ആര്‍ക്കെതിരെയാണോ കേസ് അവര്‍ നിയമപരമായി നേരിടണം; എസ്എഫ്ഐഒ കേസില്‍ പിണറായിയെയും മകളെയും പിന്തുണക്കുന്നതില്‍ ഭിന്ന നിലപാടുമായി മുഹമ്മദ് സലിം; ബംഗാള്‍ പാര്‍ട്ടി സെക്രട്ടറിയുടെ വിഭിന്ന നിലപാടിലും പ്രകാശ് കാരാട്ടും കേരളാ ഘടകവും മുഖ്യമന്ത്രിക്ക് പിന്നില്‍ ഉറച്ചു തന്നെ!
ആര്‍ക്കെതിരെയാണോ കേസ് അവര്‍ നിയമപരമായി നേരിടണം
മധുര: കേരള മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ മകള്‍ വീണ വിജയനെതിരെയുള്ള എസ്എഫ്ഐഒ നടപടിയില്‍ സ്വീകരിക്കേണ്ട നിലപാടിനെ ചൊല്ലി പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഭിന്നതയെന്ന് റിപ്പോര്‍ട്ടുകള്‍. സിപിഎം കേരളാ ഘടകവും പ്രകാശ് കാരാട്ടും അടക്കമുള്ളവര്‍ വിഷയത്തില്‍ മുഖ്യമന്ത്രിക്ക് പിന്തുണയുമായി രംഗത്തുണ്ട്. എന്നാല്‍, പാര്‍ട്ടി പ്രതിരോധിക്കേണ്ട കാര്യമല്ലെന്ന നിലപാടാണ് സിപിഎം പോളിറ്റ് ബ്യൂറോ അംഗം മുഹമ്മദ് സലിം സ്വീകരിച്ചത്. ആര്‍ക്കെതിരെയാണോ അവര്‍ നിയമപരമായി നേരിടണമെന്ന നിലപാടാണ് ബംഗാള്‍ പാര്‍ട്ടി സെക്രട്ടറി കൂടിയായ മുഹമ്മദ് സലിം സ്വീകരിച്ചത്. പാര്‍ട്ടി പാര്‍ട്ടിയുടെ രീതിയില്‍ മുന്നോട്ടുപോകുമെന്നും അദ്ദേഹം പറഞ്ഞു.
കേസ് രാഷ്ട്രീയമായും നിയമപരമായും നേരിടും എന്നതായിരുന്നു പ്രകാശ് കാരാട്ട് ഉള്‍പ്പെടെയുള്ള നേതാക്കളുടെ നിലപാട്. മുതിര്‍ന്ന നേതാക്കള്‍ക്കിടയില്‍ ഇക്കാര്യത്തില്‍ ഭിന്ന അഭിപ്രായമെന്നും സൂചനയുണ്ട്. കേസ് രാഷ്ട്രീയപ്രേരിതമാണെന്ന് പോളിറ്റ് ബ്യൂറോ കോര്‍ഡിനേറ്റര്‍ പ്രകാശ് കാരാട്ട് നേരത്തെ പറഞ്ഞു. രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്നും പ്രകാശ് കാരാട്ട് പ്രതികരിച്ചു. രാഷ്ട്രീയ പ്രേരിതമായുള്ള നീക്കമാണെന്ന് നേരത്തെ പറഞ്ഞതാണെന്നും അദ്ദേഹം വ്യക്തമാക്കി.
എസ്എഫ്‌ഐഒ പ്രതി ചേര്‍ത്ത സംഭവത്തെ കുറിച്ചുള്ള വാര്‍ത്ത സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കണമെന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ പറഞ്ഞു. കേസ് ഡല്‍ഹി ഹൈക്കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണെന്നും വിധി പറയേണ്ട ഘട്ടത്തിലാണ് ജഡ്ജിയെ സ്ഥലം മാറ്റിയതെന്നും അദ്ദേഹം പറഞ്ഞു. അതിനിടയില്‍ ഇങ്ങനെയൊരു നാടകം നടന്നതിനു പിന്നില്‍ കൃത്യമായ രാഷ്ട്രീയ അജണ്ടയുണ്ടെന്ന് എം വി ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.
