തലച്ചോറിൽ രക്തസ്രാവം ഉണ്ടായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വെൻറിലേറ്ററിൽ കഴിഞ്ഞത് രണ്ടര മാസം; പ്രവാസി ഇന്ത്യക്കാരൻ റിയാദിൽ മരിച്ചു
ജുബൈൽ: തലച്ചോറിലുണ്ടായ രക്തസ്രാവത്തെത്തുടർന്ന് രണ്ടര മാസത്തോളം ജുബൈലിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബീഹാർ സ്വദേശിയായ പ്രവാസി മുഹമ്മദ് ഷഫീഉള്ള അൻസാരി (60) നിര്യാതനായി. ജുബൈൽ ജനറൽ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.
കഴിഞ്ഞ നവംബറിലാണ് ഗോപാൽഗഞ്ച് സ്വദേശിയായ അൻസാരിയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിലെ രക്തസ്രാവത്തെത്തുടർന്ന് അബോധാവസ്ഥയിലായിരുന്ന അദ്ദേഹത്തിന് അടിയന്തര ശസ്ത്രക്രിയ ഉൾപ്പെടെയുള്ള വിദഗ്ദ്ധ ചികിത്സകൾ നൽകിയിരുന്നു. എന്നാൽ ആരോഗ്യനിലയിൽ കാര്യമായ പുരോഗതിയുണ്ടാകാത്തതിനെത്തുടർന്ന് വെന്റിലേറ്റർ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്. കഴിഞ്ഞ ദിവസം ആരോഗ്യനില കൂടുതൽ വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു.
ജുബൈലിലെ ഒരു സ്വകാര്യ കമ്പനിയിൽ പെയിന്ററായി ജോലി ചെയ്തുവരികയായിരുന്നു അദ്ദേഹം. റഈസ് അൻസാരിയാണ് പിതാവ്. അംബിയാ ഖാത്തൂൻ മാതാവും. നിലവിൽ മൃതദേഹം ജുബൈൽ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെൽഫെയർ ജുബൈൽ ജനസേവന വിഭാഗം കൺവീനർ സലിം ആലപ്പുഴ അറിയിച്ചു.