പിണറായി പറഞ്ഞതു കേട്ടില്ല; ഗോവിന്ദന്റെ വാക്കിന് പുല്ലു വില! ഭിന്ന ശേഷിക്കാരനെ മര്‍ദ്ദിച്ചപ്പോള്‍ നല്‍കിയ താക്കീതുകള്‍ക്ക് പുല്ലുവില; ലക്ഷദ്വീപുകാരനെ ഹോസ്റ്റലില്‍ കയറി കുട്ടി സഖാക്കള്‍ മര്‍ദ്ദിച്ചത് എകെജി സെന്ററിനും പിടിച്ചില്ല; യൂണിവേഴ്‌സിറ്റി കോളേജിലെ എസ് എഫ് ഐയില്‍ ശുദ്ധികലശം; കേസുകളില്‍ പോലീസ് ഒളിച്ചുകളിയും

Update: 2024-12-18 01:51 GMT

തിരുവനന്തപുരം : യൂണിവേഴ്‌സിറ്റി കോളജിലെ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ഭിന്നശേഷിക്കാരനെ മര്‍ദിച്ച സംഭവത്തില്‍ എസ്.എഫ്.ഐ. കോളജ് യൂണിറ്റു കമ്മിറ്റി പിരിച്ചു വിട്ടത് നിരന്തര പരാതികളെ തുടര്‍ന്ന്. മുമ്പും സമാന പരാതികള്‍ യൂണിവേഴ്‌സിറ്റി കോളേജുമായി ബന്ധപ്പെട്ടുയര്‍ന്നിരുന്നു. സി.പി.എം. ജില്ലാ സെക്രട്ടേറിയറ്റിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി. എസ്.എഫ്.ഐ. ജില്ലാ കമ്മിറ്റിയാണ് നടപടിയെടുത്തത്. സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ അറിവോടെയാണ് തീരുമാനം. മുഖ്യമന്ത്രി പിണറായി വിജയനും എസ് എഫ് ഐ മര്‍ദ്ദനത്തില്‍ കടുത്ത അതൃപ്തിയിലാണ്.

എസ്.എഫ്.ഐ. യൂണിറ്റ് പ്രസിഡന്റ് ,സെക്രട്ടറി എന്നിവരുടെ നേതൃത്വത്തില്‍ കോളേജ് യൂണിയന്‍ ഓഫീസില്‍ വച്ച് മര്‍ദ്ദിച്ചെന്നാണ് ഭിന്നശേഷിക്കാരനായ മുഹമ്മദ് അനസ് പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ഇവര്‍ക്കെതിരേ പോലീസ് കേസെടുത്തിരുന്നു. ഇതിനു പിന്നാലെ അനസിനെ അനുകൂലിച്ച് നിലപാടെടുത്തു എന്ന പേരില്‍ സുഹൃത്തായ ലക്ഷദ്വീപ് സ്വദേശി മുഹമ്മദ് ഫയാസ് ഖാനെ യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ വച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇതാണ് സിപിഎം നേതൃത്വത്തെ ചൊടുപ്പിച്ചത്. എല്ലാ കാമ്പസിനും സന്ദേശം നല്‍കാന്‍ കൂടിയാണ് തിരുവനന്തപുരത്തെ നടപടി.

ഭിന്നശേഷിക്കാരനായ വിദ്യാര്‍ഥിയെ മര്‍ദിച്ച സംഭവത്തില്‍ ശക്തമായ നടപടി വേണമെന്ന് സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍ എസ്.എഫ്.ഐ സംസ്ഥാന നേതൃത്വത്തോട് നിര്‍ദേശിച്ചിരുന്നു. വിഷയം കുടുതല്‍ വിവാദമായതോടെയാണ് സി.പ.ിഎം. തിരുവനന്തപുരം ജില്ലാ നേതൃത്വം ഇടപെട്ടത്. സി.പി.എം നേതൃത്വം ഇടപെട്ടിട്ടും യൂണിറ്റ് കമ്മിറ്റി ഭാരവാഹികള്‍ അക്രമ സംഭവങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് തീരുമാനം. യൂണിറ്റ് കമ്മിറ്റിക്ക് പകരം പുതിയ അഡ്ഹോക്ക് കമ്മിറ്റിയെ തെരഞ്ഞെടുക്കും. കോളജില്‍ തുടര്‍ച്ചയായി ഉണ്ടാകുന്ന സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തിലാണ് നടപടി. തുടര്‍ച്ചയായി പാര്‍ട്ടിക്ക് കളങ്കമുണ്ടാക്കുന്ന പ്രവര്‍ത്തനങ്ങള്‍ യൂണിവേഴ്സിറ്റി കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകരുടെ ഭാഗത്ത് നിന്നുമുണ്ടായ സാഹചര്യത്തിലാണ് നടപടി.

