ബിന്ദുവിന്റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം, മകന് ജോലി; ലൈഫ് മിഷന്‍ പദ്ധതിയില്‍ ഗുണഭോക്താക്കള്‍ക്ക് മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഇളവ്; വയനാട് ടൗണ്‍ഷിപ്പ് പദ്ധതിക്കുള്ള ത്രികക്ഷി കരാര്‍ അംഗീകരിച്ചു: മന്ത്രിസഭായോഗ തീരുമാനങ്ങള്‍
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളേജ് കെട്ടിടത്തിലെ ഒരു ഭാഗം ഇടിഞ്ഞുവീണ് മരണപ്പെട്ട വൈക്കം സ്വദേശിനി ബിന്ദു വിശ്രുതന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്ന് 10 ലക്ഷം രൂപ ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.ബിന്ദുവിന്റെ മകന്‍ നവനീതിന് ഉചിതമായ ജോലി നല്‍കാന്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോട് ശുപാര്‍ശ ചെയ്യുവാനും തീരുമാനിച്ചു
വയനാട് ടൗണ്‍ഷിപ്പ് പദ്ധതിയുടെ നടത്തിപ്പിനായുള്ള ത്രികക്ഷി കരാര്‍ മന്ത്രിസഭായോഗം അംഗീകരിച്ചു. കരാര്‍ നടപ്പാക്കുന്നതിന് സ്‌പെഷ്യല്‍ ഓഫീസര്‍ എസ് സുഹാസ് ഐഎഎസിനെ ചുമതലപ്പെടുത്തി.
മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് ഇളവ്
ലൈഫ് മിഷന്‍ പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കള്‍ക്ക് വീട് നിര്‍മ്മിക്കുന്നതിനായി ദാനമായോ വിലയ്ക്കു വാങ്ങിയോ ധനനിശ്ചയമുഖേനയോ മറ്റ് ഏതുവിധേനയോ ലഭ്യമാകുന്ന ഭൂമിയുടെ രജിസ്‌ട്രേഷനാവശ്യമായ മുദ്രവില, രജിസ്‌ട്രേഷന്‍ ഫീസ് എന്നിവയില്‍ ഇളവ് അനുവദിക്കും. ഭൂമി സ്വീകരിക്കുന്നയാള്‍ ലൈഫ് മിഷന്‍ പദ്ധതി ഗുണഭോക്താവാണെന്നും ഭൂമി ലൈഫ് പദ്ധതി പ്രകാരം വീട് നിര്‍മ്മിക്കാന്‍ വേണ്ടിയുള്ളതാണെന്നും ജില്ലാ കളക്ടറോ കളക്ടര്‍ അധികാരപ്പെടുത്തുന്ന തഹസില്‍ദാറില്‍ കുറയാത്ത റാങ്കിലുള്ള ഉദ്യോഗസ്ഥനോ നല്‍കുന്ന സാക്ഷ്യപത്രം കൂടി രജിസ്‌ട്രേഷന്‍ രേഖകളോടൊപ്പം ഹാജരാക്കണം. ഉത്തരവ് തീയതി മുതല്‍ രണ്ട് വര്‍ഷ കാലയളവിലേക്കാണ്, ഒഴിവാക്കി നല്‍കുക.
പ്രളയത്തില്‍ തകര്‍ന്ന വീടുകള്‍ക്ക് പകരം മുത്തുറ്റ് പാപ്പച്ചന്‍ ഫൗണ്ടേഷന്‍ പത്തനംതിട്ട ചിറ്റാര്‍ വില്ലേജില്‍ 12.31 ആര്‍ സ്ഥലത്ത് 9 പേര്‍ക്ക് നിര്‍മ്മിച്ച വീടുകള്‍ കൈമാറ്റം ചെയ്യുന്നതിനുള്ള ആധാര രജിസ്‌ട്രേഷന് ആവശ്യമായ മുദ്രവിലയും രജിസ്‌ട്രേഷന്‍ ഫീസും ഒഴിവാക്കി നല്‍കും.
അട്ടപ്പാടിയില്‍ ട്രൈബല്‍ താലൂക്ക് സപ്ലൈ ഓഫീസ്
പാലക്കാട് ജില്ലയിലെ അട്ടപ്പാടി ആസ്ഥാനമാക്കി ഒരു ട്രൈബല്‍ താലൂക്ക് സപ്ലൈ ഓഫീസ് രൂപീകരിക്കും. താലൂക്ക് സപ്ലൈ ഓഫീസര്‍, അസിസ്റ്റന്റ് താലൂക്ക് സപ്ലൈ ഓഫീസര്‍, റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ എന്നിവയുടെ ഓരോ തസ്തികള്‍ സൃഷ്ടിക്കും. മറ്റ് ജീവനക്കാരെ പൊതുവിതരണ വകുപ്പില്‍ നിന്ന് പൂനര്‍വിന്യസിക്കും.
പ്രകൃതി ദുരന്തം; ധനസഹായം
പത്തനംതിട്ട ജില്ലയില്‍ 2023 ജനുവരി മുതലുള്ള പ്രകൃതി ദുരന്തത്തില്‍ പൂര്‍ണമായോ/ഭാഗികമായോ വീടുകള്‍ക്ക് നാശനഷ്ടം സംഭവിച്ച 473 ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്യുന്നതിനുളള CMDRF വിഹിതമായ 95,32,500 രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും അനുവദിക്കും.
ടെലികമ്മ്യൂണിക്കേഷന്‍ ചട്ടങ്ങള്‍ നടപ്പാക്കും
2024ലെ ടെലികമ്മ്യൂണിക്കേഷന്‍ (റൈറ്റ് ഓഫ് വേ) ചട്ടങ്ങള്‍ സംസ്ഥാനത്ത് നടപ്പാക്കാന്‍ തീരുമാനിച്ചു.
സര്‍ക്കാര്‍ ഗ്യാരണ്ടി അനുവദിക്കും
കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ്ഗ വികസന കോര്‍പ്പറേഷന് നാഷണല്‍ സഫായി കര്‍മചാരീസ് ഫിനാന്‍സ് & ഡെവലപ്‌മെന്റ് കോര്‍പ്പറേഷനില്‍ (NSKFDC) നിന്നും വായ്പ എടുക്കുന്നതിനു 5 വര്‍ഷത്തേക്ക് 50 കോടി രൂപയുടെ സര്‍ക്കാര്‍ ഗ്യാരണ്ടി വ്യവസ്ഥകള്‍ക്ക് വിധേയമായി അനുവദിക്കും.
പുനര്‍നിയമനം
കേരള ലോക് ആയുക്ത രജിസ്ട്രാറായി റിട്ട. ജില്ലാ ജഡ്ജ് ഇ. ബൈജുവിന് രണ്ടു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കും. തിരുവനന്തപുരം തിരുമല സ്വദേശിയാണ്.
ഭേദഗതി ഓര്‍ഡിനന്‍സിന്റെ കരട് അംഗീകരിച്ചു
കേരള പബ്ലിക്ക് സര്‍വ്വീസ് കമ്മീഷന്‍ (സര്‍വ്വകലാശാലകളുടെ കീഴിലുള്ള സര്‍വ്വീസുകളെ സംബന്ധിച്ച കൂടുതല്‍ ചുമതലകള്‍) ആക്ടിന്റെ പരിധിയില്‍ ഉള്‍പ്പെട്ടിരുന്ന NUALSനെ ആക്ടിന്റെ പരിധിയില്‍ നിന്നും ഒഴിവാക്കുന്നതിനുള്ള ഭേദഗതി ഓര്‍ഡിനന്‍സിന്റെ കരട് അംഗീകരിച്ചു. ഓര്‍ഡിനന്‍സ് വിളംബരപ്പെടുത്തുവാന്‍ ഗവര്‍ണറോട് ശുപാര്‍ശ ചെയ്യുവാനും തീരുമാനിച്ചു.
60 വയസ്സാക്കി ഉയര്‍ത്തും
ഇ.പി.എഫ്. പെന്‍ഷന്‍ പരിധിയില്‍ വരുന്ന മൃഗസംരക്ഷണ വകുപ്പിന്റെ കീഴിലെ പൊതുമേഖലാ സ്ഥാപനമായ കേരള ഫീഡ്സ് ലിമിറ്റഡിലെ ജീവനക്കാരുടെ പെന്‍ഷന്‍ പ്രായം 58 വയസ്സില്‍ നിന്ന് 60 വയസ്സാക്കി ഉയര്‍ത്തും.
പാട്ടത്തുക പുതുക്കി
സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന് പാട്ടത്തിന് അനുവദിച്ച എറണാകുളം വാഴക്കാല വില്ലേജില്‍പ്പെട്ട 40.47 ആര്‍ സര്‍ക്കാര്‍ ഭൂമിക്ക് പാട്ടത്തുക പുതുക്കി നിശ്ചയിച്ചു.
തുടര്‍ച്ചാനുമതി
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭൂസംരക്ഷണ വിഭാഗം സ്‌പെഷ്യല്‍ തഹസീല്‍ദാരുടെ കാര്യാലയത്തിലെ 6 തസ്തികകള്‍ ഉള്‍ക്കൊള്ളുന്ന ലാന്‍ഡ് കണ്‍സര്‍വന്‍സി യൂണിറ്റിന് 01.04.2025 മുതല്‍ 31.03.2026 വരെ ഒരു വര്‍ഷത്തേയ്ക്ക് തുടര്‍ച്ചാനുമതി നല്‍കും.
കെ.വി.റാബിയയുടെ ചികിത്സാ ചിലവ് വഹിക്കും
അന്തരിച്ച സാക്ഷരത പ്രവര്‍ത്തകയും പത്മശ്രീ അവാര്‍ഡ് ജേതാവുമായ കെ.വി.റാബിയയുടെ ചികിത്സയ്ക്ക് ചിലവായ 2,86,293 രൂപ അനന്തരാവകാശികളായ മൂന്ന് സഹോദരിമാരില്‍ ഒരാളായ ആരിഫയുടെ പേരില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയില്‍ നിന്നും അനുവദിക്കും.
സര്‍ക്കാര്‍ ഗ്യാരന്റി
കേരള സോഷ്യല്‍ സെക്യൂരിറ്റി പെന്‍ഷന്‍ ലിമിറ്റഡിനുള്ള സര്‍ക്കാര്‍ ഗ്യാരന്റി, നിലവിലെ 6,000 കോടി രൂപയില്‍ നിന്നും, 14,000 കോടി രൂപയായി ഉയര്‍ത്തും.
ജോലി നല്‍കും
വനം വന്യജീവി വകുപ്പില്‍ സൂപ്പര്‍ന്യൂമററി തസ്തികയില്‍ ഫോറസ്റ്റ് വാച്ചറായി സേവനത്തിലിരിക്കേ 03.09.2015-ല്‍ അന്തരിച്ച എന്‍. ശിവരാമ പിള്ളയുടെ മകളായ കാര്‍ത്തിക.എസ്.പിള്ളയ്ക്ക് സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരം വനം വന്യജീവി വകുപ്പില്‍ കൊല്ലം ജില്ലയില്‍ ക്ലര്‍ക്കായി ജോലി നല്‍കും.
ദര്‍ഘാസ് അനുവദിക്കും
'കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഘട്ടം - II പാക്കേജ് V- മുട്ടാര്‍, വെളിയനാട്, നീലംപേരൂര്‍ എന്നീ പഞ്ചായത്തുകളില്‍ ഉന്നതതല ജലസംഭരണികളുടെ നിര്‍മ്മാണവും, വിതരണ ശൃംഖല സ്ഥാപിക്കലും, നിലവിലുള്ള ഉന്നതതല ജലസംഭരണികളുടെ പുനരുദ്ധാരണവും' എന്ന പ്രവൃത്തിയ്ക്ക് 52,92,84,964 രൂപയുടെ ദര്‍ഘാസ് അനുവദിക്കും.
'കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഘട്ടം - II പാക്കേജ് VII - രാമങ്കരി, ചമ്പക്കുളം എന്നിവിടങ്ങളില്‍ OHSR ന്റെയും വിതരണ ശൃംഖലയുടെയും നിര്‍മ്മാണം, രാമങ്കരി OH ടാങ്ക് സൈറ്റില്‍ ഓണ്‍ലൈന്‍ ക്ലോറിന്‍ ബൂസ്റ്റര്‍, രാമങ്കരിയില്‍ നിലവിലുള്ള OHSR ന്റെ പുനരുദ്ധാരണം - പൈപ്പ്ലൈന്‍ ജോലി' എന്ന പ്രവൃത്തിയ്ക്ക് 39,33,24,091രൂപയുടെ ദര്‍ഘാസ് അനുവദിക്കും.
കുട്ടനാട് സമഗ്ര കുടിവെള്ള പദ്ധതി ഘട്ടം- II പാക്കേജ്- IX - വീയപുരം പഞ്ചായത്തിലെ 4,75 LL. ഉന്നതതല ജലസംഭരണിയുടെ നിര്‍മ്മാണവും, സ്റ്റാഫ് ക്വാര്‍ട്ടേഴ്‌സ്, എടത്വയില്‍ ഓഫീസ് കെട്ടിടം എന്നിവയുടെ നിര്‍മ്മാണവും- പൈപ്പ് ലൈന്‍ ജോലി' എന്ന പ്രവൃത്തിയ്ക്ക് 5,90,70,537 രൂപയുടെ ദാര്‍ഘാസ് അനുവദിക്കും.