സൗദി അറേബ്യയിൽ നിരവധി പ്രവാസികളെ നാടുകടത്തുന്നു; എല്ലാം ഒരൊറ്റ കാരണം കൊണ്ട്; നടപടി ഇനിയും ശക്തമാക്കുമെന്ന് അധികൃതർ

Update: 2026-04-13 06:49 GMT

റിയാദ്: രാജ്യത്തെ നിയമങ്ങൾ ലംഘിച്ച് കഴിയുന്ന വിദേശികളെ കണ്ടെത്താനായി സൗദി അറേബ്യ നടത്തിവരുന്ന പരിശോധനകൾ ഊർജ്ജിതമായി തുടരുന്നു. വിവിധ സർക്കാർ ഏജൻസികളുടെ സഹകരണത്തോടെ ഒരാഴ്ചയ്ക്കിടെ നടത്തിയ രാജ്യവ്യാപക പരിശോധനയിൽ ആയിരക്കണക്കിന് നിയമലംഘകരാണ് പിടിയിലായത്.

ആവശ്യമായ യാത്രാ രേഖകൾ പൂർത്തിയാക്കിയ 7,392 വിദേശികളെയാണ് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സൗദി അറേബ്യയിൽ നിന്നും സ്വന്തം രാജ്യങ്ങളിലേക്ക് നാടുകടത്തിയത്.

ഒരാഴ്ചയ്ക്കിടെ വിവിധ ഭാഗങ്ങളിൽ നിന്നായി പതിനായിരത്തിലധികം പേർ വിവിധ നിയമലംഘനങ്ങളുടെ പേരിൽ അറസ്റ്റിലായിട്ടുണ്ട്. ഇതിൽ ഇഖാമ നിയമലംഘകർ, അതിർത്തി സുരക്ഷാ ചട്ടങ്ങൾ ലംഘിച്ചവർ, തൊഴിൽ നിയമം ലംഘിച്ചവർ എന്നിവർ ഉൾപ്പെടുന്നു.

രാജ്യത്തേക്ക് അനധികൃതമായി കടക്കാൻ ശ്രമിച്ച നൂറുകണക്കിന് ആളുകളെ അതിർത്തി സേന പിടികൂടി. ഇവരിൽ ഭൂരിഭാഗവും യമൻ, എത്യോപ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്.

നിയമലംഘകർക്ക് താമസസൗകര്യമോ ഗതാഗത സൗകര്യമോ ജോലി നൽകുകയോ ചെയ്യുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഇത്തരം കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് 15 വർഷം വരെ തടവും 10 ലക്ഷം റിയാൽ വരെ പിഴയും ശിക്ഷയായി ലഭിക്കാം.

നിലവിൽ അറസ്റ്റിലായ ബാക്കിയുള്ള നിയമലംഘകർക്കെതിരെ നാടുകടത്തൽ നടപടികൾ പുരോഗമിക്കുകയാണ്. മിക്കവർക്കും ഔട്ട്‌പാസ് ലഭിക്കുന്നതിനായി അതത് രാജ്യങ്ങളുടെ എംബസികളുമായി ബന്ധപ്പെട്ടുവരികയാണെന്ന് അധികൃതർ വ്യക്തമാക്കി.

നിയമവിരുദ്ധമായി രാജ്യത്ത് തുടരുന്നവർക്ക് ഇനിയും ഇളവുകൾ ഉണ്ടാകില്ലെന്നും സുരക്ഷാ പരിശോധനകൾ വരും ദിവസങ്ങളിലും തുടരുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

Tags:    

Similar News