കണ്ണൂര്‍ കളക്ടര്‍ക്കൊപ്പം വേദി പങ്കിടാന്‍ റവന്യു മന്ത്രി കെ രാജന് വിമുഖതയോ? വ്യാഴാഴ്ച കണ്ണൂരില്‍ നടക്കേണ്ട മൂന്നുപരിപാടികള്‍ മാറ്റി വച്ചതോടെ അഭ്യൂഹം; നിലപാട് വ്യക്തമാക്കി മന്ത്രി; നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതില്‍ അസ്വാഭാവികത തോന്നിയില്ലെന്ന് കളക്ടറുടെ മൊഴി

കണ്ണൂര്‍ കളക്ടര്‍ക്കൊപ്പം വേദി പങ്കിടാന്‍ റവന്യു മന്ത്രി കെ രാജന് വിമുഖതയോ?

Update: 2024-10-23 14:40 GMT

കണ്ണൂര്‍: കണ്ണൂര്‍ കളക്ടര്‍ക്കൊപ്പം വേദി പങ്കിടാന്‍ കഴിയാത്തത് കൊണ്ട് വ്യാഴാഴ്ച കണ്ണൂരില്‍ വ്യാഴാഴ്ച നടക്കേണ്ട റവന്യൂ മന്ത്രി കെ രാജന്റെ മൂന്ന് പരിപാടികള്‍ മാറ്റിവെച്ചോ? തരംമാറ്റ അദാലത്തിന്റെ സംസ്ഥാന തല ഉദ്ഘാടനം കണ്ണൂരില്‍ നടത്താതെ കാസര്‍കോട് നടത്താനും തീരുമാനിച്ചിരിക്കുകയാണ്. ഇരിട്ടിയിലേയും കൂത്തുപറമ്പിലേയും പട്ടയമേളകളും ചിറക്കല്‍ സ്മാര്‍ട്ട് വില്ലേജ് ഓഫീസിന്റെ ഉദ്ഘാടനവുമാണ് മാറ്റിയത്. എന്നാല്‍ മുണ്ടേരി സ്‌കൂളിലെ ഡിജിറ്റലൈസേഷന്‍ പ്രഖ്യാപനത്തില്‍ മന്ത്രി എത്തും.

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കുടുംബത്തിനൊപ്പം തുടക്കം മുതല്‍ നിലപാടെടുത്ത് നിന്ന മന്ത്രി കെ രാജന്റെ പരിപാടികള്‍ മാറ്റിയത് കണ്ണൂര്‍ കളക്ടറുമായി വേദി പങ്കിടാതിരിക്കാനാണെന്ന അഭ്യൂഹം ഉയര്‍ന്നെങ്കിലും ഇത് മന്ത്രിയുടെ ഓഫീസ് നിഷേധിച്ചു. കളക്ടറുമായി നല്ല ബന്ധമാണെന്നും പരിപാടികള്‍ നേരത്തേ മാറ്റിയതാണെന്നും മന്ത്രിയുടെ ഓഫീസില്‍ നിന്ന് അറിയിച്ചു.

എഡിഎം അഴിമതിക്കാരനല്ലെന്നും സംഭവത്തില്‍ കൃത്യമായ അന്വേഷണം നടത്തുമെന്നും റവന്യൂ മന്ത്രി നേരത്തെ പറഞ്ഞിരുന്നു. വിഷയത്തില്‍ കളക്ടര്‍ക്കെതിരേ ആരെങ്കിലും പരാതി നല്‍കിയാല്‍ പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു. ആദ്യ ഘട്ടത്തില്‍ എഡിഎമ്മിന്റെ മരണത്തില്‍ പ്രാഥമികാന്വേഷണം നടത്താന്‍ ജില്ലാ കളക്ടറെ നിയമിച്ചത് മന്ത്രിയായിരുന്നു. എന്നാല്‍ കളക്ടര്‍ക്കെതിരെ ആരോപണം ഉയര്‍ന്നതോടെ അന്വേഷണ ചുമതല ലാന്റ് റവന്യൂ ജോയിന്റ് കമ്മീഷണര്‍ എ ഗീതയ്ക്ക് നല്‍കിയിരുന്നു. റവന്യൂ വകുപ്പിന്റെ ആഭ്യന്തര അന്വേഷണത്തില്‍ ജില്ലാ കളകര്‍ക്കെതിരായ ആരോപണങ്ങളും പരിശോധിക്കുന്നുണ്ട്.

അതേസമയം, എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിന് മുമ്പ് പി പി ദിവ്യ വിളിച്ചതില്‍ അസ്വാഭാവികത തോന്നിയില്ലെന്നും മറ്റ് ലക്ഷ്യങ്ങള്‍ അവര്‍ക്കുണ്ടെന്ന് കരുതിയില്ലെന്നും കണ്ണൂര്‍ ജില്ലാ കളക്ടറുടെ മൊഴി. പി പി ദിവ്യയെ പ്രതി ചേര്‍ത്ത് ഏഴാം ദിവസവും പൊലീസ് ചോദ്യം ചെയ്തിട്ടില്ല. നാളെ മുന്‍കൂര്‍ ജാമ്യഹര്‍ജിയില്‍ വാദം നടക്കാനിരിക്കെ, ദിവ്യക്കെതിരെ ശക്തമായ തെളിവുകള്‍ പൊലീസ് റിപ്പോര്‍ട്ടിലുണ്ടാകുമെന്നാണ് സൂചന.

എഡിഎം നവീന്‍ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിലേക്ക് ദിവ്യയെ ക്ഷണിച്ചില്ലെന്ന് ആവര്‍ത്തിച്ച കളക്ടര്‍ അരുണ്‍ കെ വിജയന്‍, യോഗത്തിന് മുമ്പ് അവര്‍ ഫോണില്‍ വിളിച്ചെന്ന് സ്ഥിരീകരിച്ചിരുന്നു. പൊലീസിന് നല്‍കിയ മൊഴിയിലാണ് ആ ഫോണ്‍ കോളില്‍ അസാധാരണത്വം തോന്നിയില്ലെന്ന് കളക്ടര്‍ പറഞ്ഞത്. യാത്രയയപ്പ് യോഗത്തിനെ കുറിച്ച് ദിവ്യ ചോദിച്ചപ്പോഴും അവര്‍ക്ക് മറ്റ് ഉദ്ദേശങ്ങളുണ്ടെന്ന് കരുതിയില്ലെന്നും കളക്ടര്‍ മൊഴി നല്‍കി. ആരോപണത്തെക്കുറിച്ച് അറിഞ്ഞതും യോഗത്തില്‍ മാത്രമെന്ന് മൊഴി.

Tags:    

Similar News