ജനകീയ ആരോഗ്യകേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് മുന്‍പ് ഇസ്ലാം മതപരമായ പ്രാര്‍ഥന; മതപരമായ ചടങ്ങ് നടത്താന്‍ അനുവദിച്ചത് കായംകുളം നഗരസഭയിലെ സിപിഎം - ലീഗ് കൂട്ടുകെട്ടിന്റെ ഭാഗം; ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി

ആരോപണവുമായി ബിജെപി നേതാവ് സന്ദീപ് വാചസ്പതി

Update: 2025-02-17 08:33 GMT

കായംകുളം: കായംകുളം നഗരസഭയിലെ 43 ആം വാര്‍ഡില്‍ ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് മുന്‍പാണ് ഇസ്ലാം മതപരമായ പ്രാര്‍ഥന നടത്തിയതിനെ ചൊല്ലി വിവാദം. ജനകീയ ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിട ഉദ്ഘാടനത്തിന് മുന്‍പ് ഇസ്ലാം മതപരമായ പ്രാര്‍ഥന നടത്തിയതിലാണ് ബിജെപി ആരോപണം ഉന്നയിക്കുന്നത്. സര്‍ക്കാര്‍ സ്ഥാപനത്തില്‍ ഇസ്ലാം മത വിശ്വാസവുമായി ബന്ധപ്പെട്ട പ്രാര്‍ഥന നടന്നത് ഭരണഘടന ലംഘനമെന്ന് ബിജെപി ആലപ്പുഴ തെക്ക് ജില്ലാ പ്രസിഡന്റ് സന്ദീപ് വാചസ്പതി അറിയിച്ചു.

സര്‍ക്കാര്‍ ചടങ്ങില്‍ മതപരമായ ചടങ്ങ് നടത്തുന്നത് ഭരണഘടന ലംഘനമാണ്. കായംകുളം നഗരസഭ ഭരിക്കുന്നത് സിപിഎമ്മാണ്. ജനകീയ ആരോഗ്യ കേന്ദ്രം കെട്ടിടം ഉദ്ഘാടനം ചെയ്തത് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാനാണ്. ചടങ്ങില്‍ എം.എല്‍.എ അഡ്വ. യു. പ്രതിഭ അധ്യക്ഷയായിരുന്നു. 43 വാര്‍ഡ് മുസ്ലീം ലീഗ് ഭരിക്കുന്നു. മതപരമായ ചടങ്ങ് നടത്താന്‍ അനുവദിച്ചത് കായംകുളം നഗരസഭയിലെ സിപിഎം - ലീഗ് കൂട്ടുകെട്ടിന്റെ ഭാഗമാണ്. സംസ്ഥാന സര്‍ക്കാരും നാഷണല്‍ ഹെല്‍ത്ത് മിഷനുമായി സഹകരിച്ചുകൊണ്ടാണ് ആരോഗ്യ കേന്ദ്രം നഗരസഭ പ്രവര്‍ത്തന സജ്ജമാക്കുന്നത്. ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്ത മന്ത്രി സജി ചെറിയാനും, യു. പ്രതിഭ എംഎല്‍എയും വിഷയത്തില്‍ മറുപടി പറയണമെന്നും ബിജെപി പറഞ്ഞു.

ചാലിശ്ശേരി തങ്ങളുടെ നേതൃത്വത്തിലായിരുന്നു പ്രാര്‍ഥന. സര്‍ക്കാര്‍ ഇക്കാര്യം വിശദീകരിക്കണം. മുസ്ലീം ജനസംഖ്യ കൂടുതലുള്ള സ്ഥലമാണ് ഇവിടം. അതുകൊണ്ട് ആ വിഭാഗത്തിന് മുന്‍ഗണന ഉണ്ടോ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. ബിജെപിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രതിഷേധ പരിപാടികള്‍ നടത്തുമെന്നും വചസ്പതി അറിയിച്ചു. സംഭവത്തെ കുറിച്ച് ഫേസ്ബുക്കിലും സന്ദീപ് കുറിച്ചിട്ടുണ്ട്.

സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ:

സര്‍ക്കാര്‍ ആശുപത്രി നിസ്‌കാരപ്പുരയോ?. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ പദ്ധതിയായ ഹെല്‍ത്ത് & വെല്‍നസ് സെന്ററിന്റെ കായംകുളം കേന്ദ്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ റാത്തീബും ദുഅ മജ്ലിസും (പ്രാര്‍ത്ഥന സംഗമം) നടത്തിയത് ഭരണഘടനാ ലംഘനവും മതനിരപേക്ഷതക്ക് വെല്ലുവിളിയുമാണ്. സിപിഎം ഭരിക്കുന്ന കായംകുളം നഗരസഭയിലെ 43-ാം വാര്‍ഡിലായിരുന്നു സംഭവം.

ഭരണഘടന കുന്തവും കുടച്ചക്രവും ആണെന്ന നിലപാടുള്ള മന്ത്രി സജി ചെറിയാനായിരുന്നു ഉദ്ഘാടകന്‍. സിപിഎം എംഎല്‍എ ശ്രീമതി പ്രതിഭാ ഹരി അധ്യക്ഷയും. മുസ്ലിം ലീഗ് വിജയിച്ച വാര്‍ഡിലായത് കൊണ്ട് ആ പ്രദേശം ഇസ്ലാമിക രാജ്യമായി പ്രഖ്യാപിച്ചോ എന്ന് സിപിഎം വ്യക്തമാക്കണം.

കായംകുളം നഗരസഭയില്‍ ഇന്ത്യന്‍ ഭരണഘടനയ്ക്ക് പകരം ശരീഅത്ത് നിയമം പ്രാബല്യത്തില്‍ വന്നതായി പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ടോ? ഇല്ലായെങ്കില്‍ സര്‍ക്കാര്‍ ചടങ്ങില്‍ ഇത്തരം ആചാരം നടത്തിയവര്‍ക്കെതിരെ കേസ് എടുക്കണം. സിപിഎം ലീഗ് അവിശുദ്ധ കൂട്ടുകെട്ട് ഭരണഘടനയെ അട്ടിമറിക്കുന്ന തരത്തിലേക്ക് വളര്‍ന്നു കഴിഞ്ഞു എന്നത് പുരോഗമന സമൂഹത്തിന് ഭീഷണിയാണ്.

കായംകുളം നഗരസഭയില്‍ ശരിഅത്ത് നിയമം നടപ്പാക്കാനുള്ള സിപിഎം ലീഗ് നീക്കത്തിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം സംഘടിപ്പിക്കും. സമൂഹത്തില്‍ വര്‍ഗ്ഗീയ ചേരിതിരിവ് സൃഷ്ടിക്കാനുള്ള അപകടകരമായ രീതിക്കെതിരെ ബഹുജന പ്രക്ഷോഭം ഉയരണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.


Full View


Tags:    

Similar News