ഇനി യൂറോപ്പിലേക്കും 'റിയാദ് എയർ' പറക്കും; മൂന്നാമത്തെ അന്താരാഷ്ട്ര നഗരമായി കെയ്‌റോ മാറും; പറന്നുയരാനൊരുങ്ങി സൗദിയുടെ പുതിയ വിമാന കമ്പനി
റിയാദ്: സൗദി അറേബ്യയുടെ പുതിയ ദേശീയ വിമാനക്കമ്പനിയായ റിയാദ് എയർ, തങ്ങളുടെ അന്താരാഷ്ട്ര സർവീസ് ശൃംഖല വികസിപ്പിക്കുന്നതിൻ്റെ ഭാഗമായി ഈജിപ്ഷ്യൻ തലസ്ഥാനമായ കെയ്‌റോയിലേക്ക് പ്രതിദിന സർവീസുകൾ ആരംഭിക്കുമെന്ന് പ്രഖ്യാപിച്ചു. ലണ്ടനും ദുബായിക്കും ശേഷം റിയാദ് എയർ പറക്കാൻ ഒരുങ്ങുന്ന മൂന്നാമത്തെ അന്താരാഷ്ട്ര നഗരമാണ് കെയ്‌റോ.
റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് കെയ്‌റോ അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കായിരിക്കും ഈ പ്രതിദിന സർവീസുകൾ. ലോകത്തിലെ ഏറ്റവും തിരക്കേറിയ വിമാന റൂട്ടുകളിലൊന്നിൽ സാന്നിധ്യം ഉറപ്പിക്കുക എന്ന തന്ത്രപരമായ നീക്കത്തിൻ്റെ ഭാഗമാണിതെന്ന് റിയാദ് എയർ വ്യക്തമാക്കി. അത്യാധുനിക സാങ്കേതികവിദ്യയും ഉയർന്ന യാത്രാ സൗകര്യങ്ങളുമുള്ള ബോയിങ് 787-9 ഡ്രീംലൈനർ വിമാനങ്ങളായിരിക്കും ഈ റൂട്ടിൽ സർവീസ് നടത്തുക.
റിയാദിനും കെയ്‌റോയ്ക്കും ഇടയിൽ പ്രതിവർഷം ശരാശരി 27 ലക്ഷം യാത്രക്കാരുണ്ടെന്നാണ് കണക്കുകൾ. സൗദി അറേബ്യയും ഈജിപ്തും തമ്മിലുള്ള ചരിത്രപരവും സാമ്പത്തികവും വിനോദസഞ്ചാരപരവുമായ ബന്ധം കൂടുതൽ ശക്തിപ്പെടുത്തുക എന്നതും ഈ നീക്കത്തിനു പിന്നിലെ പ്രധാന ലക്ഷ്യങ്ങളിലൊന്നാണ്. സൗദി അറേബ്യയിൽ നിന്ന് വിദേശത്തേക്ക് പോകുന്ന യാത്രക്കാരുടെ പട്ടികയിൽ കെയ്‌റോ ഒന്നാമതാണ്. കൂടാതെ, തീർത്ഥാടനം (ഹജ്ജ്, ഉംറ), ബിസിനസ്, ടൂറിസം ആവശ്യങ്ങൾക്കായി ഈജിപ്തിൽ നിന്ന് സൗദിയിലേക്ക് എത്തുന്നവരുടെ എണ്ണത്തിലുണ്ടായ വർദ്ധനവും ഈ പുതിയ റൂട്ട് ആരംഭിക്കാൻ റിയാദ് എയറിനെ പ്രേരിപ്പിച്ചു.