'കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരും'; സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടി രാജനീകാന്തിന്റെ ഡയലോഗ്; സന്ദീപ് വാര്യരുടെ പ്രതികരണം ഇങ്ങനെ
കെ സുരേന്ദ്രനും സി കൃഷ്ണകുമാറിനും മറുപടിയുമായി സന്ദീപ് വാര്യര്‍
പാലക്കാട്: പാലക്കാട് ഉപതിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പരാജയത്തിന് കാരണം കെ. സുരേന്ദ്രനും സംഘാംഗങ്ങളുമാണെന്ന് തുറന്നടിച്ച് സന്ദീപ് വാര്യര്‍. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കെ. സുരേന്ദ്രനാണ്. സുരേന്ദ്രന്‍ രാജിവച്ച് പുറത്തുപോകാതെ ബിജെപി എന്ന പ്രസ്ഥാനം കേരളത്തില്‍ രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും സന്ദീപ് പ്രതികരിച്ചു.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദപ്രകടനത്തിനിടെയാണ് ബിജെപിയെയും കെ സുരേന്ദ്രനെയും പരിഹസിച്ച് സന്ദീപ് വാര്യര്‍ രംഗത്ത് വന്നത്. ബിജെപി ഓഫീസിനെ കുറിച്ചാണെങ്കില്‍ ചെകുത്താന്‍ കയറിയ വീട് എന്ന് പാടാം എന്നായിരുന്നു സന്ദീപ് വാര്യരുടെ പരിഹാസം. സന്ദീപിനൊപ്പം ആര് പോയി എന്ന കെ സുരേന്ദ്രന്റെയും ബിജെപി സ്ഥാനാര്‍ത്ഥി സി കൃഷ്ണകുമാറിന്റെയും ചോദ്യത്തിന് രാജനീകാന്ത് ഡയലോഗ് ഉപയോഗിച്ചാണ് സന്ദീപ് വാര്യര്‍ മറുപടി പറഞ്ഞത്. കണ്ണാ പന്നീങ്ക താന്‍ കൂട്ടമാ വരും, സിങ്കം സിംഗിളാ താന്‍ വരുമെന്നായിരുന്നു സന്ദീപ് വാര്യരുടെ മറുപടി.
യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദപ്രകടനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സുരേന്ദ്രേട്ടന്‍ ഇപ്പോള്‍ സുരേന്ദ്രയാന്‍ ആയി മാറി, ബഹിരാകാശത്തുണ്ട്. ദീര്‍ഘ കാലം ബഹിരാകാശത്ത് തന്നെ നില്‍ക്കട്ടെ, കേരളത്തിലെ മത നിരപേക്ഷ വിശ്വാസികള്‍ക്ക് അതാണ് നല്ലതെന്നും സന്ദീപ് വാര്യര്‍ പരിഹസിച്ചു. രാഹുല്‍ മാങ്കൂട്ടത്തിലിന് വിജയാശംസകള്‍ നേര്‍ന്നുകൊണ്ടാണ് സന്ദീപ് വാര്യര്‍ വാക്കുകള്‍ അവസാനിപ്പിച്ചത്.
ഇഞ്ചോടിഞ്ച് പോരാട്ടം നടന്ന പാലക്കാട് നിയമസഭ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തില്‍ റെക്കോഡ് ജയമാണ് സ്വന്തമാക്കിയത്. 18840 വോട്ടുകളും ഭൂരിപക്ഷത്തിനാണ് രാഹുല്‍ മാങ്കൂട്ടത്തില്‍ ജയിച്ചത്.
നേരത്തെ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ലീഡ് നില ഉയര്‍ന്ന ഘട്ടത്തിലും സന്ദീപ് വാര്യര്‍ ബിജെപിക്ക് എതിരെ വിമര്‍ശനം ഉന്നയിച്ചിരുന്നു. ''സന്ദീപ് വാര്യര്‍ ഏതുവരെ പോകുമെന്ന് നോക്കാം, സന്ദീപ് വാര്യര്‍ ചീളു കേസാണ്, സന്ദീപ് വാര്യര്‍ ഒന്നുമല്ലാത്തവനാണ്, ഒരു സന്ദീപ് പോയാല്‍ നൂറ് സന്ദീപ് വരും എന്നൊക്കെയാണല്ലോ പറഞ്ഞുകൊണ്ടിരുന്നത്. എനിക്ക് പാലക്കാട്ടെ ജനങ്ങളില്‍ വിശ്വാസമുണ്ട്. അവര്‍ തന്ന സ്‌നേഹത്തിന് ഒരുപാട് നന്ദിയുണ്ട്. ഉജ്ജ്വലമായ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനമാണ് യുഡിഎഫിന്റെ നേതൃത്വത്തില്‍ നടന്നത്.
പാലക്കാട് മുനിസിപ്പാലിറ്റിയില്‍ ബിജെപിയുടെ അടിവേര് യുഡിഎഫ് മാന്തിയിരിക്കുകയാണ്. ഈ പരാജയത്തിന്റെ ഉത്തരവാദിത്തം കെ. സുരേന്ദ്രനാണ്. സുരേന്ദ്രന്‍ രാജി വയ്ക്കാതെ, സുരേന്ദ്രന്‍ പുറത്തുപോകാതെ ബിജെപി എന്ന പ്രസ്ഥാനം കേരളത്തില്‍ രക്ഷപ്പെടാന്‍ പോകുന്നില്ല. പക്ഷേ, ഞാന്‍ ആഗ്രഹിക്കുന്നത് അയാള്‍ രാജി വയ്ക്കണ്ട എന്നാണ്.സി. കൃഷ്ണകുമാര്‍ സ്ഥാനാര്‍ത്ഥി ആയതുകൊണ്ടുതന്നെയാണ് പാലക്കാട് ബിജെപിക്ക് തിരിച്ചടി ഉണ്ടായത്.
പാല്‍ സൊസൈറ്റിയില്‍ ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, പഞ്ചായത്തില്‍ ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍, മുനിസിപ്പാലിറ്റയിലും നിയമസഭയിലും പാര്‍ലമെന്റിലും ഇലക്ഷന്‍ നടന്നാല്‍ കൃഷ്ണകുമാര്‍. കൃഷ്ണകുമാറും ഭാര്യയും മാത്രമാണ് പാലക്കാട്ടെ ബിജെപി എന്ന് എഴുതികൊടുത്ത ബിജെപി നേതൃത്വം തന്നെയാണ് ഈ പരാജയത്തിന് കാരണം.
കെ. സുരേന്ദ്രനെയും അദ്ദേഹത്തിന്റെ സംഘാംഗങ്ങളെയും മാരാര്‍ജി ഭവനില്‍ നിന്ന് അടിച്ചു പുറത്താക്കി ചാണകം തളിക്കണം. അടുത്ത ഇലക്ഷനോട് കൂടി പാലക്കാട് മുനിസിപ്പാലിറ്റി ഭരണവും ബിജെപിക്ക് നഷ്ടപ്പെടുമെന്ന് സന്ദീപ് വാര്യര്‍ പറഞ്ഞു.