മാതാവിന്റെ തലയില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുകിരീടം വച്ചും കൊരട്ടിമുത്തിക്ക് പഴക്കുല നേര്‍ന്നും മുട്ടിലിഴഞ്ഞും കുരുത്തോലക്കുരിശ് കെട്ടിയും വോട്ടുപിടുത്ത കോപ്രായങ്ങളുടെ മികച്ച അഭിനേതാവ് ഇതൊന്നും കാണുന്നില്ലേ: കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വിമര്‍ശനവുമായി ജിന്റോ ജോണ്‍

കന്യാസ്ത്രീകളുടെ അറസ്റ്റില്‍ വിമര്‍ശനവുമായി ജിന്റോ ജോണ്‍

Update: 2025-07-28 10:26 GMT

തിരുവനന്തപപുരം: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തില്‍ തൃശ്ശൂര്‍ എം.പിയും കേന്ദ്ര മന്ത്രിയുമായ സുരേഷ് ഗോപി ഇതുവരെ പ്രതികരിച്ചിട്ടില്ല. കേസില്‍ കോടതിയുടെ നിലപാട് അറിഞ്ഞ ശേഷം പ്രതികരിക്കാമെന്നാണ് മലയാളിയും കേന്ദ്ര മന്ത്രിയുമായ ജോര്‍ജ് കുര്യന്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. ബിജെപി നേതാക്കളുടെ നിലപാടിനെ വിമര്‍ശിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് ഡോ. ജിന്റോ ജോണ്‍. മല കയറിയാലോ അരമനകള്‍ കയറിയിറങ്ങിയാലോ ക്രിസ്മസ് കേക്ക് മുറിക്കാന്‍ വന്നാലോ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നാലോ ഇന്ത്യയിലെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് നീതി ഉറപ്പാകില്ലെന്ന് അറിയാമെന്ന് ജിന്റോ ജോണ്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ജിന്റോ ജോണിന്റെ കുറിപ്പിന്റെ പൂര്‍ണ രൂപം:

മാതാവിന്റെ തലയില്‍ സ്വര്‍ണ്ണം പൊതിഞ്ഞ ചെമ്പുകിരീടം വച്ചും കൊരട്ടിമുത്തിക്ക് പഴക്കുല നേര്‍ന്നും മുട്ടിലിഴഞ്ഞും കുരുത്തോലക്കുരിശ് കെട്ടിയും വോട്ടുപിടുത്ത കോപ്രായങ്ങളുടെ മികച്ച അഭിനേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപി ഇതൊന്നും കാണുന്നില്ലേ. കേന്ദ്രമന്ത്രി ജോര്‍ജ്ജ് കുര്യന്‍ ഉറക്കമെഴുന്നേറ്റില്ലേ. ആസ്ഥാന കൃസംഘികളായ പി സി ജോര്‍ജ്ജും ഷോണ്‍ ജോര്‍ജ്ജും മൗനവൃതത്തിലാണോ. കെവിന്‍ പീറ്റര്‍ അടക്കമുള്ള കാസയുടെ ചാണകം വാരികളും ഉടനടി ഹാജരാകണം. നിങ്ങളുടെ മോദിജിയോട് ഒരൊറ്റ വിളിയില്‍ ആ കന്യാസ്ത്രീകളെ മോചിപ്പിക്കാന്‍ ഇടപെടണം.

ചത്തീസ്ഡിലെ ബിജെപി സര്‍ക്കാര്‍ ഒത്താശയോടെ പോലീസ് സാന്നിധ്യത്തില്‍ ക്രൈസ്തവ വിശ്വാസികളും പുരോഹിതരും സന്യസ്തരും പ്രേഷിത പ്രവര്‍ത്തകരും അക്രമങ്ങള്‍ക്ക് ഇരയാകുമ്പോള്‍ മിണ്ടാതെ ഒളിക്കുന്ന നിങ്ങളുടെയൊക്കെ ക്രൈസ്തവപ്രേമം കേരളത്തില്‍ മാത്രം ഒതുക്കരുത്. തെരുവും നിയമവും കയ്യേറി ന്യൂനപക്ഷവേട്ട ആഘോഷമാക്കുന്ന സംഘികള്‍ കൂത്താടുന്ന വടക്കേയിന്ത്യന്‍ സംസ്ഥാനങ്ങളില്‍ ചെന്നിറങ്ങി വിളംബരം ചെയ്യണം സകല കൃസംഘികളുടേയും ക്രൈസ്തവ കരുതല്‍.

