'പ്രസിഡന്റേ...പ്രസിഡന്റ് എനിക്ക് താക്കീത് നല്‍കിയെന്നാണ് പറഞ്ഞോണ്ടിരിക്കുന്നത്; നമ്മള്‍ രണ്ടാളേ അറിയാത്തതുള്ളു; പ്രസിഡന്റ് പറഞ്ഞത് ഞാന്‍ ഉറക്കത്തില്‍ പോലും അങ്ങനെ പറഞ്ഞതായിട്ട് അറിവില്ലെന്നാണ്': പാലക്കാട്ടെ പ്രചാരണത്തില്‍ തന്നെ താക്കീത് ചെയ്‌തെന്ന ചാനല്‍ വാര്‍ത്തയെ പരിഹസിച്ച് ഷാഫി പറമ്പില്‍

തന്നെ കെപിസിസി താക്കീത് ചെയ്‌തെന്ന വാര്‍ത്ത തള്ളി ഷാഫി

Update: 2024-10-21 15:51 GMT

പാലക്കാട്: പാലക്കാട് സ്വന്തം നിലയ്ക്കുള്ള ഷാഫി പറമ്പിലിന്റെ പ്രചാരം അവസാനിപ്പിക്കണമെന്ന് കെപിസിസി താക്കീത് നല്‍കിയതായ വാര്‍ത്ത തള്ളി ഷാഫി പറമ്പില്‍. 24 ന്യൂസ് അടക്കം ടെലിവിഷന്‍ ചാനലുകള്‍ നല്‍കിയ വാര്‍ത്തയാണ് തിരഞ്ഞെടുപ്പ് കണ്‍വന്‍ഷനില്‍, ഷാഫി തള്ളിയത്.

ഷാഫി പറമ്പില്‍ ശൈലി മാറ്റണമെന്ന് കോണ്‍ഗ്രസ് നേതൃത്വം ആവശ്യപ്പെട്ടെന്നായിരുന്നു വാര്‍ത്ത. പാലക്കാട്ടെ പ്രചാരണം ജില്ലാ നേതൃത്വവുമായി കൂടിയാലോചിച്ച് മാത്രം മതിയെന്നും സ്വന്തം നിലയില്‍ പ്രചാരണം വേണ്ടെന്നുമാണ് നിര്‍ദേശം. ഷാഫിയുടെ പ്രവര്‍ത്തന ശൈലി സംബന്ധിച്ച നേതാക്കളുടെ വ്യാപക പരാതിയെ തുടര്‍ന്നാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിര്‍ദേശമെന്നും വാര്‍ത്ത വന്നു. എന്നാല്‍, തന്നെ ആരും താക്കീത് ചെയ്തിട്ടില്ലെന്നാണ് ഷാഫി പറമ്പില്‍ പറഞ്ഞത്. ആരോപണങ്ങളില്‍ തളരില്ല, കൂടുതല്‍ ഊര്‍ജത്തോടെ മുന്നോട്ട് പോകുമെന്നും ഷാഫി പറഞ്ഞു. ബിജെപിയും സിപിഎമ്മും ഷാഫിയെ വില്ലന്‍ കഥാപാത്രമാക്കി മാറ്റുന്നു എന്നാണ് വി ഡി സതീശന്‍ പറയുന്നത്. ഇപ്പോഴാണ് ഷാഫിയുടെ ശക്തി മനസിലായതെന്നും സതീശന്‍ പറയുന്നു.

ഷാഫിയുടെ വാക്കുകള്‍:

'ഞാന്‍ ആദ്യം പ്രിയപ്പെട്ട ചാനലുകാരോട് സ്‌നേഹത്തോട പറയുകയാണ്....ഞാനിവിടെ ഇരിക്കുമ്പോ ഒരു വാര്‍ത്ത വന്നോണ്ടിരിക്കുവാണ്..എനിക്ക് താക്കീത് കിട്ടി എന്നുള്ളതാണ്..ഇപ്പോ എഴുതി കാണിച്ചുകൊണ്ടിരിക്കുവാണ്,..അപ്പോ, അവിടെ ഇരുന്ന് ആരെങ്കിലും ഭാവനയില്‍ നിന്ന് എഴുതി കൊടുക്കുന്നതാണെങ്കില്‍, ഇവിടെ ആളുകള്‍ കസേര പൊലും ഇല്ലാതെ നിന്നു കൊണ്ട് ഇതൊക്കെ പകര്‍ത്തി കൊണ്ടിരിക്കുന്ന നിങ്ങളാരെങ്കിലും അതൊന്ന് വിളിച്ച് പറഞ്ഞുകൊടുക്കണം.

