ഇഡി സമന്‍സ് ഇല്ലാതായി എന്ന് എങ്ങനെ എം.എ.ബേബി അറിഞ്ഞു? എങ്ങനെയാണ് സമന്‍സ് ഇല്ലാതാവുക? അമിത് ഷായെ ബന്ധപ്പെടാന്‍ മുഖ്യമന്ത്രിക്ക് ഇടനിലക്കാരുണ്ട്; തൃശൂരിലെ ബിജെപി ജയം ഒത്തുകളിയുടെ ഭാഗം; ഇഡി പിടിമുറുക്കുന്നത് സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യാനെന്നും വി ഡി സതീശന്‍
ഇഡി സമന്‍സ് ഇല്ലാതായി എന്ന് എങ്ങനെ എം.എ.ബേബി അറിഞ്ഞു?
തൃശൂര്‍: മുഖ്യമന്ത്രിയുടെ മകനെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്‍സ് റദ്ദാക്കിയത് മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ ആരോപിച്ചു. സിപിഎം-ബിജെപി ബാന്ധവം എന്ന ആരോപണം ശരിവെക്കുന്നതാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു
ഇ.ഡി. സമന്‍സ് റദ്ദാക്കപ്പെട്ട വിവരം എം.എ. ബേബി എങ്ങനെ അറിഞ്ഞു എന്ന ചോദ്യം സതീശന്‍ ഉന്നയിച്ചു. മുഖ്യമന്ത്രിയും അമിത് ഷായും തമ്മില്‍ ബന്ധമുണ്ടെന്നും ഇതിന് ചില ഇടനിലക്കാരുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു
'സമന്‍സ് ഇല്ലാതായി എന്ന് എങ്ങനെ എം.എ ബേബി എങ്ങനെ അറിഞ്ഞു?എങ്ങനെയാണ് സമന്‍സ് ഇല്ലാതാവുക. അമിത് ഷായുമായി മുഖ്യമന്ത്രി ബന്ധം പുലര്‍ത്തുന്നുണ്ട്. ഇതിന് ചില ഇടനിലക്കാരുണ്ട്. എഡിജിപി എം.ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാക്കളെ കണ്ടത് താന്‍ നേരത്തെ ഉന്നയിച്ച ആരോപണമാണ്. ബിജെപിക്ക് തൃശൂരില്‍ ജയിക്കാന്‍ അവസരം ഒരുക്കി കൊടുത്തു. ഇ ഡി പിടിമുറുക്കുന്നത് സിപിഎമ്മിനെ ബ്ലാക്ക് മെയില്‍ ചെയ്യാനാണ്. എന്താണ് സംഭവിച്ചതെന്ന് മുഖ്യമന്ത്രി തുറന്നു പറയണം'. സത്യാവസ്ഥ തുറന്നു പറയാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും സതീശന്‍ ആവശ്യപ്പെട്ടു.
അതേസമയം, ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്നത്തെ ദേവസ്വം മന്ത്രിയായ കടകംപള്ളി സുരേന്ദ്രനും കാര്യങ്ങള്‍ അറിയാമെന്നും സതീശന്‍ പറഞ്ഞു. 'ശബരിമലയിലെ യഥാര്‍ത്ഥ സ്വര്‍ണം വിറ്റു. ചെന്നൈയിലേക്ക് പോയത് വ്യാജ മോള്‍ഡാണ്. ദേവസ്വം ബോര്‍ഡ് പ്രതിയാകുന്നത് സിപിഎം പ്രതിയാകുന്നതിന് തുല്യമാണ്. അന്നത്തെ മന്ത്രിയെ കൂടി പ്രതിയാക്കണം. വിഷയം മൂടിവച്ചത് കൊണ്ടാണ് വി എന്‍ വാസവന്‍ രാജിവെക്കണം എന്ന് ആവശ്യപ്പെടുന്നത്.അന്ന് കട്ടത് ആരും അറിഞ്ഞില്ല,വീണ്ടും കക്കാനുള്ള പ്ലാനായിരുന്നു'. സതീശന്‍ പറഞ്ഞു.
വ്യാജമോള്‍ഡ് ഉണ്ടാക്കിയെന്ന് ആദ്യം ആരോപണം പറഞ്ഞത് താനാണ്.അത് ശരിവെക്കുന്നതായിരുന്നു കോടതിയുടെ കണ്ടെത്തല്‍.യഥാര്‍ത്ഥ സ്വര്‍ണം ഒരു കോടീശ്വരന് വിറ്റു. അത് വാങ്ങാന്‍ കോടീശ്വരന് മാത്രമേ കഴിയൂവെന്നും സതീശന്‍ പറഞ്ഞു.