ഇനി ഫ്ലൈറ്റിൽ വന്നിറങ്ങുന്ന യാത്രക്കാർക്ക്..തിരക്കില്ലാതെ നടക്കാം; റിയാദ് വിമാനത്താവളത്തിൽ ടെർമിനൽ അടിമുടി മാറും; ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയായി

Update: 2026-02-19 09:31 GMT

റിയാദ്: യാത്രക്കാരുടെ സൗകര്യം വർധിപ്പിക്കുന്നതിനും വിമാനത്താവളത്തിൻ്റെ പ്രവർത്തനക്ഷമത മെച്ചപ്പെടുത്തുന്നതിനുമായി റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ടെർമിനലുകൾ പുനഃക്രമീകരിക്കുന്ന നടപടികൾക്ക് 'റിയാദ് എയർപോർട്ട്സ് കമ്പനി' തുടക്കം കുറിച്ചു. വിമാനത്താവളത്തിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഈ പുനഃക്രമീകരണത്തിൻ്റെ ഒന്നാം ഘട്ടം വിജയകരമായി പൂർത്തിയാക്കി.

ആഭ്യന്തര-അന്താരാഷ്ട്ര കണക്ഷൻ വിമാനങ്ങളുടെ നടപടികൾ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെ നടത്തുന്ന ഈ മാറ്റങ്ങളുടെ ആദ്യഘട്ടത്തിൽ, സൗദി എയർലൈൻസ്, റിയാദ് എയർ, ഫ്ലൈനാസ്, ഫ്ലൈഅദീൽ എന്നീ ദേശീയ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾ ഫെബ്രുവരി 16 മുതൽ പൂർണമായും ഒന്നും രണ്ടും ടെർമിനലുകളിലേക്ക് മാറ്റി. ഇത് യാത്രക്കാരുടെ തിരക്ക് കുറയ്ക്കാനും യാത്രാസമയം ലാഭിക്കാനും സഹായിക്കുമെന്നാണ് അധികൃതർ വിലയിരുത്തുന്നത്.

തുടർന്നുള്ള ഘട്ടങ്ങളിൽ കൂടുതൽ മാറ്റങ്ങൾ വരും:

ഫെബ്രുവരി 24 മുതൽ: ദേശീയ വിമാനക്കമ്പനികളുടെ ആഭ്യന്തര സർവീസുകൾ ടെർമിനൽ 4-ലേക്ക് മാറ്റും.

ഫെബ്രുവരി 25 മുതൽ: എയർ ഇന്ത്യ, ഇൻഡിഗോ ഉൾപ്പെടെയുള്ള വിദേശ വിമാനക്കമ്പനികളുടെ അന്താരാഷ്ട്ര സർവീസുകൾക്കായി ടെർമിനൽ 5 സജ്ജീകരിക്കും. കണക്ഷൻ യാത്രക്കാരുടെ സൗകര്യാർത്ഥം, ആഭ്യന്തര സർവീസുകൾ 3, 4 ടെർമിനലുകളിലായി ക്രമീകരിക്കും.

ഈ മാറ്റങ്ങൾക്കിടയിൽ യാത്രക്കാർക്ക് ബുദ്ധിമുട്ടുകൾ ഒഴിവാക്കുന്നതിനായി വിമാനത്താവളത്തിൽ വിപുലമായ സജ്ജീകരണങ്ങൾ ഒരുക്കിയിട്ടുണ്ട്. 650-ൽ അധികം ഗൈഡുകളെ യാത്രക്കാരെ സഹായിക്കാനായി വിന്യസിച്ചിട്ടുണ്ട്. കൂടാതെ, ആദ്യത്തെ ഒരു മണിക്കൂർ സൗജന്യ പാർക്കിങ് സൗകര്യം, ടെർമിനലുകൾക്കിടയിൽ സൗജന്യ ടാക്സി, റിയാദ് മെട്രോ യാത്ര, ഓരോ നാല് മിനിറ്റിലും ലഭ്യമാകുന്ന ഷട്ടിൽ ബസ് സേവനം എന്നിവയും ലഭ്യമാണ്.

യാത്രക്കാർ തങ്ങളുടെ വിമാനങ്ങളുടെ സമയവും ടെർമിനലും അതത് വിമാനക്കമ്പനികൾ വഴിയോ വിമാനത്താവളത്തിൻ്റെ വാട്സ്ആപ്പ് സേവനം (920020090) മുഖേനയോ മുൻകൂട്ടി പരിശോധിച്ച് ഉറപ്പുവരുത്തണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു. കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തെ ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഈ വിപുലമായ പുനഃക്രമീകരണങ്ങൾ.

Similar News