'ചെന്നിത്തല സമൂഹത്തില്‍ ഉന്നതനാണ്; മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്; മറ്റു പലരും യോഗ്യരാണ്; മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ; എസ്എന്‍ഡിപി എന്തെങ്കിലും പറഞ്ഞോട്ടെ എന്‍എസ്എസ് ശാന്തമായി മുന്നോട്ടു പോകും'; സമദൂരം തുടരുമെന്ന് സുകുമാരന്‍ നായര്‍
സമദൂരം തുടരുമെന്ന് സുകുമാരന്‍ നായര്‍
പത്തനംതിട്ട : രാഷ്ട്രീയ പാര്‍ട്ടികളോടും മുന്നണികളോടും എന്‍എസ്എസ് സമദൂരം തുടരുമെന്ന് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍. എല്ലാ രാഷ്ട്രീയ നേതാക്കളും ബന്ധുക്കളാണ്. ഒരുകാലത്ത് രാഷ്ട്രീയ നിലപാട് എടുത്തത് വിഢ്ഡിത്തരമെന്ന് എന്‍ എസ് എസിന് മനസിലായി. കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയെ എന്‍എസ് എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചതില്‍ തെറ്റൊന്നുമില്ല. രമേശ് ചെന്നിത്തല മുഖ്യമന്ത്രിയാകാന്‍ യോഗ്യനാണ്. മറ്റു പലരും യോഗ്യരാണ്.
രമേശ് ചെന്നിത്തല സമൂഹത്തിലെ ഉന്നതനും, നായരുമായതുകൊണ്ടാണ് എന്‍എസ്എസ് പരിപാടിക്ക് ക്ഷണിച്ചത്. തനിക്ക് ബോധ്യം ഉള്ളതുകൊണ്ടാണ് ചെന്നിത്തലയെ എന്‍എസ്എസ് ആസ്ഥാനത്തേക്ക് ക്ഷണിച്ചത് എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. അതില്‍ രാഷ്ട്രീയമില്ലെന്നും സുകുമാരന്‍ നായര്‍ വ്യക്തമാക്കി. ആരെങ്കിലും പറഞ്ഞാല്‍ കേള്‍ക്കുന്ന ആളല്ല താന്‍. തനിക്ക് ബോധ്യം ഉള്ള കാര്യമേ താന്‍ ചെയ്യുകയുളളൂ.
മുഖ്യമന്ത്രി ആരാകണമെന്ന് കോണ്‍ഗ്രസ് ആലോചിച്ച് തീരുമാനിക്കട്ടെ എന്നും തനിക്കും തന്റെ പ്രസ്ഥാനത്തിനും രാഷ്ട്രീയമില്ല എന്നും സുകുമാരന്‍ നായര്‍ കൂട്ടിച്ചേര്‍ത്തു. ചെന്നിത്തല മാത്രം മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുള്ള ആള്‍ എന്ന് താന്‍ പറഞ്ഞിട്ടില്ല. എന്നാല്‍ രമേശ് ചെന്നിത്തലയ്ക്കും മുഖ്യമന്ത്രിയാകാന്‍ യോഗ്യതയുണ്ട്. അതുകൊണ്ട് മറ്റുള്ളവര്‍ക്ക് മുഖ്യമന്ത്രിയാകാന്‍ യോഗ്യതയില്ല എന്ന് താന്‍ പറയില്ല എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു.
എസ്എന്‍ഡിപിയെ അവഗണിച്ചത് കൊണ്ടാണ് കോണ്‍ഗ്രസ് തകര്‍ന്നതെന്ന വെള്ളാപ്പള്ളി നടേശന്റെ പരാമര്‍ശത്തിന്മേല്‍ പ്രതികരിക്കാന്‍ സുകുമാരന്‍ നായര്‍ തയ്യാറായില്ല. വെള്ളാപ്പള്ളി അങ്ങനെ പലതും പറയും. അതിനു മറുപടിയില്ലെന്നായിരുന്നു വിഷയത്തില്‍ സുകുമാരന്‍ നായരുടെ പ്രതികരണം.