'നിയമപരമായും ഭരണഘടനാപരമായും കേസ് നിലനില്‍ക്കില്ല. കേസിന് പിന്നില്‍ രാഷ്ട്രീയമായ ഗൂഢ ഉദ്ദേശം. വിശദമായ വാദം കേള്‍ക്കുന്നതിനു മുമ്പ് എസ്എഫ്‌ഐഒ എന്തടിസ്ഥാനത്തിലാണ് ഇങ്ങനെ ഒരു നിലപാട് സ്വീകരിച്ചത്. സര്‍ക്കാരോ മുഖ്യമന്ത്രിയോ വഴിവിട്ട ഒരു സഹായവും നല്‍കിയിട്ടില്ല. കോടതി തന്നെ ചൂണ്ടിക്കാണിച്ചത് സര്‍ക്കാര്‍ അനുകൂലമായ ഒരു നിലപാടും സ്വീകരിച്ചിട്ടില്ല എന്നാണ്. മൂന്ന് വിജിലന്‍സ് കോടതികള്‍ തള്ളിയ കേസാണ്. മുഖ്യമന്ത്രിയെ ഈ കേസുമായി ബന്ധപ്പെടുത്തുന്നതിന് ഒരു തെളിവുമില്ല എന്ന് കോടതി പറഞ്ഞു', എം വി ഗോവിന്ദന്‍ പറഞ്ഞു.
കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയെന്നും ഹൈക്കോടതി കേസ് പരിശോധിച്ച് വിധി പറഞ്ഞെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. അതിലും മുഖ്യമന്ത്രിയെ പ്രതിചേര്‍ക്കുന്നതിന് ഒരു തെളിവും ഹാജരാക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും അഴിമതിയുമായി ബന്ധപ്പെട്ടാണ് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതെങ്കില്‍ മറ്റ് നേതാക്കളെ എന്തുകൊണ്ട് പരാമര്‍ശിക്കുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.
'ചില കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ പണം വാങ്ങിയെന്ന് സമ്മതിച്ചു. ഇതില്‍ എന്തുകൊണ്ട് പരാമര്‍ശമില്ല. ഇത് എസ്എഫ്‌ഐഒക്കും ബാധകമാണ്. മാസപ്പടിയെന്ന് മാധ്യമങ്ങള്‍ നല്‍കിയ പേരാണ്. ആരെങ്കിലും കൈക്കൂലി വാങ്ങിയതിന് നികുതി നല്‍കുമോ. എല്ലാ ഇടപാടുകളും നടന്നത് ബാങ്ക് വഴിയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് നടക്കുന്ന വേളയില്‍ മുഖ്യമന്ത്രിയെ ടാര്‍ഗറ്റ് ചെയ്തിട്ടുള്ള ശ്രമം മാത്രമാണ്. ഇത് രാഷ്ട്രീയമാണ്. രാഷ്ട്രീയമായിത്തന്നെ നേരിടും', അദ്ദേഹം പറഞ്ഞു.
കമ്പനിയുമായിട്ടുള്ള കരാറുകളും കാര്യങ്ങളും തങ്ങള്‍ കൈകാര്യം ചെയ്യേണ്ടതല്ലെന്നും അത് നിയമപരമായി തന്നെ നടക്കേണ്ട കാര്യമാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. കേരളത്തില്‍ രൂപം കൊണ്ട മഴവില്‍ സഖ്യം നടത്തുന്ന രാഷ്ട്രീയ വിലകുറഞ്ഞ പ്രചരണമാണിതെന്ന് അദ്ദേഹം പറഞ്ഞു. അറസ്റ്റിലേക്ക് പോകുമോ എന്നുള്ള കാര്യം അറിയില്ലെന്നും നിയമപരമായി ഒരു കാര്യവും ചെയ്യാനുള്ള അവകാശമില്ലെന്നും ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹം പറഞ്ഞു. രാജിവെക്കണമെന്ന ഉളുപ്പില്ലാത്ത നിലപാടാണ് പ്രതിപക്ഷം സ്വീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം വീണ വിജയന്റെ കാര്യത്തില്‍ ധാര്‍മികതാ വിഷയങ്ങളെല്ലാം സിപിഎം തള്ളിക്കളഞ്ഞിരിക്കയാണ്. സിഎംആര്‍എല്‍ എക്‌സാലോജിക് ഇടപാടില്‍ മുഖ്യമന്ത്രി പിണറായി വിജയന് നേരിട്ട് ബന്ധമില്ലെന്ന നിലപാട് സിപിഎം ആവര്‍ത്തിക്കുമ്പോള്‍ അഴിമതി സംബന്ധിച്ച് പാര്‍ട്ടി മുന്‍കാലങ്ങളില്‍ മുന്നോട്ടുവച്ച നിലപാടുകളില്‍ നിന്ന് പിന്നോക്കം പോകുകയാണ് ചെയ്യുന്നത്. മാസപ്പടി കേസില്‍ മകള്‍ വീണ പ്രതിയാക്കപ്പെട്ടത് മുഖ്യമന്ത്രി പിണറായി വിജയനെ സംബന്ധിച്ച് രാഷ്ടീയമായും ധാര്‍മ്മികമായും കനത്ത തിരിച്ചടിയാണ്. മധുരയില്‍ പാര്‍ട്ടി കോണ്‍ഗ്രസ് പുരോഗമിക്കുമ്പോഴാണ് ഇടിത്തീപോലെ എസ്എഫ്‌ഐഒയുടെ കുറ്റപത്രത്തിലെ വിവരങ്ങള്‍ പുറത്തു വന്നത്. കേസിനെ രാഷ്ട്രീയമായും നിയമപരമായും നേരിടുമെന്ന് പാര്‍ട്ടി പറയുന്നുണ്ടെങ്കിലും പാര്‍ട്ടിയും മുഖ്യമന്ത്രിയും വല്ലാത്ത കുരുക്കിലാണ് അകപ്പെട്ടിരിക്കുന്നത്.
ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് റെയില്‍വെ മന്ത്രിയായിരുന്ന പവന്‍ കുമാര്‍ ബന്‍സലിന്റെ അനന്തവരനായ വിജയ് സിംഗ് റെയില്‍വെ ബോര്‍ഡ് അംഗത്തില്‍ നിന്ന് 90 ലക്ഷം രൂപ കൈക്കൂലി വാങ്ങിയത് പുറത്തു വന്നപ്പോള്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റെടുത്ത് മന്ത്രി രാജിവെക്കണം എന്നാണ് സിപിഎം ആവശ്യപ്പെട്ടത്. ''റെയില്‍വെ മന്ത്രി ബന്‍സാലിന് ഈ അഴിമതി ഇടപാടില്‍ നേരിട്ട് ബന്ധമില്ല. എന്നാല്‍ അദ്ദേഹത്തിന്റെ അടുത്ത ബന്ധു കൈക്കൂലി ഇടപാടില്‍ പങ്കാളിയായ സാഹചര്യത്തില്‍ മന്ത്രാലയത്തിന്റെ തലവന്‍ എന്ന നിലയില്‍ ധാര്‍മ്മിക ഉത്തരവാദിത്തം ഏറ്റമെടുത്ത് സ്ഥാനം ഒഴിയണം'' -ഇതായിരുന്നു പിണറായി വിജയന്‍ കൂടി അംഗമായിരുന്ന സിപിഎം പോളിറ്റ് ബ്യൂറോ അന്ന് ആവശ്യപ്പെട്ടത്. സമാനമായ സാഹചര്യങ്ങളാണ് ഇവിടെ നില്‍ക്കുന്നത്. എ്ന്നാല്‍, മാറിയ കാലത്തെ ധാര്‍മികതയും വ്യത്യസ്തമായി മാറുകയാണ്.
്അതേസമയം സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടി കോണ്‍ഗ്രസ് മധുരയില്‍ സമാപിക്കാന്‍ രണ്ടുദിവസം ബാക്കിയിരിക്കെ പാര്‍ട്ടി കേന്ദ്ര കമ്മിറ്റിയിലേക്ക് കേരളത്തില്‍ നിന്ന് ആരൊക്കെ എത്തുമെന്നതില്‍ ആകാംക്ഷ തുടരുകയാണ്. സംസ്ഥാന സെക്രട്ടറിയായിരുന്ന കോടിയേരി ബാലകൃഷ്ണന്റെ മരണത്തെ തുടര്‍ന്ന് നിലവില്‍ കേന്ദ്ര കമ്മിറ്റിയില്‍ കേരളത്തിന് ഒരു ഒഴിവുണ്ട്. പ്രായപരിധിപ്രകാരം രണ്ടു മുതിര്‍ന്ന നേതാക്കള്‍ - എകെ ബാലനും പികെ ശ്രീമതിയും - കൂടി പദവി ഒഴിയുന്നതോടെ രണ്ട് ഒഴിവുകള്‍ കൂടി വരും.
പികെ ശ്രീമതിക്ക് പകരം കൊല്ലത്തുനിന്നുള്ള മുതിര്‍ന്ന നേതാവായ ജെ മേഴ്‌സിക്കുട്ടിയമ്മ, തിരുവനന്തപുരത്തു നിന്നുള്ള ടിഎന്‍ സീമ എന്നീ പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. ന്യൂനപക്ഷ പ്രാതിനിധ്യം കണക്കിലെടുക്കുകയാണെങ്കില്‍ മലബാര്‍ മേഖലയില്‍ നിന്നുള്ള വനിതാ നേതാവ് പികെ സൈനബയും പരിഗണിക്കപ്പെടാന്‍ സാധ്യതയുണ്ട്.