പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കണോ വേണ്ടയോ? അന്‍വറുമായി കോണ്‍ഗ്രസ് ചര്‍ച്ച ചെയ്തിട്ടില്ലെന്നും ആലോചിച്ച് തീരുമാനിക്കുമെന്നും കെ സുധാകരന്‍; യു ഡി എഫ് അനുവദിച്ചാല്‍ പിണറായിക്ക് എതിരെ മത്സരിക്കുമെന്ന് അന്‍വര്‍; ആര്യാടന്‍ ഷൗക്കത്തിനെ പിന്തുണയ്ക്കുമെങ്കിലും ജയം ഉറപ്പുപറയാനാകില്ലെന്നും മുന്‍ എം എല്‍ എ

പി വി അന്‍വറിനെ യുഡിഎഫില്‍ എടുക്കണോ വേണ്ടയോ?

Update: 2025-01-13 17:25 GMT

കൊച്ചി: പി വി അന്‍വറിനെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്യണോ എന്ന കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് തീരുമാനിക്കുമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍. അന്‍വറുമായി കോണ്‍ഗ്രസ് ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടക്കാന്‍ മാത്രമുള്ള സന്നദ്ധത പി.വി. അന്‍വര്‍ പ്രകടിപ്പിച്ചിട്ടില്ലെന്നും അദ്ദേഹം കൊച്ചിയില്‍ പ്രതികരിച്ചു.

സ്വന്തം രാഷ്ട്രീയം തീരുമാനിക്കാനുള്ള അവകാശം അന്‍വറിനുണ്ട്. അതനുസരിച്ച് അദ്ദേഹം മറ്റൊരു വഴിയിലേക്ക് പോകുന്നു. ഏത് രാഷ്ട്രീയവും സ്വീകരിക്കാനുള്ള അവകാശം എല്ലാവര്‍ക്കുമുണ്ട്. അതിന് അദ്ദേഹത്തെ വിമര്‍ശിക്കേണ്ട കാര്യമില്ല. -സുധാകരന്‍ പറഞ്ഞു. 'അന്‍വറിനെ യു ഡി എഫിലേക്ക് സ്വാഗതം ചെയ്യുന്ന കാര്യം കോണ്‍ഗ്രസ് ചര്‍ച്ച ചെയ്ത് തീരുമാനിക്കും. ഒരുപാട് പ്രതിസന്ധികള്‍ കടന്നുവന്ന രാഷ്ട്രീയ നായകനാണ് അന്‍വര്‍. പാര്‍ട്ടിയില്‍ അദ്ദേഹത്തെ അനുകൂലിച്ചും പ്രതികൂലിച്ചും പ്രതികരിക്കാന്‍ ആളുകളുണ്ടാകും. ഒന്നിച്ചിരുന്ന് സംസാരിച്ച് അതില്‍ തീരുമാനമുണ്ടാക്കും.'

'കോണ്‍ഗ്രസ് ഒരിക്കലും അന്‍വറിനെതിരല്ല. അന്‍വര്‍ ഇങ്ങോട്ട് വരണമെന്ന് ഞങ്ങള്‍ ആവശ്യപ്പെട്ടിട്ടില്ല. അദ്ദേഹവും അങ്ങനെയൊരു നിര്‍ബന്ധബുദ്ധി കാണിച്ചിട്ടില്ല. അദ്ദേഹത്തിന്റെ അഭിപ്രായം അറിഞ്ഞാല്‍ ബാക്കിയുള്ള കാര്യം പാര്‍ട്ടി ചര്‍ച്ച ചെയ്ത് പ്രതികരിക്കും. കോണ്‍ഗ്രസുമായി അന്‍വര്‍ ചര്‍ച്ച നടത്തിയിട്ടില്ല. ഫോണിലൊക്കെ സംസാരിച്ചതല്ലാതെ ഈ വിഷയത്തെ കുറിച്ച് ചര്‍ച്ച നടത്തിയിട്ടില്ല. ചര്‍ച്ച നടത്താന്‍ മാത്രമുള്ള സന്നദ്ധത അദ്ദേഹം പ്രകടിപ്പിച്ചിട്ടില്ല. അങ്ങനെയൊരു ചര്‍ച്ച കോണ്‍ഗ്രസിന് മുന്നില്‍ വന്നിട്ടില്ല. വരാത്തതുകൊണ്ട് ഞങ്ങള്‍ ചര്‍ച്ച ചെയ്തിട്ടുമില്ല.'-കെ. സുധാകരന്‍ പറഞ്ഞു.

അതേസമയം, യു ഡി എഫ് അനുവദിച്ചാല്‍ അടുത്ത തിരഞ്ഞെടുപ്പില്‍ പിണറായി വിജയനെതിരെയും മത്സരിക്കുമെന്ന് പി.വി അന്‍വര്‍. ഇക്കാര്യത്തില്‍ ഒരു തര്‍ക്കവുമില്ലെന്ന് അദ്ദേഹം ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചയില്‍ പറഞ്ഞു. അടുത്ത തിരഞ്ഞെടുപ്പിലും പിണറായി മത്സരിച്ചിരിക്കും. അദ്ദേഹം എവിടെ മത്സരിക്കുന്നുവോ അവിടെ മത്സരിക്കാന്‍ തയ്യാറാണെന്നും അന്‍വര്‍ പറഞ്ഞു.

