ഓഡീയോ സംഭാഷണം ഗൗരവ സ്വഭാവം ഉള്ളതല്ലേ എന്ന ചോദ്യത്തിന് ഫോറന്‍സിക് പരിശോധന നടത്താന്‍ മറുപടി; രാഹുലിനെ വീണ്ടും ന്യായീകരിച്ച് വി.കെ. ശ്രീകണ്ഠന്‍; 'പരാതി അന്വേഷിക്കട്ടെ, കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെ'യെന്ന് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പനും
ഓഡീയോ സംഭാഷണം ഗൗരവ സ്വഭാവം ഉള്ളതല്ലേ എന്ന ചോദ്യത്തിന് ഫോറന്‍സിക് പരിശോധന നടത്താന്‍ മറുപടി; രാഹുലിനെ വീണ്ടും ന്യായീകരിച്ച് വി.കെ. ശ്രീകണ്ഠന്‍
പാലക്കാട്: ലൈംഗികാരോപണങ്ങളില്‍ കുരുക്കിലായ എംഎല്‍എ രാഹുല്‍ മാങ്കൂട്ടത്തിലിനെ ന്യായീകരിച്ച് വി.കെ. ശ്രീകണ്ഠന്‍ എംപി. രാഹുലിനെതിരെ പുറത്തുവന്ന ഓഡിയോ സംഭാഷണം ഗൗരവ സ്വഭാവം ഉള്ളതല്ലേ എന്ന ചോദ്യത്തിന് ഫോറന്‍സിക് പരിശോധന നടത്തൂ എന്നായിരുന്നു വി.കെ. ശ്രീകണ്ഠന്‍ മറുപടി പറഞ്ഞത്.
കോണ്‍ഗ്രസ് ഇരയ്‌ക്കൊപ്പമോ വേട്ടക്കാരന് ഒപ്പമോ എന്ന ചോദ്യത്തിന് ഉള്‍പ്പെടെ വി. കെ. ശ്രീകണ്ഠന്‍ മറുപടി നല്‍കിയില്ല. കേസില്‍ വിശദമായി അന്വേഷണം നടക്കട്ടെ എന്ന് മാത്രമായിരുന്നു എംപിയുടെ ഉത്തരം. യുവതി ഇന്നലെയാണ് പരാതി നല്‍കിയത്. ക്രൈം ബ്രാഞ്ച് തന്നെ തെളിവുകളില്ലെന്ന് പറഞ്ഞ് റിപ്പോര്‍ട്ട് സമര്‍പ്പിച്ച കേസാണിത്. മാധ്യമങ്ങളല്ല കോടതിയാണ് നടപടി സ്വീകരിക്കേണ്ടതെന്നും എംപി പറഞ്ഞു.
സര്‍ക്കാരിനും ആഭ്യന്തര വകുപ്പിനുമെതിരെ വി.കെ. ശ്രീകണ്ഠന്‍ വിമര്‍ശനമുന്നയിച്ചു. കഴിഞ്ഞ മൂന്നുമാസമായി പൊലീസ് എന്തുകൊണ്ട് നടപടി സ്വീകരിച്ചില്ലെന്ന ചോദ്യമാണ് വി.കെ. ശ്രീകണ്ഠന്‍ എംപി ഉയര്‍ത്തിയത്. ആഭ്യന്തരവകുപ്പ് പരാജയമല്ലേ എന്നും എംപി ചോദിച്ചു. ആരോപണങ്ങള്‍ ഉയര്‍ന്നതിന് ശേഷം രാഹുല്‍ പാലക്കാട് കോണ്‍ഗ്രസിന്റെ ഔദ്യോഗികമായ ഒരു പരിപാടിയിലും പങ്കെടുത്തിട്ടില്ലെന്നും എംപി പറഞ്ഞു.
'സ്വര്‍ണക്കൊള്ള കേസില്‍ ആരും ചര്‍ച്ച ചെയ്യാത്തത് എന്തുകൊണ്ടാണ്? മുന്‍ സിപിഎം എംഎല്‍എയെ അറസ്റ്റ് ചെയ്തിട്ടും പാര്‍ട്ടി എന്ത് നടപടിയെടുത്തെന്ന് ആരും ചോദിക്കാത്തത് എന്തുകൊണ്ടാണ്?' എന്നീ ചോദ്യങ്ങള്‍ എംപി ഉന്നയിച്ചു. അതേസമയം രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ലൈംഗിക പീഡനക്കേസില്‍ പ്രതികരിച്ച് പാലക്കാട് ഡിസിസി അധ്യക്ഷന്‍ എ തങ്കപ്പനും രംഗത്തുവന്നു. പരാതി അന്വേഷിക്കട്ടെയെന്നും കുറ്റക്കാരനെങ്കില്‍ ശിക്ഷിക്കട്ടെയെന്നും എ തങ്കപ്പന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.
രാഹുല്‍ മാങ്കൂട്ടത്തില്‍ പാര്‍ട്ടി പരിപാടികളില്‍ പങ്കെടുത്തിട്ടില്ലെന്നാണ് ഡിസിസി അധ്യക്ഷന്റെ വാദം. പരാതി വന്ന സമയത്തില്‍ സംശയമുണ്ടെന്ന് പറഞ്ഞ എ തങ്കപ്പന്‍ ഇപ്പോള്‍ മറനീക്കി പുറത്തുവന്നത് എന്തിനെന്നും ചോദിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്നും ഇത് വരേ പരാതിക്കാരി എവിടെ ആയിരുന്നുമാണ് തങ്കപ്പന്‍ ചോദിക്കുന്നത്. 3 മാസം എന്ത് കൊണ്ടു പരാതി നല്‍കിയില്ല? പരാതി ഉണ്ടോ എന്നും അന്വേഷിച്ച് പോലീസ് നടക്കുക ആയിരുന്നല്ലോ. പരാതിക്ക് പിന്നില്‍ ശബരിമല സ്വര്‍ണ മോഷണം മറയ്ക്കാനുള്ള നീക്കമാണെന്നും തെരഞ്ഞെടുപ്പില്‍ ഭരണ വിരുദ്ധത മറക്കാനുള്ള നീക്കമാണെന്നും ഡിസിസി അധ്യക്ഷന്‍ ആരോപിച്ചു. തെരഞ്ഞെടുപ്പിന്റെ സമയത്ത് പരാതി വന്നത് സംശയിക്കുന്നു. പരാതി അന്വേഷിക്കണം. ഈ കേസ് യുഡിഎഫിനെ ബാധിക്കില്ലെന്നും പാലക്കാട് ഡിസിസി അധ്യക്ഷന്‍ വ്യക്തമാക്കി.
ഇന്നലെയാണ് രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ അതിജീവിത മുഖ്യമന്ത്രിക്ക് ഡിജിറ്റല്‍ തെളിവുകളുള്‍പ്പെടെ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ രാഹുലിനെതിരെ ബലാത്സംഗത്തിന് കേസെടുത്തിട്ടുണ്ട്. ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. നിര്‍ബന്ധിക ഭ്രൂണഹത്യ, ദേഹോപദ്രവം ഏല്‍പിക്കല്‍ എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
