വ്യോമ പ്രതിരോധത്തിനിടെ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ചു; അബുദാബിയിൽ ഇന്ത്യക്കാരൻ ഉൾപ്പെടെ രണ്ടു പേർ മരിച്ചു; വാഹനങ്ങൾക്കും നാശനഷ്ടം; വ്യാജവാർത്തകൾ പ്രചരിപ്പിക്കരുതെന്ന് മുന്നറിയിപ്പ്
അബുദാബി: വ്യോമ പ്രതിരോധ സംവിധാനം മിസൈൽ തകർക്കുന്നതിനിടെ ചിതറിത്തെറിച്ച അവശിഷ്ടങ്ങൾ വീണ് അബുദാബിയിൽ രണ്ടു മരണം. മരിച്ചവരിൽ ഒരാൾ ഇന്ത്യക്കാരനാണെന്ന് അധികൃതർ സ്ഥിരീകരിച്ചു. മറ്റൊരാൾ പാകിസ്താൻ സ്വദേശിയാണ്. സംഭവത്തിൽ പരിക്കേറ്റ മൂന്നുപേരിൽ ഒരാളും ഇന്ത്യക്കാരനാണെന്ന് അബുദാബി മീഡിയ ഓഫിസ് അറിയിച്ചു.
ഇറാനിൽനിന്നു തൊടുത്ത മിസൈൽ യുഎഇ പ്രതിരോധ സേന ആകാശത്തുവെച്ചുതന്നെ വിജയകരമായി തകർത്തിരുന്നു. ഇതിന്റെ ചീളുകൾ സ്വയ്ഹാൻ സ്ട്രീറ്റിൽ പതിച്ചാണ് അപകടമുണ്ടായത്. പരിക്കേറ്റവരെ ഉടൻതന്നെ സമീപത്തെ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. സ്ഫോടനത്തിന്റെ ആഘാതത്തിൽ നിരവധി വാഹനങ്ങൾക്കും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടുണ്ട്.
സംഭവവുമായി ബന്ധപ്പെട്ട് ഔദ്യോഗിക വൃത്തങ്ങളിൽനിന്നുള്ള വിവരങ്ങൾ മാത്രം വിശ്വസിക്കണമെന്നും വ്യാജവാർത്തകളും അഭ്യൂഹങ്ങളും പ്രചരിപ്പിക്കരുതെന്നും അബുദാബി മീഡിയ ഓഫിസ് പൊതുജനങ്ങളോട് അഭ്യർഥിച്ചു. സമാധാനാന്തരീക്ഷം നിലനിർത്താൻ എല്ലാവരും സഹകരിക്കണമെന്നും പ്രസ്താവനയിൽ പറയുന്നു.