ഉറച്ച കോട്ടകളൊക്കെ പണ്ടായിരുന്നു. ഇളക്കം തട്ടില്ല, തൊടാന്‍ പറ്റില്ല എന്നുപറയുന്ന കാലമൊക്കെ കഴിഞ്ഞെന്നും പി.വി.അന്‍വര്‍ പറഞ്ഞു. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ മനസിലായിക്കഴിഞ്ഞു. ഇപ്പോഴുള്ളതെല്ലാം ഇളകിയ കോട്ടകളാണ്. അടിത്തറ ഇളകിയ കോട്ടകള്‍. പിണറായിയെ താഴെയിറക്കാനുള്ള പോരാട്ടത്തിനാണ് യുഡിഎഫിന് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചിട്ടുള്ളത്. അത് അങ്ങനെതന്നെ തുടരും. എനിക്ക് എത്ര സീറ്റുവേണം ആ സീറ്റുവേണം എന്നൊക്കെ പറയാന്‍ കഴിയുമോ? അതൊക്കെ അവരാണ് മാന്യമായി പരിഗണിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

'ഈ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നില്ല. പാര്‍ലമെന്ററി രാഷ്ട്രീയ രംഗത്തുനിന്ന് പിന്‍മാറിയെന്നോ ജീവിതത്തില്‍ ഇനിയൊരിക്കലും മത്സരിക്കില്ലെന്നോ ഒന്നും പറഞ്ഞിട്ടില്ല, ഇനി പറയുകയുമില്ല, അതിന് സാധ്യവുമല്ല. എന്റെ രാജികൊണ്ട് ഒരു തിരഞ്ഞെടുപ്പാണ് വന്നിരിക്കുന്നത്. എന്നാല്‍ അതിനുമുന്‍പ് കൂടുതല്‍ രാജി വന്നേക്കാം. അവിടങ്ങളിലും ഉപതിരഞ്ഞെടുപ്പ് വരാന്‍ സാധ്യതയുണ്ട്. അവിടെയും യു.ഡി.എഫിന് നിരുപാധിക പിന്തുണ തന്നെയായിരിക്കും. തൃണമൂല്‍ കോണ്‍ഗ്രസിനെ യൂ.ഡി.എഫിലെടുക്കാന്‍ മാത്രം ഒരു ചര്‍ച്ചയും നടന്നിട്ടില്ല.

നിലമ്പൂരില്‍ ഇനി മത്സരിക്കേണ്ട കാര്യമില്ല. കൂടുതല്‍ പേര്‍ തൃണമൂലിലേക്ക് വരും. നിലമ്പൂരില്‍ ആര്യാടന്‍ ഷൗക്കത്ത് മത്സരിച്ചാല്‍ നൂറുശതമാനം പിന്തുണയ്ക്കും. വി.എസ്.ജോയ് മത്സരിച്ചാല്‍ 30,000 വോട്ടിന്റെയെങ്കിലും ഭൂരിപക്ഷമുണ്ടാവും. എന്നാല്‍ ഈ ഭൂരിപക്ഷം ഷൗക്കത്തിന്റെ കാര്യത്തില്‍ ഏല്‍ക്കാന്‍ സാധ്യതയില്ല. ജോയിക്ക് എങ്ങനെ പണിയെടുക്കുന്നോ അതുപോലെ ഷൗക്കത്തിനായും പണിയെടുക്കും. വോട്ട് ചെയ്യണമെന്ന് തീരുമാനിക്കേണ്ടത് വോട്ടര്‍മാരാണ്. ഷൗക്കത്തുമായി ഒരു പ്രശ്‌നവുമില്ല. അദ്ദേഹം അടുത്ത സുഹൃത്തും ബന്ധുവുമാണ്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ പിണറായിസത്തിന്റെ അവസാന ആണിയാണ് അടിക്കാന്‍പോകുന്നത്.' അന്‍വര്‍ പറഞ്ഞു.

പി.ശശി നിയമനടപടി ആരംഭിച്ചിട്ട് കുറേ ആയല്ലോ എന്ന് അന്‍വര്‍ ചോദിച്ചു. കുറേ ഉണ്ടല്ലോ മാനനഷ്ടക്കേസ്. അദ്ദേഹം കേരളത്തിലാരംഭിച്ച സൈനിക നടപടി എല്ലാവരും കണ്ടല്ലോ. നൂറുകണക്കിന് പോലീസുകാരാണ് സൈറണിട്ടുവന്ന് വീട് വളഞ്ഞത്. ആകാശത്തേക്ക് വെടിവെച്ചില്ലെന്നേയുള്ളൂ. തോക്കെടുക്കാന്‍ മറന്നിട്ടാണോ എന്നറിയില്ലെന്നും അന്‍വര്‍ പരിഹസിച്ചു.

Tags:    

Similar News