'സമുദായങ്ങള്‍ തമ്മില്‍ ഐക്യം ഉണ്ടാകുന്നത് നല്ലതാണ്; അങ്ങനെ വേണ്ടെന്ന് പറയാനുള്ള അധികാരവും അവര്‍ക്കുണ്ട്; സമുദായ സംഘടനകളുടെ ആഭ്യന്തര കാര്യങ്ങളില്‍ യുഡിഎഫ് ഇടപെടാറില്ലെന്ന് വി ഡി സതീശന്‍; പദ്മഭൂഷണ്‍ ജേതാവ് വെള്ളാപ്പള്ളിക്ക് അഭിനന്ദനമെന്നും പ്രതിപക്ഷ നേതാവ്

സമുദായങ്ങള്‍ തമ്മില്‍ ഐക്യം ഉണ്ടാകുന്നത് നല്ലതാണ്; അങ്ങനെ വേണ്ടെന്ന് പറയാനുള്ള അധികാരവും അവര്‍ക്കുണ്ട്

Update: 2026-01-26 09:51 GMT

തിരുവനന്തപുരം: എന്‍എസ്എസും എസ്എന്‍ഡിപി യോഗവും തമ്മിലുള്ള ഐക്യ ശ്രമം പാളിയതില്‍ പ്രതികരണത്തിനില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'സമുദായങ്ങള്‍ തമ്മില്‍ ഐക്യം ഉണ്ടാകുന്നത് നല്ലതാണ്. അങ്ങനെ വേണ്ടെന്ന് പറയാനുള്ള അധികാരവും അവര്‍ക്കുണ്ട്. അത് അവരുടെ ആഭ്യന്തര കാര്യമാണ്. ഞങ്ങള്‍ അതില്‍ ഇടപെടാനില്ല. ഞങ്ങളുടെ കാര്യത്തില്‍ അവരും ഇടപെടേണ്ടതില്ല എന്ന് പറയുന്നത് പോലെയാണിത്' സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

പദ്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ച വെള്ളാപ്പള്ളി നടേശനെ വി.ഡി.സതീശന്‍ അഭിനന്ദിക്കുകയും ചെയ്തു. എസ്എന്‍ഡിപിക്ക് ലഭിച്ച അംഗീകാരമാണ് പദ്മ പുരസ്‌കാരമെന്ന് വെള്ളാപ്പള്ളി തന്നെ പറഞ്ഞിട്ടുണ്ട്. എസ്എന്‍ഡിപിക്ക് അംഗീകാരം ലഭിക്കുമ്പോള്‍ ആരെങ്കിലും എതിര്‍ക്കുമോ' സതീശന്‍ ചോദിച്ചു. വെള്ളാപ്പള്ളി നടേശന്‍ ഉള്‍പ്പടെ പദ്മ പുരസ്‌കാരം ലഭിച്ച എല്ലാ മലയാളികളേയും അഭിനന്ദിക്കുന്നു. നമ്മള്‍ വലിയ മനസ്സുള്ളവരാണ്. ഇടുങ്ങിയ ചിന്ത പാടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തന്നെ വിമര്‍ശിക്കാനുള്ള സ്വാതന്ത്ര്യം സമുദായ സംഘടനകള്‍ക്കുണ്ട്. വിമര്‍ശനത്തിന് അതീതരല്ല. വര്‍ഗീയത പറയരുതെന്ന് മാത്രമാണ് പറയാനുള്ളത്. അപ്പോള്‍ ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡല്‍ഹിയിലേക്ക് വിളിക്കാത്തതില്‍ കെ.മുരളീധരനുള്ള അതൃപ്തി പാര്‍ട്ടി പരിഹരിക്കുമെന്നും സതീശന്‍ വ്യക്തമാക്കി.

Tags:    

Similar News