110-ാം വയസ്സിലെ വിവാഹത്തിൽ ജനിച്ചത് പെൺകുഞ്ഞ്; ഹജ്ജ് കർമ്മം നിർവഹിച്ചത് 40 തവണ; മക്കളും പേരമക്കളും അവരുടെ കുട്ടികളുമായി 134 പേരടങ്ങുന്ന കുടുംബം; 142-ാം വയസിൽ ശൈഖ് നാസർ വിടവാങ്ങി
റിയാദ്: ആധുനിക സൗദി അറേബ്യയുടെ ചരിത്രത്തിനൊപ്പം സഞ്ചരിച്ച, രാജ്യത്തെ ഏറ്റവും പ്രായം കൂടിയ പൗരനായ ശൈഖ് നാസർ ബിൻ റദ്ദാൻ അൽ റഷീദ് അൽ വാദാഇ (142) അന്തരിച്ചു. റിയാദിൽ വാർദ്ധക്യസഹജമായ കാരണങ്ങളാലായിരുന്നു അന്ത്യം. 110-ാം വയസ്സിൽ വിവാഹിതനായി ഒരു പെൺകുഞ്ഞിന് ജന്മം നൽകി ലോകത്തെ അത്ഭുതപ്പെടുത്തിയ വ്യക്തിത്വമായിരുന്നു അദ്ദേഹം.
ആധുനിക സൗദിയുടെ സ്ഥാപകൻ അബ്ദുൽ അസീസ് രാജാവ് മുതൽ നിലവിലെ ഭരണാധികാരി സൽമാൻ രാജാവ് വരെയുള്ള എല്ലാ രാജാക്കന്മാരുടെയും ഭരണകാലഘട്ടത്തിന് ശൈഖ് നാസർ സാക്ഷ്യം വഹിച്ചു. 110-ാം വയസ്സിൽ നടന്ന അവസാന വിവാഹവും തുടർന്നുണ്ടായ പെൺകുഞ്ഞിന്റെ ജനനവും അക്കാലത്ത് വലിയ വാർത്തയായിരുന്നു. ഈ സംഭവം മെഡിക്കൽ ലോകത്തും അദ്ദേഹത്തിന്റെ ആരോഗ്യത്തെയും ജീവിതരീതികളെയും കുറിച്ച് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു.
ലളിതവും ഭക്തിനിർഭരവുമായ ജീവിതമായിരുന്നു ശൈഖ് നാസറിന്റേത്. തന്റെ ആയുസ്സിൽ 40 തവണ വിശുദ്ധ ഹജ്ജ് കർമ്മം നിർവ്വഹിച്ചു. മക്കളും പേരമക്കളും അവരുടെ കുട്ടികളുമായി 134 പേരടങ്ങുന്ന ഒരു വലിയ കുടുംബത്തിന്റെ നാഥനായിരുന്നു അദ്ദേഹം. മരുഭൂമിയായിരുന്ന സൗദി അറേബ്യ ഒരു അത്യാധുനിക രാഷ്ട്രമായി മാറിയതിന്റെ ഓരോ ഘട്ടത്തിനും അദ്ദേഹം നേരിൽ സാക്ഷിയായി. റിയാദിലെ പ്രധാന പള്ളിയിൽ നടന്ന വിലാപയാത്രയിലും പ്രാർത്ഥനയിലും സമൂഹത്തിന്റെ വിവിധ തുറകളിലുള്ള നിരവധി പ്രമുഖർ പങ്കെടുത്തു.