ഇടിമിന്നലിനും ചാൻസ്! ബഹ്‌റൈനിൽ വെള്ളിയാഴ്ച വരെ ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത; മുന്നറിയിപ്പ് നൽകി അധികൃതർ
മനാമ: ബഹ്‌റൈന്റെ വിവിധ ഭാഗങ്ങളിൽ വരും ദിവസങ്ങളിലും ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. നിലവിലെ കാലാവസ്ഥാ സാഹചര്യങ്ങൾ കണക്കിലെടുത്ത് വെള്ളിയാഴ്ച വരെ രാജ്യത്ത് ജാഗ്രത തുടരണമെന്നാണ് അധികൃതരുടെ നിർദ്ദേശം.
ഗൾഫ് മേഖലയിലാകെ നിലനിൽക്കുന്ന ന്യൂനമർദ്ദത്തിന്റെ ഫലമായാണ് ബഹ്‌റൈനിലും കാലാവസ്ഥാ വ്യതിയാനം ഉണ്ടായിരിക്കുന്നത്. ഇടിമിന്നലോടു കൂടിയ കനത്ത മഴയ്ക്കൊപ്പം ശക്തമായ കാറ്റും വീശാൻ സാധ്യതയുണ്ട്. ചിലയിടങ്ങളിൽ കാറ്റിന്റെ വേഗത വർദ്ധിക്കാനും കടൽ പ്രക്ഷുബ്ധമാകാനും സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും കടൽയാത്രക്കാരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്.
മഴ കനക്കാൻ സാധ്യതയുള്ളതിനാൽ ആഭ്യന്തര മന്ത്രാലയവും സിവിൽ ഡിഫൻസും പൊതുജനങ്ങൾക്ക് കർശന നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്. റോഡുകളിൽ ദൂരക്കാഴ്ച കുറയാനും വെള്ളക്കെട്ടുകൾ രൂപപ്പെടാനും സാധ്യതയുള്ളതിനാൽ വാഹനങ്ങൾ ഓടിക്കുന്നവർ വേഗത കുറയ്ക്കുകയും സുരക്ഷിതമായ അകലം പാലിക്കുകയും വേണം.
താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം ഉയരാൻ സാധ്യതയുള്ളതിനാൽ അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണം.വൈദ്യുതി ഉപകരണങ്ങൾ: കനത്ത മഴയുള്ള സമയത്ത് പുറത്തുള്ള വൈദ്യുത പോസ്റ്റുകളിൽ നിന്നോ ബോക്സുകളിൽ നിന്നോ അകലം പാലിക്കാൻ ശ്രദ്ധിക്കണം.