പേരിന് മാത്രം സിപിഐക്കാരന്‍! പ്രവര്‍ത്തനവും മമതയും സിപിഎമ്മിനോടെന്ന് പണ്ടേ പരാതി; പട്ടാമ്പി സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും സിറ്റിംഗ് എംഎല്‍എ മുഹമ്മദ് മുഹ്‌സിന്റെ പേര് വെട്ടി സിപിഐ പാലക്കാട് ജില്ലാ നേതൃത്വം; പന്ന്യന്‍ രവീന്ദ്രന്റെ പേര് ഉള്‍പ്പെടുത്തി പട്ടിക നല്‍കി; അന്തിമ തീരുമാനം എടുക്കുക സിപിഐ സംസ്ഥാന കമ്മിറ്റി യോഗം

പേരിന് മാത്രം സിപിഐക്കാരന്‍! പ്രവര്‍ത്തനവും മമതയും സിപിഎമ്മിനോടെന്ന് പണ്ടേ പരാതി

Update: 2026-03-07 10:36 GMT

പാലക്കാട്: പട്ടാമ്പി മണ്ഡലത്തിലെ സ്ഥാനാര്‍ഥി പട്ടികയില്‍ നിന്നും മുഹമ്മദ് മുഹ്‌സിനെ വെട്ടി സിപിഐ ജില്ലാ നേതൃത്വം. സിപിഐ പാലക്കാട് ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തിലാണ് തീരുമാനം. പട്ടാമ്പി മണ്ഡലം കമ്മിറ്റി മുഹ്‌സിനെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഇതിന് വിരുദ്ധമായ നിലപാടാണ് ജില്ലാ നേതൃത്വം കൈക്കൊണ്ടിരിക്കുന്നത്.

ഈ വര്‍ഷത്തെ മികച്ച നിയമസഭാ സാമാജികനുള്ള മാഹാത്മ പുരസ്‌ക്കാര്‍ 2026 അവാര്‍ഡ് നേടിയ എംഎല്‍എ കൂടിയാണ് മുഹമ്മദ് മുഹ്‌സിന്‍. 2016-ലാണ് പട്ടാമ്പിയില്‍ നിന്ന് ആദ്യമായി മുഹമ്മദ് മുഹ്‌സിനെ നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടത്. അന്നത്തെ സഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു മുഹമ്മദ് മുഹ്‌സിന്‍. 2021-ലെ തിരഞ്ഞെടുപ്പിലും സഭയിലെത്തി.

മുതിര്‍ന്ന നേതാവ് പന്ന്യന്‍ രവീന്ദ്രന്‍, ജില്ലാ എക്‌സിക്യൂട്ടീവ് അംഗം ഒ.കെ. സൈതലവി, എഐവൈഎഫ് സംസ്ഥാന പ്രസിഡന്റ് കെ. ഷാജഹാന്‍ എന്നിവരാണ് സ്ഥാനാര്‍ഥി പട്ടികയില്‍ ഉള്ളത്. സംസ്ഥാന കമ്മിറ്റി യോഗം അന്തിമ തീരുമാനമെടുക്കും. അതേസമയം നിലവിലെ എംഎല്‍എ ആയ മുഹ്‌സിനും സിപിഐ നേതൃത്വവും തമ്മില്‍ അസ്വാരസ്യം നിലനില്‍ക്കുകയാണ്. എന്നാല്‍ മുഹ്സ്സിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് സിപിഎം നിലപാട്.

മുഹ്‌സിന് മൂന്നാം വട്ടവും അവസരം നല്‍കുന്നതില്‍ സിപിഐക്കുള്ളില്‍ ഭിന്നതയുണ്ട്. എംഎല്‍എ പാര്‍ട്ടിക്ക് വിധേയന്‍ അല്ല എന്നാണ് ജില്ലാ ഘടകത്തിന്റെ വിമര്‍ശനം. പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുന്നില്ലെന്നും സിപിഎമ്മിനോട് മാത്രമാണ് മമതയെന്നും അംഗങ്ങള്‍ തുറന്നടിച്ചു. സംഘടനയുമായി കൂടിയാലോചനയില്ല തുടങ്ങിയ വിമര്‍ശനങ്ങളും എംഎല്‍എക്ക് നേരെയുണ്ട്.

അതേസമയം മണ്ണാര്‍ക്കാട് ഒന്നിലേറെ പേരുകള്‍ പരിഗണനയിലുണ്ട്. പൊതുസ്വതന്ത്രനായി മന്‍സില്‍ ബക്കറിനെ സ്ഥാനാര്‍ഥിയാക്കാനാണ് സിപിഐ നീക്കം. ജില്ലാ നേതാവ് പൊറ്റശ്ശേരി മണികണ്ഠനെയും, ജില്ലാ പഞ്ചായത്ത് അംഗം വി എം ലത്തീഫിനെയും മണ്ഡലം കമ്മിറ്റികള്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഈ തീരുമാനത്തിലും എതിര്‍പ്പുകള്‍ ശക്തമാണ്.

തൃശൂര്‍ ജില്ലയിലെ സിപിഐ സ്ഥാനാര്‍ഥികള്‍ ആറെണ്ണത്തിലും ഏകദേശ ധാരണയായിട്ടുണ്ട്. കൊടുങ്ങല്ലൂരില്‍ കെ ജി ശിവാനന്ദന്‍, കൈപ്പമംഗലത്ത് കെ കെ വത്സരാജ്, നാട്ടികയില്‍ സി സി മുകുന്ദന്‍, ഒല്ലൂരില്‍ കെ രാജന്‍ എന്നിവരാണ് മല്‍സരിക്കുക. ത്രിസൂറില്‍ സാറാമ്മ റോബ്‌സണ്‍, ഷീല വിജയകുമാര്‍ എന്നിവരാണ് പരിഗണനയിലുള്ളത്.

Tags:    

Similar News