എസ്എഫ്‌ഐയുടെ ജില്ലയിലെ ഏറ്റവും ശക്തമായ കേന്ദ്രങ്ങളിലൊന്നാണ് യൂണിവേഴ്സിറ്റി കോളേജ്.സിപിഎമ്മിനെ പ്രതിരോധത്തിലാക്കുന്ന പ്രവര്‍ത്തനങ്ങള്‍ നിരവധി തവണ യൂണിവേഴ്സിറ്റി എസ്എഫ്‌ഐ കമ്മിറ്റിയുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ടെങ്കിലും അന്നെല്ലാം സിപിഎം ജില്ലാ നേതൃത്വം കണ്ണടക്കുകയായിരുന്നു. അതിനിടെ യൂണിവേഴ്‌സിറ്റി കോളേജിലെ ഭിന്നശേഷിക്കാരനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ നേതാക്കള്‍ക്കെതിരായ അന്വേഷണത്തില്‍ ഉഴപ്പുകയാണ് പൊലീസ് എന്ന വാദവും ഉയര്‍ന്നിരുന്നു. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തിട്ടും അറസ്റ്റ് ചെയ്യാത്ത പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി വരുന്നതുവരെ നടപടി നിര്‍ത്തിവച്ചു. കോടതി നിര്‍ദ്ദേശം കൂടി പരിഗണിച്ചാണ് ഇത്. എന്നാല്‍ കോടതിയില്‍ ഹര്‍ജി വരും മുമ്പ് തന്നെ ഇവരെ അറസ്റ്റു ചെയ്യാന്‍ പോലീസിന് കഴിയുമായിരുന്നു.

അതിനിടെ, കോളേജിലെ അച്ചടക്ക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നാല് വിദ്യാര്‍ഥികളെ പ്രിന്‍സിപ്പല്‍ കോളേജില്‍ നിന്ന് സസ്പെന്റ് ചെയ്തു. യൂണിറ്റ് സെക്രട്ടറിയും പി.ജി സുവോളജി രണ്ടാം വര്‍ഷ വിദ്യാര്‍ഥിയുമായ വിധു ഉദയ, പ്രസിഡന്റും ഫിലോസഫി മൂന്നാംവര്‍ഷ വിദ്യാര്‍ഥിയുമായ അമല്‍ചന്ദ്, ഹിസ്റ്ററി മൂന്നാംവര്‍ഷ വിദ്യാര്‍ഥി മിഥുന്‍, ബോട്ടണി മൂന്നാം വര്‍ഷ വിദ്യാര്‍ഥി അലന്‍ ജമാല്‍ എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്.ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിന് ആയിരുന്നു ആക്രമണം. പെരുങ്കുളം കോന്നിയൂര്‍ ചക്കിപ്പാറ മൂഴിയില്‍ വീട്ടില്‍ മുഹമ്മദ് അനസ് (19)നെ ആണ് ആക്രമിച്ചത്.

തടയാന്‍ ശ്രമിച്ച സുഹൃത്ത് അഫ്‌സലിനെയും വളഞ്ഞിട്ട് തല്ലി. അനസിന്റെ സ്വാധീന കുറവുള്ള കാലില്‍ ചവിട്ടിയും ഇരുമ്പു കമ്പി കൊണ്ട് തലയ്ക്കടിച്ചും ക്രൂരമായി ആക്രമിക്കുകയായിരുന്നു. കോളേജിലെ എസ്.എഫ്.ഐ നേതാക്കള്‍ പറയുന്നതുപോലെ സംഘടനാപ്രവര്‍ത്തനം നടത്താത്തത് ചോദ്യം ചെയ്താണ് മര്‍ദനമെന്നാണ് അനസ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നത്.അനസിനോടൊപ്പം നിന്നതിന് കഴിഞ്ഞ ദിവസം കോളേജ് ഹോസറ്റല്‍ മുറിയില്‍ ലക്ഷദ്വീപ് സ്വദേശിയായ വിദ്യാര്‍ഥിക്ക് മര്‍ദ്ദിച്ചിരുന്നു.

സംഭവത്തെക്കുറിച്ച് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ പി.സുധീര്‍ അന്വേഷണം നടത്തുമെന്ന് മന്ത്രി ആര്‍.ബിന്ദു നേരത്തേ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഇതുവരെ കൂടുതല്‍ നടപടികള്‍ ഉണ്ടായിട്ടില്ല. കോളേജ് അച്ചടക്കസമിതി നല്‍കുന്ന റിപ്പോര്‍ട്ട് പ്രിന്‍സിപ്പല്‍ കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ക്കു കൈമാറും.

Tags:    

Similar News