ആരും..അറിയാതെ സ്ഫോടകവസ്തുക്കൾ നിർമ്മിച്ചു; പേടിപ്പെടുത്തി വൻ തോതിൽ ആയുധ ശേഖരവും; ഇവർ രാജ്യത്തിന് തന്നെ ഭീഷണി; സൗദിയിൽ രണ്ട് ഭീകരന്മാരെ വധശിക്ഷക്ക് വിധേയമാക്കി
റിയാദ്: രാജ്യത്തിന്റെ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയുയർത്തുന്ന അതീവ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ട രണ്ട് സൗദി പൗരന്മാരുടെ വധശിക്ഷ റിയാദിൽ നടപ്പാക്കി. മുസ്തഫ ബിൻ അലി ബിൻ സാലിഹ് അൽ സുബൈത്തി, അലി ബിൻ ഹസൻ ബിൻ അലി അൽ സുബൈത്തി എന്നിവരെയാണ് വ്യാഴാഴ്ച വധശിക്ഷയ്ക്ക് വിധേയരാക്കിയതെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
അന്താരാഷ്ട്ര ഭീകര സംഘടനകളിൽ ചേർന്ന് പ്രവർത്തിക്കുകയും രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ സജീവ പങ്കാളികളാവുകയും ചെയ്തു.നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെക്കുകയും ആക്രമണങ്ങൾക്കായി സ്‌ഫോടകവസ്തുക്കൾ നിർമ്മിക്കുകയും ചെയ്തു.
ഡ്യൂട്ടിയിലുണ്ടായിരുന്ന സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ട് വെടിയുതിർക്കുകയും അവരെ കൊലപ്പെടുത്തുകയും ചെയ്തു. സിവിലിയന്മാരെ തട്ടിക്കൊണ്ടുപോയി വധിച്ച കേസിലെ പ്രതികൾക്ക് സുരക്ഷിതമായ ഒളിത്താവളം ഒരുക്കുകയും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുകയും ചെയ്തു.
പ്രതികളെ പിടികൂടിയ ശേഷം സൗദി സ്പെഷ്യലൈസ്ഡ് ക്രിമിനൽ കോടതിയിലാണ് വിചാരണ നടത്തിയത്. പ്രതികൾക്കെതിരെയുള്ള കുറ്റങ്ങൾ സംശയാതീതമായി തെളിയിക്കപ്പെട്ടതിനെത്തുടർന്ന് വിചാരണ കോടതി ഇവർക്ക് വധശിക്ഷ വിധിച്ചു. തുടർന്ന് ഈ വിധി അപ്പീൽ കോടതിയും സുപ്രീം കോടതിയും വിശദമായി പരിശോധിക്കുകയും ശരിവെക്കുകയും ചെയ്തു. ഒടുവിൽ ശിക്ഷ നടപ്പാക്കുന്നതിനായി സൗദി ഭരണകൂടം രാജകീയ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. ഇസ്‌ലാമിക നിയമപ്രകാരമുള്ള കടുത്ത ശിക്ഷാനടപടിയാണ് ഇവർക്ക് നൽകിയത്.
രാജ്യത്തിന്റെ സുരക്ഷയ്ക്കും പൗരന്മാരുടെ ജീവനും ഭീഷണി ഉയർത്തുന്നവർക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടികൾ തുടരുമെന്ന് സൗദി ആഭ്യന്തര മന്ത്രാലയം ആവർത്തിച്ചു. ഭീകരവാദത്തോടും തീവ്രവാദത്തോടും രാജ്യം സ്വീകരിക്കുന്ന സീറോ ടോളറൻസ് നയത്തിന്റെ ഭാഗമാണ് ഇത്തരം ശിക്ഷാനടപടികൾ. നിയമം ലംഘിക്കുന്നവർക്കും അക്രമം പടർത്താൻ ശ്രമിക്കുന്നവർക്കും ഇസ്‌ലാമിക ശരീഅത്ത് നിയമപ്രകാരമുള്ള കടുത്ത ശിക്ഷ ഉറപ്പാക്കുമെന്നും മന്ത്രാലയം വ്യക്തമാക്കി.
കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനും രാജ്യത്തിന്റെ അഖണ്ഡത സംരക്ഷിക്കുന്നതിനും സൗദി സുരക്ഷാ ഏജൻസികൾ അതീവ ജാഗ്രതയിലാണ്. ഈ ശിക്ഷാനടപടി ഭീകരവാദ പ്രവർത്തനങ്ങൾക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പായാണ് വിലയിരുത്തപ്പെടുന്നത്.
