തദ്ദേശ തെരഞ്ഞെടുപ്പ്: എറണാകുളത്ത് രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലം; തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ താല്‍പര്യങ്ങള്‍ വിലപ്പോകില്ല: മുഹമ്മദ് ഷിയാസ്
തദ്ദേശ തെരഞ്ഞെടുപ്പ്: എറണാകുളത്ത് രാഷ്ട്രീയ സാഹചര്യം യുഡിഎഫിന് അനുകൂലം
കൊച്ചി: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ജില്ലയില്‍ യുഡിഎഫിന് അനുകൂലമായ രാഷ്ട്രീയ സാഹചര്യമാണ് ഉള്ളതെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്. വലിയ ഭൂരിപക്ഷത്തോടെ ഭൂരിഭാഗം തദ്ദേശസ്വയംഭരണം സ്ഥാപനങ്ങളിലും യുഡിഎഫ് അധികാരത്തിലെത്തും. കഴിഞ്ഞതവണ ലഭിച്ചതിനെക്കാള്‍ കൂടുതല്‍ സീറ്റുകളില്‍ ഈ തവണ വിജയിക്കുവാന്‍ കഴിയും.
മലയോര മേഖലകളുമായി ബന്ധപ്പെട്ട് വന്യജീവി അതിക്രമങ്ങള്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ സജീവ ചര്‍ച്ചയാണ്. അത്തരം വിഷയങ്ങള്‍ ഒന്നും തന്നെ പരിഹരിക്കുവാന്‍ കഴിയാത്തത് സര്‍ക്കാരിനെതിരായ ജനവികാരം ആ പ്രദേശങ്ങളില്‍ ഉയര്‍ന്നു വരുന്നതിന് വഴിയൊരുക്കി. ഇത് യുഡിഎഫിന് അനുകൂലമായ സാഹചര്യമുണ്ടാക്കും. സാധാരണ ജനവിഭാഗങ്ങള്‍ക്ക് പ്രതീക്ഷ യുഡിഎഫില്‍ ആണ്. തീരദേശ മേഖലകളിലും കടല്‍ മണല്‍ ഖനനം പോലെയുള്ള വിഷയങ്ങളിലും, തീരദേശ റോഡ് പോലെയുള്ള വിഷയങ്ങളിലെ അവ്യക്തതയും ആ പ്രദേശത്തെ ജനങ്ങളില്‍ ഉണ്ടാക്കിയ ആശങ്കകള്‍ ചെറുതല്ല. കടല്‍ കയറ്റവും ജനങ്ങളുടെ ജീവിത സാഹചര്യങ്ങള്‍ പോലും മാറുന്ന നിലയിലേക്കുള്ള പ്രതിസന്ധികളും ജനം കൃത്യമായി വിലയിരുത്തുന്നുണ്ട്.
കഴിഞ്ഞ 10 വര്‍ഷത്തെ കാലത്തെ സര്‍ക്കാരുകള്‍ എറണാകുളം ജില്ലയോട് കാണിക്കുന്നത് കടുത്ത അവഗണനയാണ്. എറണാകുളത്തിന് ആവശ്യമായ യാതൊരു പദ്ധതികളും കൊണ്ടുവരുവാനുള്ള നീക്കം സര്‍ക്കാര്‍ നടത്തിയിട്ടില്ല. അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളിലും വേണ്ടത്ര ശ്രദ്ധ ചെലുത്തുവാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. യുഡിഎഫ് ഭരണകാലത്ത് നടപ്പിലാക്കിയ കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇഴഞ്ഞു നീങ്ങുകയാണ്. പശ്ചിമ കൊച്ചിയിലേക്ക് ഉള്‍പ്പെടെയുള്ള മെട്രോയുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിക്കാന്‍ പോലും കഴിഞ്ഞിട്ടില്ല.
കൊച്ചിയിലെ ഗതാഗതക്കുരുക്കുമായി ബന്ധപ്പെട്ട് യാതൊരുവിധത്തിലുള്ള പരിഹാരങ്ങളും ആയിട്ടില്ല. മഴപെയ്താല്‍ നഗരം മുഴുവനും വെള്ളക്കെട്ടില്‍ ആകുന്ന സാഹചര്യത്തില്‍ നിന്നും കൊച്ചിക്ക് ഇതുവരെയും ശാപമോഷം ലഭിച്ചിട്ടില്ല. കൊച്ചിയുടെ തീരാ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിന് യാതൊരു വിധത്തിലുള്ള പദ്ധതിയും കൊച്ചി കോര്‍പ്പറേഷനോ സംസ്ഥാന സര്‍ക്കാരോ നടപ്പാക്കിയിട്ടില്ല. ഓപ്പറേഷന്‍ ബ്രേക്ക് ത്രൂ പദ്ധതി നടപ്പിലാക്കിയെങ്കിലും കോടിക്കണക്കിന് രൂപ നഷ്ടമായെന്ന് അല്ലാതെ യാതൊരു പ്രയോജനവും ഉണ്ടായില്ല. ഈ വിഷയങ്ങള്‍ എല്ലാം തന്നെ ഈ തെരഞ്ഞെടുപ്പില്‍ കൃത്യമായി പൊതുസമൂഹം ചര്‍ച്ച ചെയ്യും.