നിങ്ങളൊക്കെ മല കയറിയാലോ അരമനകള്‍ കയറിയിറങ്ങിയാലോ ക്രിസ്തുമസ് കേക്ക് മുറിക്കാന്‍ വന്നാലോ ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നാലോ ഇന്ത്യയിലെമ്പാടുമുള്ള ക്രൈസ്തവര്‍ക്ക് നീതി ഉറപ്പാകില്ല എന്നറിയാം. എന്നാലും ക്രിസ്തുവിനെ ഇനിയും ഒറ്റാന്‍ മുട്ടിനില്‍ക്കുന്ന, അധികാരാര്‍ത്തിയിലും പണക്കൊതിയിലും ബിജെപി പ്രേതമാവാഹിച്ച കൃസംഘികളെ തിരിച്ചറിയാന്‍ വഴിതെറ്റുന്ന ചില കുഞ്ഞാടുകള്‍ക്ക് കിട്ടുന്ന മറ്റൊരവസരം മാത്രമാണിത്. പതിറ്റാണ്ടുകളായി സംഘപരിവാര്‍ തുടരുന്ന ന്യൂനപക്ഷവേട്ടയുടെ മറ്റൊരു ഓര്‍മ്മപ്പെടുത്തല്‍. ഇനിയും കാണാനിരിക്കുന്ന ഒരുപാടെണ്ണത്തിന്റെ മുന്നോടിയും. ഇവറ്റകളൊക്കെ പറയുന്ന ഇസ്ലാമോഫോബിക് നുണകളില്‍ തമ്മില്‍ത്തല്ലാതെ സംഘപരിവാര്‍ അക്രമങ്ങളെ സംഘടിതമായി ചെറുക്കുന്ന ന്യൂനപക്ഷ ഐക്യത്തിനുള്ള സമയം വൈകിയെന്ന ബോധം ക്രൈസ്തവര്‍ക്കും ഉണ്ടാകണം. മോദിയേയും സുരേഷ് ഗോപിയേയും ജോര്‍ജ്ജ് കുര്യന്മാരേയും പി സി ജോര്‍ജ്ജിനേയും മകനേയും കാസയുടെ ഒറ്റുകാരേയുമൊക്കെ കാണുമ്പോള്‍ കേരളത്തിന് പുറത്തുള്ള ക്രൈസ്തവ സഹോദരങ്ങളെ സൗകര്യപൂര്‍വ്വം മറക്കുന്നവര്‍ക്കുള്ള തെറ്റുതിരുത്തല്‍ അവസരം കൂടിയാണിത്.

ജബല്‍പ്പൂരിലും മണിപ്പൂരിലും ഒറീസ്സയിലും ഛത്തീസ്ഘട്ടിലും മദ്ധ്യപ്രദേശിലും കേരളത്തിന് പുറത്തുള്ള മുഴുവന്‍ ക്രൈസ്തവ വേട്ടകളിലും നമുക്ക് മെഴുകുതിരി കത്തിക്കലും പ്രാര്‍ത്ഥനാ കൂട്ടായ്മകളും ലേഖന പരമ്പരകളും മാത്രം പോരാ. അതിക്രമങ്ങളുടെ ശ്രമങ്ങള്‍ കേരളത്തിലും തലപൊക്കി തുടങ്ങുമ്പോള്‍ കേവല മുരള്‍ച്ചകള്‍ക്കപ്പുറത്തുള്ള മുറവിളി തന്നെ വേണം. അരമനകളും പള്ളിമേടകളും കയറാന്‍ വരുന്ന ബിജെപി ചെന്നായ്ക്കളോട് വടക്കേയിന്ത്യയിലോട്ട് വണ്ടിപിടിക്കാന്‍ പറയണം... അവിടങ്ങളിലെ കണ്ണീരൊപ്പിയിട്ട് മതി കേരളത്തിലെ കൈമുത്തലും കേക്ക് മുറിക്കലും.

Tags:    

Similar News