'ഞങ്ങളുണ്ടാക്കിയതാണോ വ്യാജന്‍? ഇപ്പോ കോഴി എന്നായി അല്ലേ; മറുപടി പറയേണ്ടത് സിപിഎം അല്ല'; യുവനേതാവ് സ്ഥിരം ആരോപണ വിധേയനെന്ന് സിപിഎം; വിഡി സതീശന്‍ പരാതി മുക്കി വേട്ടക്കാരനൊപ്പം നിന്നുവെന്ന് വികെ സനോജ്; പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍
പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരായ ആരോപണത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ കടുത്ത വിമര്‍ശനവുമായി സിപിഎമ്മും ഡിവൈഎഫ്‌ഐയും. യുവനേതാവിനെതിരായ ആരോപണത്തില്‍ സിപിഎം അല്ല മറുപടി പറയേണ്ടതെന്ന് പാലക്കാട് ജില്ലാ സെക്രട്ടറി എന്‍.സുരേഷ് ബാബു പറഞ്ഞു. യുവനേതാവ് സ്ഥിരം ആരോപണവിധേയനെന്ന് സുരേഷ് ബാബു പറഞ്ഞു. നേതാവിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്നും സുരേഷ് ബാബു പറഞ്ഞു.
''ഇയാള്‍ രാഷ്ട്രീയത്തില്‍ വന്നയുടനെ എന്തൊക്കെ ആരോപണങ്ങളാണ് വന്നത് വ്യാജന്‍, ഞങ്ങളുണ്ടാക്കിയതാണോ വ്യാജന്‍ ഇപ്പോ കോഴി എന്നായി അല്ലേ. എന്നാണ് ജനം വിളിക്കുന്നതെന്നാണ് പറയുന്നത്. എനിക്കറിയില്ല. വ്യാജന്‍, കോഴി എന്ന് കേരളമാകെ ചര്‍ച്ച ചെയ്യുമ്പോള്‍ കോണ്‍ഗ്രസിന് എന്തെങ്കിലും നാണവും മാനവുമുള്ള പ്രസ്ഥാനമാണെങ്കില്‍, ആത്മാഭിമാനമുള്ള പ്രസ്ഥാനമാണെങ്കില്‍ സംഘടനാപരമായെങ്കിലും നടപടിയെടുക്കേണ്ടേ. സിപിഎമ്മിന്റെയോ ഡിവൈഎഫ്‌ഐയുടെയോ യൂണിറ്റ് സെക്രട്ടറിയാണെങ്കില്‍ നിങ്ങള്‍ രാത്രി മുഴുവന്‍ ചര്‍ച്ച നടത്തുമല്ലോ.'' സുരേഷ് ബാബു പറഞ്ഞു.
ആരോപണം അതീവ ഗൗരവമേറിയ വിഷയമെന്ന് ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വികെ സനോജ്. വിഡി സതീശനോട് പരാതിപ്പെട്ടിരുന്നു എന്നാണ് യുവതി പറഞ്ഞത്. വിഡി സതീശന്‍ പരാതി മുക്കി വേട്ടക്കാരനൊപ്പം നിന്നു. വേട്ടക്കാരനെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ തയ്യാറാവണമെന്നും വികെ സനോജ് പറഞ്ഞു. എംഎല്‍എക്കെതിരെ ആരോപണം ഉയര്‍ന്ന സാഹചര്യത്തില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്നും നീക്കാനാണ് കോണ്‍ഗ്രസ് ഹൈക്കമാന്റ് തീരുമാനം.
വിഡി സതീശന്‍ നടത്തിയത് ക്രിമിനല്‍ കുറ്റമാണെന്ന് വികെ സനോജ് പറഞ്ഞു. പരാതി മറച്ചു വച്ചു എന്നത് മാത്രമല്ല. അയാളെ സംരക്ഷിക്കാന്‍ ശ്രമിച്ചു. ഇത്തരക്കാരെ സംരക്ഷിച്ച ചരിത്രമാണ് കോണ്‍ഗ്രസുകാര്‍ക്കുള്ളത്. കോണ്‍ഗ്രസ്സിനകത്ത് പെണ്‍കുട്ടിക്ക് വേണ്ടി ശബ്ദം ഉയരുന്നില്ല. കോണ്‍ഗ്രസ് തണലിലാണ് തെമ്മാടിത്തരം കാണിക്കുന്നതെന്നും വികെ സനോജ് പറഞ്ഞു. യുവനേതാവിനെതിരായ വെളിപ്പെടുത്തലില്‍ പൊലീസില്‍ പരാതി ലഭിച്ചാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍ പറഞ്ഞു. സര്‍ക്കാരിന് സ്ത്രീവിരുദ്ധ നിലപാടില്ല. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ നിലപാട് എല്ലാവരും കണ്ടതാണ്. പ്രിവിലേജുകള്‍ക്ക് പ്രസക്തിയില്ലെന്നും മന്ത്രി പറഞ്ഞു.
അതേസമയം, രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എക്കെതിരെ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയേക്കും. പകരം അധ്യക്ഷ സ്ഥാനത്തേക്ക് അബിന്‍ വര്‍ക്കിക്കും കെഎം അഭിജിത്തിനുമാണ് സാധ്യത. അധ്യക്ഷ സ്ഥാനത്തു നിന്നും രാഹുലിനെ മാറ്റിയാലും എംഎല്‍എ സ്ഥാനത്ത് തല്‍ക്കാലം തുടരും. യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്തു നിന്നും രാജി വാങ്ങാന്‍ ഹൈക്കമാന്റാണ് നിര്‍ദ്ദേശിച്ചത്.
അതേസമയം, രാഹുലിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ കടുത്ത അതൃപ്തിയിലാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. രാഹുല്‍ വ്യക്തത വരുത്തണമെന്ന് യൂത്ത് കോണ്‍ഗ്രസ്സില്‍ ആവശ്യം ഉയരുകയാണ്. സംസ്ഥാന കമ്മിറ്റി വാട്‌സ് ആപ് ഗ്രൂപ്പിലാണ് ചര്‍ച്ച നടക്കുന്നത്. വിഷയത്തില്‍ രാഹുല്‍ നിശബ്ദത വെടിയണമെന്നും വ്യക്തത വരുത്തണമെന്നും വനിതാ നേതാവ് ആവശ്യപ്പെട്ടു. ആരോപണം ശരി അല്ലെങ്കില്‍ രാഹുല്‍ വിശദീകരിക്കണമെന്നും കൂടുതല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.
എന്നാല്‍, വിഷയത്തില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ ഇതുവരേയും പ്രതികരിച്ചിട്ടില്ല. യൂത്ത് കോണ്‍ഗ്രസ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ഇന്നലെ തുടങ്ങിയ ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. രാഹുലിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ചത് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍ വി സ്‌നേഹയാണ്. സ്‌നേഹയുടെ വിമര്‍ശനത്തെ പിന്തുണച്ചു ജനറല്‍ സെക്രട്ടറി വിപി ദുല്‍ഖിഫില്‍ രംഗത്തെത്തി. രാഹുലിനെതിരെ ചാണ്ടി ഉമ്മന്‍ പക്ഷവും രംഗത്തെത്തിയിട്ടുണ്ട്. സംസ്ഥാന വൈസ് പ്രസിഡന്റ് വിഷ്ണു സുനില്‍ പന്തളം രാജി ആവശ്യപ്പെട്ടു.