തെരഞ്ഞെടുപ്പിന്റെ നോമിനേഷന്‍ പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കപ്പെടുമ്പോള്‍ ബന്ധപ്പെട്ട ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥരുടെ രാഷ്ട്രീയ മുതലെടുപ്പ് സമീപനങ്ങള്‍ എല്ലാവരും കണ്ടതാണ്. എറണാകുളം ജില്ലാ പഞ്ചായത്ത് കടമക്കുടി ഡിവിഷനിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി എല്‍സി ജോര്‍ജിന്റെ പത്രിക തള്ളിയത് അതിന്റെ ഉദാഹരണമാണ്. തെരഞ്ഞെടുപ്പിന് നേതൃത്വം നല്‍കുന്ന ഉദ്യോഗസ്ഥര്‍ തന്നെയായിരുന്നു പിന്താങ്ങിയ ആളുടെ വോട്ടര്‍പട്ടിക പരിശോധിച്ചു ഉറപ്പുവരുത്തിയത്.
എന്നിട്ടും പിന്നീട് സ്ഥാനാര്‍ത്ഥിക്കും ഒപ്പമുള്ളവര്‍ക്കും സംശയം തോന്നി പുതിയ പത്രിക സമര്‍പ്പിക്കാന്‍ കളക്ടറുടെ മുറിക്ക് ഉള്ളിലേക്ക് അവരെ കയറ്റി വിടാതെ പൊലീസും ഉദ്യോഗസ്ഥരും രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു. അവിടെ നടന്ന കാര്യങ്ങളുടെ എല്ലാം വ്യക്തത സിസിടിവി ദൃശ്യങ്ങളില്‍ ഉണ്ടാകും. ഈ സിസിടിവി ദൃശ്യങ്ങള്‍ വിവരാവകാശ പ്രകാരം ലഭ്യമാക്കും. തെരഞ്ഞെടുപ്പ് ചട്ടങ്ങള്‍ക്ക് വിരുദ്ധമായിട്ടാണ് വരണാധികാരിയുടെ ഓഫീസിലെ ചില ഉദ്യോഗസ്ഥര്‍ പ്രവര്‍ത്തിച്ചത്. സ്ഥാനാര്‍ത്ഥിയുടെ ജനാധിപത്യ അവകാശത്തെ ബോധപൂര്‍വ്വം രാഷ്ട്രീയ ദുഷ്ടലാക്കോടെ പ്രവര്‍ത്തിച്ച ഉദ്യോഗസ്ഥരാണ് അട്ടിമറിച്ചത്. ഇതിനെ രാഷ്ട്രീയപരമായും നിയമപരമായും പാര്‍ട്ടി നേരിടും.
ആലങ്ങാട് ബ്ലോക്ക് പഞ്ചായത്തിലെ മനയക്കപ്പടി ഡിവിഷനില്‍ ഷെറീന എന്ന സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളുകയുണ്ടായി. ഈ പത്രിക തള്ളിയതില്‍ മന്ത്രി പി രാജീവിന്റെ ഇടപെടല്‍ ഉണ്ടെന്നത് വ്യക്തമാണ്. വരണാധികാരിയെ മാറ്റണമെന്ന് ആവശ്യപ്പെട്ട് മുഖ്യ വരണാധികാരിക്ക് പരാതി നല്‍കിയിട്ടുണ്ട്. അവര്‍ സര്‍ക്കാരിന്റെ ഏതെങ്കിലും സ്ഥാപനത്തിലെ ജീവനക്കാരി അല്ല. ഖാദി യൂണിറ്റില്‍ നിസ്സാര ജോലികളില്‍ ഏര്‍പ്പെട്ടത് ചൂണ്ടിക്കാട്ടി സിപിഎം നല്‍കിയ പരാതി മറ്റുവശങ്ങള്‍ കേള്‍ക്കാതെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പരിഗണിച്ചത്. സിപിഎം പറയുന്നതുപോലെയാണ് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ പലയിടത്തും പ്രവര്‍ത്തിക്കുന്നത്. ഇത്തരത്തില്‍ ഉത്തരവാദിത്തപ്പെട്ട തെരഞ്ഞെടുപ്പ് ചുമതല വഹിക്കുമ്പോള്‍ ഉദ്യോഗസ്ഥര്‍ രാഷ്ട്രീയം വെച്ച് പെരുമാറുന്നത് ഒരിക്കലും അംഗീകരിക്കുവാന്‍ കഴിയില്ലെന്നും മുഹമ്മദ് ഷിയാസ് പറഞ്ഞു.