പ്രസിഡന്റേ...പ്രസിഡന്റ് എനിക്ക് താക്കീത് നല്‍കിയെന്നാണ് പറഞ്ഞോണ്ടിരിക്കുന്നത്. നമ്മള്‍ രണ്ടാളേ അറിയാത്തതുള്ളു...അവരെല്ലാം അറിഞ്ഞിട്ടുണ്ട്..പ്രസിഡന്റ് പറഞ്ഞത് ഞാന്‍ ഉറക്കത്തില്‍ പോലും അങ്ങനെ പറഞ്ഞതായിട്ട് അറിവില്ലെന്നാണ്. എനിക്ക് പാലക്കാട്ടുകാരെ നന്നായിട്ട് അറിയാം. ഞാനൊരു കാര്യം തീര്‍ത്തു പറയാം, ഈ ചാനലും വാര്‍ത്തയും ഒക്കെ കണ്ടിട്ട്, 11.45 ലും രാവിലെത്തെ 7.15 ഉം ഒക്കെ കണ്ടിട്ട്, അതൊക്കെയാണ് പാലക്കാടെന്ന് ആരെങ്കിലും വിചാരിക്കുന്നുണ്ടെങ്കില്‍, അവരോട് സ്‌നേഹത്തോടെ, വിനയത്തോടെ, ഒട്ടും അഹങ്കാരമില്ലാതെ, തികഞ്ഞ ആത്മവിശ്വാസത്തോടെ, 13 വര്‍ഷം ഇവിടുത്തെ ജനങ്ങള്‍ നല്‍കിയ സ്‌നേഹത്തിന്റെ പേരില്‍ മാത്രം, നിയമസഭയില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞ ഒരാളെന്ന നിലയില്‍, സ്‌നേഹത്തോടെ പറയുന്നു, ഈ എഴുതി കാണിക്കുന്നതും ഈ ചോദിക്കുന്നതും ഒന്നുമല്ല, പാലക്കാട്ട് ഈ തിരഞ്ഞെടുപ്പ് എന്താണെന്നോ, തിരഞ്ഞെടുപ്പില് റിസല്‍റ്റ് എന്താണെന്നോ, ഞങ്ങള്‍ 13 ന് രേഖപ്പെടുത്തും, 23 ന് നിങ്ങള്‍ അംഗീകരിക്കും, ഈ അഞ്ചും അലങ്കാരം കൂടിയുണ്ട്. അതും കൂടി ചേര്‍ത്തിട്ട് ഞാന്‍ പറയുന്നു, അഞ്ചക്ക് ഭൂരിപക്ഷത്തില്‍ പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ കേരളത്തിന്റെ നിയമസഭയില്‍ എത്തിയിരിക്കും. '


കോണ്‍ഗ്രസ് ഒറ്റക്കെട്ടായാണ് തിരഞ്ഞെടുപ്പിനെ നേരിടുന്നതെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. ജനങ്ങള്‍ക്ക് വിരോധം തോന്നേണ്ട ഒന്നും യുഡിഎഫിനില്ല. തൃശൂരിലുണ്ടായ ഡീലിന് പാലക്കാട് മറുപടി കരുതി വച്ചിട്ടുണ്ടെന്നും ഷാഫി പറമ്പില്‍ പറഞ്ഞു.ബിജെപിയും സിപിഎമ്മും ഷാഫിയെ വില്ലന്‍ കഥാപാത്രമാക്കി മാറ്റുന്നു എന്നാണ് വി ഡി സതീശന്‍ പറയുന്നത്. ഇപ്പോഴാണ് ഷാഫിയുടെ ശക്തി മനസിലായതെന്നും സതീശന്‍ പറയുന്നു.

Tags: