'അദ്ദേഹം സംസ്‌കാരവും നിലവാരവുമുള്ള വലിയ ആളല്ലേ..!, ഞാന്‍ കുറഞ്ഞയാള്‍; നെഗറ്റീവ് ആണെങ്കിലും നോക്കുമ്പോള്‍ എന്നെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ; തര്‍ക്കത്തിനില്ല'; മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി വി ഡി സതീശന്‍
'അദ്ദേഹം സംസ്‌കാരവും നിലവാരവുമുള്ള വലിയ ആളല്ലേ..!, ഞാന്‍ കുറഞ്ഞയാള്‍
തിരുവനന്തപുരം: മന്ത്രി വി ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. 'മന്ത്രി ശിവന്‍കുട്ടി വലിയ ഒരാളാണ്. എനിക്ക് സംസ്‌കാരവും നിലവാരവും കുറവാണെന്നാണ് അദ്ദേഹം പറഞ്ഞത്. വളരെയധികം സംസ്‌കാരവും നിലവാരവും ഉള്ളയാളാണ് അദ്ദേഹം. എനിക്ക് അതില്‍ തര്‍ക്കമില്ല. നല്ല നിലവാരമുള്ള ആളാണ്. ഞാന്‍ ശിവന്‍കുട്ടിയേക്കാള്‍ നിലവാരം കുറഞ്ഞ ആളാണ്. അപ്പോള്‍ തര്‍ക്കമില്ലല്ലോ' എന്നും വിഡി സതീശന്‍ പറഞ്ഞു. നേമത്ത് മത്സരിക്കാനുള്ള ശിവന്‍കുട്ടിയുടെ വെല്ലുവിളിക്ക് മറുപടി പറയുകയായിരുന്നു പ്രതിപക്ഷ നേതാവ്.
'നിലവാരം കുറഞ്ഞ ആളാണെന്ന് പറഞ്ഞിട്ട് എന്നെ വെല്ലുവിളിക്കരുത്. അദ്ദേഹത്തിന് എന്നേക്കാള്‍ നിലവാരവും സംസ്‌കാരവുമുണ്ട്. ഞാന്‍ തര്‍ക്കിക്കാനും വഴക്കിടാനും ഇല്ല.' വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു. 'എനിക്കെതിരെ വ്യക്തിപരമായ പ്രചാരണങ്ങളാണ് വ്യാപകമായി നടത്തുന്നത്. എകെജി സെന്ററിലിരുന്ന് ഒരാളുടെ നേതൃത്വത്തിലും, ഇപ്പോ പറഞ്ഞ മന്ത്രിയുടെ ഒരു സ്റ്റാഫിന്റെ നേതൃത്വത്തിലും എനിക്കെതിരെ വ്യക്തിപരമായ പ്രചാരണമാണ് അഴിച്ചു വിടുന്നത്. '
ഡല്‍ഹിയില്‍ ചെന്നപ്പോള്‍ ഒരു മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ സമൂഹമാധ്യമത്തില്‍ താങ്കള്‍ നിറഞ്ഞുനില്‍ക്കുകയാണല്ലോ എന്നു പറഞ്ഞു. അതെല്ലാം ഞങ്ങള്‍ ചെയ്യുന്നതല്ല, ശത്രുക്കളാണ് ഇത്തരത്തില്‍ പ്രസന്‍സ് ഉണ്ടാക്കിത്തരുന്നതെന്ന് മറുപടി പറഞ്ഞു. 'ദിവസവും എകെജി സെന്ററില്‍ നിന്നും 20 കാര്‍ഡും മന്ത്രിയുടെ ഓഫീസില്‍ നിന്ന് 10 കാര്‍ഡും എനിക്കെതിരെ വരികയാണ്. എന്നെ ഇങ്ങനെ സഹായിക്കല്ലേ എന്നാണ് അഭ്യര്‍ത്ഥിക്കാനുള്ളത്. നെഗറ്റീവ് ആണെങ്കിലും നോക്കുമ്പോള്‍ എന്നെ മാത്രമേ കാണാന്‍ കഴിയുന്നുള്ളൂ'വെന്നും വിഡി സതീശന്‍ പറഞ്ഞു.
ഒരുപാടു കാര്യങ്ങളാണ് ഇത്തരത്തില്‍ ദുഷ്പ്രചാരണം നടത്തുന്നത്. അത്തരത്തില്‍ 'തോട്ടിയിട്ടു പിടിക്കാനുള്ള ശ്രമമാണ്, നേമത്ത് മത്സരിക്കാനുള്ള വെല്ലുവിളി. ഇതിലൊന്നും വീഴില്ല. മന്ത്രി ശിവന്‍കുട്ടിയുമായി മത്സരിക്കാനൊന്നും ഞാനില്ല. അദ്ദേഹം വലിയ ആളല്ലേ' എന്നും വിഡി സതീശന്‍ ചോദിച്ചു. ഈ തെരഞ്ഞെടുപ്പില്‍ പൊളിറ്റിക്കല്‍ നരേറ്റീവ്സുണ്ട്. ഇടതുപക്ഷത്തിന്റെ ചങ്കു തുളച്ചുപോകുന്ന പൊളിറ്റിക്കല്‍ നരേറ്റീവ്സാണ്. ആ വിഷയത്തില്‍ നിന്നും വഴിതെറ്റിച്ചുകൊണ്ടുപോകാന്‍ ആരും നോക്കേണ്ട. നിയമസഭ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷം അവതരിപ്പിക്കുന്ന വിഷയങ്ങളാകും കേരളത്തിലെ പൊളിറ്റിക്കല്‍ അജണ്ട. അതാകും ജനങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നതെന്നും വിഡി സതീശന്‍ പറഞ്ഞു.