കോണ്‍ഗ്രസിനെക്കുറിച്ചുള്ള വെള്ളാപ്പള്ളിയുടെ പരാമര്‍ശത്തിന് അയാള്‍ തോന്നിയത് പറയുന്നുവെന്നും അതില്‍ താന്‍ പ്രതികരിക്കാനില്ലെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എസ്എന്‍ഡിപി എന്തെങ്കിലും പറഞ്ഞോട്ടെ എന്‍എസ്എസ് ശാന്തമായി മുന്നോട്ടു പോകുകയാണെന്നും ജി സുകുമാരന്‍ നായര്‍ പ്രതികരിച്ചു.
എല്ലാ രാഷ്ട്രീയ പാര്‍ട്ടികളെയും സമൂഹത്തെയും അംഗീകരിച്ചുകൊണ്ടാണ് എന്‍എസ്എസ് മുന്നോട്ട് പോകുന്നത് എന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. എല്ലാ രാഷ്ട്രീയക്കാരും തന്റെ ബന്ധുക്കളാണ്. എല്ലാവരോടും വളരെ അടുപ്പവുമുണ്ട്. തനിക്കും തന്റെ പ്രസ്ഥാനത്തിനും രാഷ്ട്രീയമില്ല. ഒരുകാലത്ത് രാഷ്ട്രീയമായി ചിന്തിച്ചിരുന്നു. പിന്നീടത് വിഡ്ഢിത്തരം ആയിരുന്നുവെന്നും പരാജയം ആയിരുന്നുവെന്നുംബോധ്യപ്പെട്ടു.
നേരത്തെ, കോണ്‍ഗ്രസില്‍ ഈഴവ ഡിസിസി പ്രസിഡന്റുമാര്‍ എത്ര പേരുണ്ട് എന്ന ഒരു ചോദ്യം വെള്ളാപ്പള്ളി നടേശന്‍ ഉയര്‍ത്തിയിരുന്നു. 'കോണ്‍ഗ്രസില്‍ ഈഴവര്‍ക്ക് എന്ത് പരിഗണന ഉണ്ട്? ഇടതുപക്ഷത്തിന്റെ ജില്ലാ കമ്മിറ്റികളില്‍ ഈഴവ ജില്ലാ സെക്രട്ടറിമാരുണ്ട്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയിലുണ്ട്. എത്ര ഈഴവ ഡിസിസി പ്രസിഡന്റുമാര്‍ ഉണ്ട്?' എന്നായിരുന്നു വെള്ളാപ്പള്ളിയുടെ ചോദ്യം.
അംഗീകാരവും പരിരക്ഷയും കിട്ടുന്നത് എല്‍ഡിഎഫില്‍ നിന്നാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. കോണ്‍ഗ്രസില്‍ നിന്ന് ഈഴവന് പരിരക്ഷയും അംഗീകാരവും കിട്ടുന്നില്ലെന്നും അല്‍പമെങ്കിലും പരിരക്ഷ ലഭിക്കുന്നത് ഇടതുപക്ഷത്ത് നിന്നാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.
വര്‍ഷങ്ങള്‍ക്ക് ശേഷം പിണക്കം മറന്ന് രമേശ് ചെന്നിത്തല ചങ്ങനാശേരി പെരുന്നയിലെ എന്‍.എസ്.എസ് ആസ്ഥാനത്തെത്തിയിരുന്നു. മന്നം ജയന്തി ആഘോഷങ്ങളുടെ ഭാഗമായുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യാനായിരുന്നു 11 വര്‍ഷങ്ങള്‍ക്ക് ശേഷം ചെന്നിത്തല പെരുന്നയിലെത്തിയത്. പിന്നാലെ ഇതുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങളും ഉയര്‍ന്നു. മുഖ്യമന്ത്രി സ്ഥാനത്തേക്കുളള മത്സരത്തിന്റെ ഭാഗമായുള്ള പിന്തുണ തേടലാണ് ചെന്നിത്തലയുടെ എന്‍.എസ്.എസ് ബന്ധം പുതുക്കലിന്റെ ലക്ഷ്യമെന്നായിരുന്നു വിലയിരുത്തല്‍. പിന്നാലെയാണ് എന്‍എസ്എസ് വിശദീകരണം.