോള്‍ സഖാക്കള്‍ക്ക് തോന്നും കോണ്‍ഗ്രസ് മാത്രമേ ഉള്ളൂവെന്ന്. അങ്ങനെയല്ല കേട്ടോ.

1977 പാലക്കാട് ലോക്‌സഭ തെരഞ്ഞെടുപ്പ് സിപിഎം സ്ഥാനാര്‍ഥി ശിവദാസമേനോന്‍. ഗൗഡര്‍ തീയറ്ററില്‍ ആ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തത് ജനസംഘം അഖിലേന്ത്യാ പ്രസിഡണ്ടായിരുന്ന ലാല്‍ കൃഷ്ണ അഡ്വാനി. ഇനി അത് അടിയന്തരാവസ്ഥക്കാലത്ത് മാത്രം ഉണ്ടായ പ്രത്യേക സാഹചര്യമാണ് എന്നാണ് വാദമെങ്കില്‍ 1967 ല്‍ ബീഹാറില്‍ സംയുക്ത വിധാന്‍ ദള്‍ മന്ത്രിസഭ അധികാരത്തില്‍ വന്നു. കര്‍പ്പൂരി താക്കൂര്‍ ഉപമുഖ്യമന്ത്രി. ക്യാബിനറ്റില്‍ കമ്മ്യൂണിസ്റ്റുകാരും ജനസംഘക്കാരും ഒരുമിച്ചിരുന്നു.

അതേ വര്‍ഷം ബംഗാളില്‍ രൂപീകരിച്ച കോണ്‍ഗ്രസ് ഇതര സര്‍ക്കാര്‍, കമ്മ്യൂണിസ്റ്റുകാര്‍ ജനസംഘത്തിന്റെ ഏക എംഎല്‍എയുടെ പിന്തുണ തേടി അധികാരത്തിലെത്തി. 1989ല്‍ വി പി സിംഗ് സര്‍ക്കാര്‍ ഇടതുപക്ഷവും ബിജെപിയും ഒരു ടേബിളില്‍ ഇരുവശത്ത് ഒരുമിച്ചിരുന്ന് ചര്‍ച്ചചെയ്ത് പിന്തുണച്ചു.

1991 മുതല്‍ 1995 വരെ പാലക്കാട് ബിജെപി പിന്തുണ ചോദിച്ചു വാങ്ങി സിപിഎം നഗരസഭ ഭരിച്ചു. ചെയര്‍മാന്‍ എം എസ് ഗോപാലകൃഷ്ണന്‍. അന്ന് സിപിഎം ഏരിയ സെക്രട്ടറി സഖാവ് എന്‍ എന്‍ കൃഷ്ണദാസ്. 1992 ല്‍ അയോധ്യ സംഭവത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പ്രതിഷേധവുമായി നഗരസഭയില്‍ പ്രമേയം അവതരിപ്പിച്ചപ്പോള്‍ അതെല്ലാം ലോക്‌സഭയില്‍ ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങളാണ് എന്ന് പറഞ്ഞ് സിപിഎം ചെയര്‍മാന്‍ അനുവദിച്ചില്ല.

രാഷ്ട്രീയ അസ്പൃശ്യത പാപമാണ് എന്ന് ബിജെപി വിശ്വസിക്കുന്നു. Political untouchability is a sin . ബിജെപി ബാന്ധവം പരസ്പരം ആരോപിക്കുകയും പുരപ്പുറത്തു കയറി നിന്ന് മതേതരത്വ ഗീര്‍വാണ പ്രസംഗം നടത്തുകയും ചെയ്യുന്ന യുഡിഎഫിന്റെയും എല്‍ഡിഎഫിന്റെയും ചോക്ലേറ്റ് സ്ഥാനാര്‍ത്ഥികള്‍ക്ക് രാഷ്ട്രീയ ചരിത്രം അറിയില്ലെങ്കില്‍ അറിയാവുന്നവരോട് പഠിച്ചിട്ട് വേണം ബിജെപിയോട് ഏറ്റുമുട്ടാന്‍ വരാന്‍. തല്‍ക്കാലം ഇത്രമാത്രം.

Full View


Tags:    

Similar News